11 August 2025, 07:48 PM IST

കോലിയും എബിഡി വില്ല്യേഴ്സും | AP, ഛത്തീസ്ഗഢ് സ്വദേശി | X.com/@GemsOfCricket
ഛത്തീസ്ഗഢ്: കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു സ്വപ്‌നലോകത്ത് എത്തിയ പ്രതീതിയാണ് ഛത്തീസ്ഗഢ് സ്വദേശി മനീഷ് ബിസിയുടെത്. കാരണം മറ്റൊന്നുമല്ല. മനീഷിന്റെ ഫോണിലേക്ക് വിളിക്കുന്നത് സൂപ്പർ താരങ്ങളാണ്. കോലിയും എ ബി ഡി വില്ല്യേഴ്‌സുമടക്കമുള്ള ലോകോത്തര താരങ്ങൾ തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് ആശ്ചര്യപ്പെട്ട യുവാവിന് പിന്നീടാണ് കാര്യം മനസിലായത്.
ഒരു പുതിയ സിം കാർഡ് എടുത്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. മനീഷ് എടുത്ത സിം കാർഡ് നമ്പർ ആകട്ടെ മുമ്പ് ക്രിക്കറ്റ് താരം രജത് പാട്ടിദാർ ഉപയോഗിച്ചതാണ്. സിം കാർഡ് ഇട്ട് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ പ്രൊഫൈലിൽ ആർസിബി നായകന്റെ പ്രൊഫൈൽ ചിത്രം. പിന്നാലെ കോളുകളും. ആദ്യം ഇത് കൂട്ടുകാരുടെ പ്രാങ്ക് കോളുകളാണെന്നാണ് കരുതിയത്. പാട്ടിദാർ തന്നെ വിളിച്ചപ്പോഴും യുവാവ് ഇത് പൂർണമായും വിശ്വസിച്ചില്ല. എന്നാൽ പിന്നാലെ പോലീസെത്തിയതോടെ യുവാവിന് കാര്യം മനസിലായി.
90 ദിവസം സിം ഉപയോഗിക്കാതിരുന്നതിനാലാണ് ടെലികോം നയമനുസരിച്ച് സിം ഡീആക്ടിവേറ്റ് ചെയ്യുകയും അത് പുതിയ ഉപയോക്താവിന് നൽകുകയും ചെയ്തത്. അങ്ങനെയാണ് പാട്ടിദാറിന്റെ നമ്പറുള്ള സിം മനീഷിന്റെ കയ്യിലെത്തുന്നത്.
രജത് പാട്ടിദാറുമായി ബന്ധമുള്ള ക്രിക്കറ്റ് താരങ്ങളിൽ നിന്ന് മനീഷിന് കോളുകൾ വന്നിരുന്നു. നമ്പർ മറ്റൊരാൾക്ക് നൽകിയതായും അത് തിരികെ വേണമെന്നും പാട്ടിദാർ മധ്യപ്രദേശ് സൈബർ സെല്ലിനോട് ആവശ്യപ്പെട്ടതായി ഗാരിയബന്ദ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നേഹ സിൻഹ പറഞ്ഞു. ഇതിൽ നിയമപരമായ പ്രശ്‌നങ്ങളോ ആരുടെയും ഭാഗത്ത് തെറ്റോ ഉണ്ടായിരുന്നില്ല. ഇത് സാധാരണ ടെലികോം നടപടിക്രമങ്ങളുടെ ഫലം മാത്രമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മനീഷിനൊപ്പം സുഹൃത്തായ ഖേംരാജും സൂപ്പർതാരങ്ങളോട് സംസാരിച്ചിരുന്നു. ഒരു ദിവസം വിരാട് കോലിയോട് സംസാരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എബി ഡി വില്ല്യേഴ്‌സ് വിളിച്ചപ്പോൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഞങ്ങൾക്ക് ഒരു വാക്കുപോലും മനസ്സിലായില്ല. പക്ഷേ ഞങ്ങൾ വളരെ ആവേശത്തിലായിരുന്നു. മനീഷിന് കോളുകൾ വരുമ്പോൾ, അവൻ ഫോൺ എനിക്ക് കൈമാറുമായിരുന്നു. എന്തിനാണ് പാട്ടിദാറിൻ്റെ നമ്പർ ഉപയോഗിക്കുന്നതെന്ന് ഞങ്ങളോട് വിരാട് കോലിയും യാഷ് ദയാലും ചോദിച്ചു. ഞങ്ങൾ പുതിയ സിം വാങ്ങിയതാണെന്നും ഇത് ഞങ്ങളുടെ നമ്പറാണെന്നും ഞങ്ങൾ അവരോട് വിശദീകരിച്ചെന്നും ഖേംരാജ് പറഞ്ഞു. പിന്നീട് മനീഷിന്റെ സമ്മതത്തോടെ സിം പാട്ടിദാറിന് കൈമാറിയതായി പോലീസ് അറിയിച്ചു.
Content Highlights: Chhattisgarh Villager Rajat Patidar sim paper kohli ab de call








English (US) ·