ദുബായ് ∙ 18 ദിവസം മുൻപ് ആരംഭിച്ച ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇതുവരെ പല ടീമുകളുടെയും താരങ്ങളുടെയും കണക്കൂട്ടലുകൾ പിഴച്ചിട്ടുണ്ട്. എന്നാൽ ടൂർണമെന്റിന്റെ ഫിക്സ്ചർ തയാറാക്കുമ്പോൾ സംഘാടകരായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മനസ്സിൽ കണ്ടതാണ് നാളെ മൈതാനത്ത് നടപ്പാകുന്നത്; ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന ഫൈനൽ! 41 വർഷം പഴക്കമുള്ള ടൂർണമെന്റിന്റെ ചരിത്രത്തിലെ ആദ്യ ക്ലാസിക് ഫൈനൽ. ഇന്ത്യ ഏഷ്യാകപ്പിലെ ഒൻപതാം കിരീടം ലക്ഷ്യമിടുമ്പോൾ പാക്കിസ്ഥാൻ മുൻപ് 2 തവണ ജേതാക്കളായിരുന്നു. ദുബായിൽ നാളെ രാത്രി 8 മുതലാണ് മത്സരം.
ഹാട്രിക് തേടി ഇന്ത്യടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിൽ 7 വിക്കറ്റിനും സൂപ്പർ ഫോറിൽ 6 വിക്കറ്റിനും പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടിയ ഇന്ത്യൻ ടീം ആത്മവിശ്വാസത്തിൽ ബഹുദൂരം മുന്നിലാണ്. എന്നാൽ മേജർ ക്രിക്കറ്റ് ടൂർണമെന്റുകളുടെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെയുള്ള നേരിയ മുൻതൂക്കം പാക്കിസ്ഥാനു പ്രതീക്ഷയാണ്.
1985ലെ ബെൻസൻ ആൻഡ് ഹെഡ്‌ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ് മുതൽ ഇരു ടീമുകളും ഏറ്റുമുട്ടിയത് 5 മേജർ ഫൈനലുകളിൽ. അതിൽ പാക്കിസ്ഥാൻ 3 മത്സരവും ഇന്ത്യ 2 മത്സരവും ജയിച്ചു. പാക്കിസ്ഥാൻ വിജയിച്ച 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലായിരുന്നു അവസാനത്തേത്. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലായിരുന്നു ഇന്ത്യയുടെ ഒടുവിലത്തെ വിജയം.
പാക്ക് ടീം തിരിച്ചുവരും: മൈക്ക് ഹെസ്സൻകഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവികൾ മറന്ന് നാളത്തെ ഫൈനലിൽ പാക്ക് ടീം തിരിച്ചുവരുമെന്ന് പാക്കിസ്ഥാൻ ടീമിന്റെ ചീഫ് കോച്ച് മൈക്ക് ഹെസ്സൻ. സൂപ്പർ ഫോറിലെ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച വെല്ലുവിളിയുയർത്താൻ ഞങ്ങൾക്കു സാധിച്ചു. അഭിഷേക് ശർമയുടെ ഇന്നിങ്സ് മാത്രമാണ് ഇരു ടീമുകൾക്കുമിടയിൽ വേറിട്ടുനിന്നത്.
ഫൈനലിൽ കളിക്കാൻ ശരിക്കും അർഹതയുള്ള ടീമാണ് തങ്ങളെന്ന് പാക്കിസ്ഥാൻ തെളിയിച്ചു. പുറത്തുള്ള വിവാദങ്ങളെക്കുറിച്ച് ആലോചിക്കാതെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീമംഗങ്ങൾക്കു നൽകുന്ന നിർദേശം– മൈക്ക് ഹെസ്സൻ പറഞ്ഞു.
സൂര്യകുമാറിനും ഹാരിസ് റൗഫിനും പിഴശിക്ഷ; ഐസിസി വിധിക്കെതിരെ ഇന്ത്യ അപ്പീലിന് ദുബായ് ∙ ഏഷ്യാകപ്പ് മത്സരത്തിനിടെ ഇന്ത്യൻ കളിക്കാരോട് മോശമായി പെരുമാറിയതിന് പാക്ക് ബോളർ മുഹമ്മദ് റൗഫിനും ഇന്ത്യ – പാക്കിസ്ഥാൻ സൈനിക നടപടിയുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പിഴശിക്ഷ വിധിച്ചു.
ഇരുവരും മാച്ച് ഫീയുടെ 30% പിഴയായി നൽകണമെന്നാണ് വിധി. ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്സൻ ഇവരുടെ ഭാഗം കേട്ടശേഷമാണ് ശിക്ഷ വിധിച്ചത്. എന്നാൽ ഐസിസി വിധിക്കെതിരെ അപ്പീൽ നൽകാൻ ഇന്ത്യ തീരുമാനിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. അർധ സെഞ്ചറി നേടിയശേഷം ബാറ്റ് തോക്കുപോലെ പിടിച്ച് വെടിവയ്പ് ആംഗ്യം കാട്ടിയ പാക്ക് ഓപ്പണിങ് ബാറ്റർ സാഹിബ്സാദ ഫർഹാനു ഐസിസി താക്കീതു നൽകി. വിമാനം വീഴുന്നതിന്റെ ആംഗ്യം കാണിച്ച് വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് റൗഫിനും താക്കീതു നൽകി.
English Summary:








English (US) ·