Published: October 10, 2025 02:52 PM IST
1 minute Read
തിരുവനന്തപുരം∙ ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ വെള്ളിയാഴ്ച ഫോർസ കൊച്ചിയെ നേരിടുമ്പോൾ, തങ്ങളുടെ ഹോം ടീമായ തിരുവനന്തപുരം കൊമ്പൻസിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം. കണ്ണൂർ വാരിയേഴ്‌സിനോടേറ്റ കനത്ത തോൽവിക്ക് ശേഷം, ശക്തമായൊരു തിരിച്ചു വരവാണ് കൊമ്പൻസ് ലക്ഷ്യമിടുന്നത്. സീസണിലെ ആദ്യ മത്സരം കൊമ്പൻസിനും കൊച്ചിക്കും അനുകൂലമായിരുന്നില്ല. വിജയവഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകൾക്കും ഈ മത്സരം നിർണായകമാണ്.
ഉദ്ഘാടന മത്സരത്തിലെ അപ്രതീക്ഷിത തോൽവി ആരാധകരെ പൂർണ്ണമായും നിരാശരാക്കിയിട്ടില്ല. താരങ്ങളുടെ മികച്ച പ്രകടനം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. റൊണാൾഡിന്റെ നിരന്തരമായ ആക്രമണങ്ങൾ കണ്ണൂരിനെ വിറപ്പിച്ചു. പ്രതിരോധത്തിൽ അബ്ദുൾ ബാദിഷ് പാറപോലെ ഉറച്ചുനിന്നു. ആദ്യ പകുതിയിൽ ആരാധകർ നിരാശയിലായിരുന്നെങ്കിലും, രണ്ടാം പകുതി പ്രതീക്ഷ നൽകുന്നതായിരുന്നു. ഔട്ടെമർ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ സ്റ്റേഡിയം ആർപ്പുവിളികളാൽ മുഖരിതമായി. തിരുവനന്തപുരത്തിൻ്റെ സ്വന്തം വിക്കി മരിയയുടെ മാന്ത്രിക ഫ്രീകിക്ക് ഗോളായപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി.
മറുവശത്ത്, തങ്ങളുടെ ആദ്യ മത്സരത്തിൽ കോഴിക്കോട് എഫ്‌സിയോട് 2-1ന് തോറ്റ ഫോർസ കൊച്ചി, ഈ മത്സരത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. ഡഗ്ലസ് ടാർഡിൻ ഗോൾ പട്ടികയിൽ ഇടം പിടിച്ചത് അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. എണ്ണായിരത്തോളം കാണികളാണ് ആദ്യമത്സരത്തിൽ കൊമ്പൻസിനായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. 2-3 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. തിരിച്ചുവരവുകൾ പുത്തിരിയല്ലാത്ത കൊമ്പൻസിന് ആർപ്പുവിളികളുമായി വെള്ളിയാഴ്ചയും സ്റ്റേഡിയും മുഴങ്ങും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ കളിയിലെ ചെറിയ പോരായ്മകൾ തിരുത്തി വിജയത്തിനായി പോരാടുമെന്നു കൊമ്പൻസ് ക്യാപ്റ്റൻ പാട്രിക് മോട്ട അറിയിച്ചു.
പിങ്ക് ജേഴ്‌സിയിൽ കൊമ്പൻസ്സ്തനാർബുദ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കൊമ്പൻസ് പിങ്ക് ജേഴ്‌സി അണിഞ്ഞാകും കളത്തിലിറങ്ങുക. സൂപ്പർ ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയും കോ-സ്പോൺസറുമായ കിംസ്ഹെൽത്ത്, രണ്ട് പ്രധാന ആരോഗ്യ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കിംസ് കാൻസർ സെന്റർ 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ സൗജന്യമായി മാമോഗ്രാം സ്ക്രീനിംഗ് നൽകും. കൂടാതെ, ഗർഭാശയ കാൻസർ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കിംസിന്റെ സിഎസ്ആർ വിഭാഗം ഷീൽഡ് (HPV) വാക്സിനേഷൻ ഡ്രൈവിനും നേതൃത്വം നൽകും.
സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സി– തൃശൂർ മാജിക് എഫ്സി പോരാട്ടം നേരിട്ടു കാണാം.
English Summary:








English (US) ·