ഫൈനലില്‍ യാനിക് സിന്നര്‍ വീണു, യുഎസ് ഓപ്പണിൽ കാർലോസ് അൽകാരസിന് വിജയം

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 08, 2025 03:16 AM IST Updated: September 08, 2025 03:40 AM IST

2 minute Read

TENNIS-USA-OPEN
കാർലോസ് അൽകാരസ് ട്രോഫിയുമായി. Photo: CHARLY TRIBALLEAU / AFP

ന്യൂയോർക്ക്∙ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനു വിജയം. ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യനും ഒന്നാം നമ്പർ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അൽകാരസ് തോൽപിച്ചത്. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അൽകാരസ് സീസണിലെ രണ്ടാം ഗ്രാൻഡ്സ്‍ലാം കിരീടം വിജയിച്ചത്. സ്കോര്‍ 2–6, 6–3, 1–6,4–6. താരത്തിന്റെ കരിയറിലെ ആറാം ഗ്രാൻഡ്സ്‍ലാം വിജയം കൂടിയാണിത്.

മത്സരത്തിന്റെ ആദ്യ ഗെയിം മുതൽ തന്നെ സ്പാനിഷ് താരം അൽകാരസ് മേധാവിത്വം ആരംഭിച്ചിരുന്നു. ആദ്യ സെറ്റിൽ അൽകാരസ് 1–3ന് മുന്നിലെത്തിയിരുന്നു. ഇടയ്ക്ക് സിന്നർ 2–3 എന്ന നിലയിൽ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല. അൽകാരസ് തുടർച്ചയായി സമ്മർദം ചെലുത്തിയതോടെ ഇറ്റാലിയൻ താരം പതറി. 2–5ന് അല്‍കാരസ് മുന്നിലെത്തിയതോടെ സിന്നർ ആദ്യ സെറ്റ് ഏറക്കുറെ കൈവിട്ട അവസ്ഥയിലായി. 39 മിനിറ്റ് നീണ്ട ആദ്യ സെറ്റ് അൽകാരസ് 2–6ന് സ്വന്തമാക്കി.

എന്നാൽ രണ്ടാം സെറ്റിൽ കളി മാറി. തുടക്കം മുതല്‍ പോയിന്റ് സ്വന്തമാക്കിയ സിന്നർ അൽകാരസിന് കടുത്ത വെല്ലുവിളിയുയർത്തി. 4–1ന് ലോക ഒന്നാം നമ്പർ താരം സിന്നർ മുന്നിലെത്തിയതോടെ, സെന്റർ കോർട്ടിലെ പോരാട്ടത്തിനു ചൂടേറി. ഒടുവിൽ രണ്ടാം സെറ്റ് 6–3ന് സിന്നർ‍ വിജയിച്ചു. ടൂർണമെന്റിൽ അൽകാരസ് കൈവിടുന്ന ആദ്യ സെറ്റ് കൂടിയാണിത്. ആദ്യ റൗണ്ട് മുതൽ ഫൈനൽ വരെ മൂന്നു സെറ്റുകളും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരുന്ന അൽകാരസിന് ഫൈനലിൽ നിലവിലെ ചാംപ്യനെതിരെ രണ്ടാം സെറ്റിൽ കാലിടറി.

മൂന്നാം സെറ്റിന്റെ തുടക്കം മുതല്‍ അൽകാരസിന് അനുകൂലമായിരുന്നു കാര്യങ്ങൾ. സ്പാനിഷ് താരം 0–5ന് മുന്നിലെത്തി. ഒടുവില്‍ 1–6ന് സെറ്റ് അൽകാരസ് വിജയിച്ചു. മൂന്നാം സെറ്റ് പിടിച്ചെടുക്കാൻ സ്പാനിഷ് താരത്തിന് വെറും 29 മിനിറ്റ് മാത്രമാണു വേണ്ടിവന്നത്. സീസണിലെ രണ്ടാം ഗ്രാൻഡ്‍സ്‍ലാം വിജയത്തിന് ഒരു സെറ്റ് കൂടി മതിയെന്നിരിക്കെ നാലാം സെറ്റിൽ‌ 0–1ന് മുന്നിലെത്താൻ അൽകാരസിനു സാധിച്ചു. എന്നാല്‍ നാലാം സെറ്റിലെ പോരാട്ടം 2–2 എന്ന നിലയിലാക്കി സിന്നറും തിരിച്ചടിച്ചു. വൈകാതെ അല്‍കാരസ് മേൽക്കൈ തിരിച്ചുപിടിച്ചു. 4–6ന് നാലാം സെറ്റ് സ്വന്തമാക്കി അൽകാരസ്, നിലവിലെ ചാംപ്യനെ തോൽപിച്ച് സീസണിലെ രണ്ടാം ഗ്രാൻഡ്സ്‍ലാം കിരീടം വിജയിച്ചു.

യുഎസ് ഓപ്പണില്‍ താരത്തിന്റെ രണ്ടാം വിജയമാണിത്. 2022 ല്‍ നോർവേയുടെ കാസ്പർ റൂഡിനെ തോൽപിച്ചാണ് കാർലോസ് അല്‍കാരസ് യുഎസ് ഓപ്പണിലെ ആദ്യ കിരീടം സ്വന്തമാക്കുന്നത്. 6–4,2–6,7–6(7–1),6–3 എന്ന സ്കോറിനായിരുന്നു അല്‍കാരസിന്റെ അന്നത്തെ വിജയം. 2022ൽ ക്വാർട്ടറിൽ സിന്നറിനെ തോൽപിച്ചായിരുന്നു അൽകാരസിന്റെ സെമി ഫൈനൽ പ്രവേശം.

ഈ വർഷം ഇതു മൂന്നാം തവണയാണ് ഗ്രാൻഡ്സ്‍ലാം ഫൈനലിൽ അൽകാരസും സിന്നറും നേർക്കുനേർ വരുന്നത്. ഒരു സിംഗിൾ സീസണിലെ മൂന്ന് ഗ്രാൻഡ്‍‍സ്‍ലാം ഫൈനലുകളിൽ ഒരേ പുരുഷ താരങ്ങൾ നേർക്കുനേർ വരുന്നത് ടെന്നിസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസും വിമ്പിൾ‍ഡനിൽ സിന്നറും പരസ്പരം പോരാടി വിജയിച്ചു. ഫ്രഞ്ച് ഓപ്പണിലെ ഇരുവരുടേയും പോരാട്ടം അഞ്ച് മണിക്കൂർ 29 മിനിറ്റാണു നീണ്ടത്. ഫ്രഞ്ച് ഓപ്പണിലെ ദൈർഘ്യമേറിയ ഫൈനലും ഇതു തന്നെ. യുഎസ് ഓപ്പണിലെ വിജയത്തോടെ സീസണിൽ സിന്നറും അൽകാരസും രണ്ടു ഗ്രാൻഡ്സ്‍ലാമുകൾ വീതം വിജയിച്ചു.

English Summary:

US Open Final, Jannik Sinner vs Carlos Alcaraz Match Updates

Read Entire Article