14 July 2025, 01:49 PM IST

Photo: instagram.com/onefootball/
ന്യൂജേഴ്‌സി (യുഎസ്എ): ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലിനു പിന്നാലെ മൈതാനത്ത് അനിഷ്ട സംഭവങ്ങള്‍. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി കിരീടം നേടിയതിനു പിന്നാലെയായിരുന്നു സംഭവം. ഫൈനല്‍ വിസിലിനു ശേഷം ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ മൈതാനത്ത് വാക്കേറ്റമുണ്ടാകുകയും പിന്നാലെ കയ്യാങ്കളിയിലെത്തുകയും ചെയ്തു.
സംഘര്‍ഷത്തിനിടെ പിഎസ്ജി പരിശീലകന്‍ ലൂയിസ് എന്റിക്വെ, ചെല്‍സി താരം ജാവോ പെഡ്രോയുടെ മുഖത്തടിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി. മത്സരത്തിലുടനീളം ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തിരുന്നു. ആറ് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പു കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നിരുന്നു. 85-ാം മിനിറ്റില്‍ പിഎസ്ജിയുടെ ജാവോ നെവസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു. ചെല്‍സി ഡിഫന്‍ഡര്‍ മാര്‍ക്ക് കുക്കുറെയ്യയുടെ മുടിയില്‍ പിടിച്ചുവലിച്ചതിനായിരുന്നു ഇത്. ഫൈനല്‍ വിസിലിനു ശേഷം ചെല്‍സി വിജയാഘോഷം തുടങ്ങിയതിനു പിന്നാലെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
പിഎസ്ജി താരങ്ങളായ ജിയാന്‍ലൂജി ഡൊണ്ണരുമയും അഷ്‌റഫ് ഹക്കീമിയും ചെല്‍സിയുടെ ആന്‍ഡ്രെ സാന്റോസിനെതിരേ തിരിയുന്നതാണ് ആദ്യം കണ്ടത്. ഇതോടെയാണ് ജാവോ പെഡ്രോ ഇതിനിടയിലേക്കെത്തുന്നത്. എന്നാല്‍ അപ്പോള്‍ സംഘര്‍ഷം നടക്കുന്നിടത്തേക്കെത്തിയ ലൂയിസ് എന്റിക്വെ, പെഡ്രോയുടെ കഴുത്തിന് പിടിക്കുകയും മുഖത്തടിച്ച ശേഷം പിടിച്ചുതള്ളുകയുമായിരുന്നു. ഇതോടെ പെഡ്രോ താഴെ വീണു.
താന്‍ ആന്‍ഡ്രെ സാന്റോസിനെ രക്ഷിക്കാന്‍ പോയതാണെന്നും പിന്നീട് സംഘര്‍ത്തില്‍പ്പെട്ടു പോയതാണെന്നുമാണ് സംഭവശേഷം ജാവോ പെഡ്രോ പ്രതികരിച്ചത്. ഒഴിവാക്കാവുന്ന സാഹചര്യമായിരുന്നു അതെന്ന് എന്റിക്വെയും പ്രതികരിച്ചു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കളിക്കാരെ പിടിച്ചുമാറ്റാന്‍ പോയതാണ് താനെന്നും തന്റെ ലക്ഷ്യവും ഉദ്ദേശവും അതായിരുന്നുവെന്നും എന്റിക്വെ വ്യക്തമാക്കി.
Content Highlights: Post-FIFA Club World Cup final, a brawl erupted betwixt Chelsea and PSG players








English (US) ·