2023ൽ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി മക്‌ലാരന്റെ കോക്പിറ്റിൽ ആദ്യമായി ഇരുന്നപ്പോൾ സഹതാരം ബ്രിട്ടന്റെ ലാൻഡോ നോറിസിന്റെ കൈവശം 3 വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു! 2019ൽ ടീമിലെത്തിയ നോറിസ്, സീനിയോരിറ്റിയുടെ ജാട കാട്ടിയില്ല. ഇരുവരുടെയും ഫ്രൻഡ്ഷിപ് കഴിഞ്ഞ സീസണിൽ ഫോർമുല വൺ കാറോട്ടമത്സരത്തിലെ കൺസ്ട്രക്ടേഴ്സ് ചാംപ്യൻഷിപ് ട്രോഫി മക്‌ലാരന്റെ കാബിനിലെത്തിച്ചു.
ഈ സീസണിൽ ടീം ഇനത്തിൽ മക്‌ലാരന് എതിരാളികളില്ല. ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിനായി പോരാടുന്നത് തങ്ങളുടെ രണ്ട് താരങ്ങൾ തന്നെ. ഇത് ഇരുവരുടെയും ഫ്രൻഡ്ഷിപ്പിനെ ബാധിക്കുമോ എന്നതാണ് ഇന്ന് ലോക സൗഹൃദ ദിനത്തിൽ നടക്കുന്ന ഹംഗേറിയൻ ഗ്രാൻപ്രിയിൽ മക്‌ലാരന്റെ ടെൻഷൻ!
കനേഡിയൻ ക്രാഷ്
ഈ സീസണിൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 266 പോയിന്റുമായി പിയാസ്ട്രി മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ലാൻഡോ നോറിസ് 16 പോയിന്റ് മാത്രം അകലെ (250 പോയിന്റ്). റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പന് 185 പോയിന്റ് മാത്രമാണുള്ളത്. മികച്ച കാറിന്റെ മുൻതൂക്കം കൂടി കണക്കിലെടുത്ത് മക്‌ലാരൻ താരങ്ങളിൽ ഒരാൾ ഇത്തവണ കിരീടം ഉറപ്പിക്കാൻ സാധ്യതയേറെ.
ഓരോ പോയിന്റും നിർണായകമായതോടെ ഇരുവരും തമ്മിലുള്ള മത്സരവും മുറുകി. കനേഡിയൻ ഗ്രാൻപ്രിയിൽ നോറിസും പിയാസ്ട്രിയും തമ്മിൽ കൂട്ടിയിടിച്ചതോടെ എഫ് വൺ ട്രാക്കിൽ ഈ സുഹൃത്തുക്കൾ തമ്മിലുള്ള പോര് മുറുകി.
∙ ലാൻഡോ നോറിസ് 8–ാം വയസ്സിൽ കാർട് റേസിങ്ങിലൂടെ ട്രാക്കിലെത്തി. മക്‌ലാരൻ യങ് ഡ്രൈവർ പ്രോഗ്രാമിലൂടെ സീനിയർ ടീമിലെത്തി.
∙ റോബട്ടിക് കാർ റേസിങ്ങിലൂടെയാണ് ഓസ്കർ പിയാസ്ട്രിയുടെ കരിയർ തുടങ്ങുന്നത്. 10–ാം വയസ്സിൽ കാർട് റേസിങ് താരമായി. ഫോർമുല 3, ഫോർമുല 2 ചാംപ്യൻഷിപ് നേടിയതോടെ ഫോർമുല വൺ താരമായി.
∙ ഇരുവരും ഒരുമിച്ചുള്ള 3–ാം സീസൺ. 2023ൽ ലാൻഡോ നോറിസ് 6–ാം സ്ഥാനത്തും ഓസ്കർ പിയാസ്ട്രി 9–ാം സ്ഥാനത്തുമായിരുന്നു. കഴിഞ്ഞ സീസണിൽ നോറിസ് 2–ാമത് എത്തിയപ്പോൾ പിയാസ്ട്രി 4–ാം സ്ഥാനം നേടി.
∙ 3 സീസണുകളിലായി ഇരുവരും 59 ഗ്രാൻപ്രികളിൽ ഒരുമിച്ച് മത്സരിച്ചു. നോറിസ് 822 പോയിന്റും പിയാസ്ട്രി 654 പോയിന്റും ആകെ നേടി. ഇരുവരും 8 ഗ്രാൻപ്രികൾ വീതം വിജയിച്ചു.
ലാൻഡോ നോറിസ്:
ക്വാളിഫയിങ് റൗണ്ടുകളിലെ മികവ് റേസിങ്ങിൽ മികച്ച സാധ്യത നൽകുന്നു. കോർണറുകളിൽ വൈകി ബ്രേക്ക് ചെയ്ത് ഔട്ടർ റിങ്ങിലൂടെ അനായാസം (V Shape corner) മികച്ച സ്പീഡിൽ കുതിപ്പ്. പക്ഷേ ഈ സ്കിൽ ടയർ തേയ്മാനം വർധിപ്പിക്കുന്നു. മക്‌ലാരന്റെ മോശം കാറായ 2022ലെ വണ്ടി (MCL36) ഓടിച്ചുള്ള പരിചയം മോശം സാഹചര്യത്തിലും മികവ് പുറത്തെടുക്കാൻ സഹായിക്കുന്നു. സമ്മർദം കൂടുമ്പോൾ തെറ്റ് പതിവായി ആവർത്തിക്കുന്നു.
ഓസ്കർ പിയാസ്ട്രി:
ഏത് സമ്മർദവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന കൂൾ ഡ്രൈവർ. പിതാവിന്റെ മെക്കാനിക് ഷോപ്പുമായുള്ള ബന്ധം ടെക്നിക്കൽ സ്കിൽ ഉറപ്പാക്കുന്നു. ആരെയും പേടിയില്ലാത്ത അറ്റാക്കിങ് ഡ്രൈവിങ്. ടയർ തേയ്മാനം വളരെ കുറച്ചുള്ള ഡ്രൈവിങ്. എന്നാൽ പേസ് കുറയാതിരിക്കാനും കൂടുതൽ ശ്രദ്ധ. എതിരാളികളുടെ കുറവ് പഠിച്ച് അവരെ ആക്രമിക്കുന്നതാണ് പ്രധാന ശൈലി. കാറിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും ചെറിയ പ്രശ്നം വന്നാൽ അത് നേരിടാനാവുന്നില്ല. ക്വാളിഫയിങ് റൗണ്ടിൽ മുഴുവൻ പേസും ഉപയോഗിക്കുന്നില്ല.
English Summary:








English (US) ·