Published: October 09, 2025 02:36 PM IST
1 minute Read
-
പെപ്രയുടെ ഒഴിവിലേക്ക് പോർച്ചുഗലിൽനിന്ന് തിയേഗോ ആൽവസ്
കൊച്ചി ∙ ഗോവയിൽ 25 ന് ആരംഭിക്കുന്ന സൂപ്പർ കപ്പ് ഫുട്ബോളിനു മുൻപേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിദേശ താരങ്ങളുടെ റിക്രൂട്മെന്റ് പൂർത്തിയാക്കി. ടീം വിട്ട ഡിഫൻഡർ മിലോസ് ഡ്രിൻസിച്ചിനു പകരക്കാരനായി സ്പാനിഷ് സെന്റർ ബാക്ക് യുവാൻ റോഡ്രിഗസ് (30) ടീമിലെത്തും. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ അദ്ദേഹവുമായി ടീം കരാർ ഒപ്പു വച്ചതായാണു വിവരം.
ക്വാമെ പെപ്രയുടെ ഒഴിവിൽ പോർച്ചുഗീസ് ഫോർവേഡ് തിയേഗോ ആൽവസ് (29) കളിക്കുമെന്നു ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് ആൽവസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുന്നേറ്റ നിരയിലെ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള ആൽവസിന്റെ വരവ് ബ്ലാസ്റ്റേഴ്സ് ആക്രമണം ശക്തമാക്കുമെന്നാണു കോച്ച് ദവീദ് കറ്റാലയുടെ പ്രതീക്ഷ. ഇടതു വിങ്ങറായും സെന്റർ ഫോർവേഡായും അറ്റാക്കിങ് മിഡ്ഫീൽഡറായും ആൽവസിനു കളിക്കാനാകും.
ഐഎസ്എൽ അനിശ്ചിതത്വത്തിനിടെ, കേരള ബ്ലാസ്റ്റേഴ്സ് വിട്ട സ്പാനിഷ് സ്ട്രൈക്കർ ഹെസൂസ് ഹിമനെയ്ക്കു പകരം സ്പാനിഷ് സെൻട്രൽ ഫോർവേഡ് കോൾദോ ഒബെയ്റ്റ ഓൾബിയർദീയുമായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞയാഴ്ച കരാറിൽ എത്തിയിരുന്നു. പെപ്രെയ്ക്കും ഡ്രിൻസിച്ചിനും കൂടി പകരക്കാർ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ വിദേശ റിക്രൂട്‌മെന്റ് പൂർത്തിയായെന്നാണു സൂചന. ഇനി, അത്യാവശ്യമെങ്കിൽ മാത്രമേ പുതിയ വിദേശ താരത്തെ ടീമിലെത്തിക്കാൻ സാധ്യതയുള്ളൂ. ക്യാപ്റ്റൻ അഡ്രിയൻ ലൂണയും വിങ്ങർ നോവ സദൂയിയും സെന്റർ ബാക്ക് കം ഡിഫൻസീവ് മിഡ്ഫീൽഡർ ദുഷാൻ ലഗാതോറുമാണു ടീമിലെ മറ്റു വിദേശ താരങ്ങൾ.
സൂപ്പർ കപ്പിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ക്യാംപ് കഴിഞ്ഞ ദിവസം ഗോവയിൽ ആരംഭിച്ചിരുന്നു. വിദേശ താരങ്ങളെല്ലാം ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ലൂണ ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ സൂപ്പർ കപ്പിൽ കളിക്കുമെന്നാണു വിവരം.
English Summary:








English (US) ·