.jpg?%24p=5cdf350&f=16x10&w=852&q=0.8)
ദിയ കൃഷ്ണകുമാർ, 'ഒ ബൈ ഓസി'യിലെ ജീവനക്കാരി
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി അവരുടെ 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാർ രംഗത്ത്. തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് അവര്‍ ആരോപിക്കുന്നത്. സ്വന്തം വിലാസമോ മൊബൈൽ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു.
നേരത്തെ, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച നടന്‍ കൃഷ്ണകുമാര്‍ തന്റെ പക്കല്‍ തെളിവുകളെന്നും അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ദിയയ്‌ക്കെതിരെ ആരോപണവുമായി ആഭരണക്കടയിലെ ജീവനക്കാര്‍ രംഗത്തെത്തിയത്.
ജീവനക്കാരുടെ വാക്കുകള്‍ ഇങ്ങനെ: 'കസ്റ്റമേഴ്‌സിന്റെ പേയ്‌മെന്റ് സ്വന്തം അക്കൗണ്ടിൽ വാങ്ങിച്ചാൽ മതിയെന്നാണ് ദിയ പറഞ്ഞിരുന്നത്. ബാങ്കിൽ നിന്ന് പ്രശ്‌നങ്ങളുള്ളതിനാൽ അവർ വരുമ്പോൾ പണമായിട്ട് നൽകിയാൽ മതിയെന്നാണ് അവർ പറഞ്ഞത്. പിന്നെ കുറേ നാളുകൾക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ദിയ പറഞ്ഞു.
പലപ്പോഴും ദിയ ഷോപ്പിൽ വരാറില്ല. പാർട്ട് ടൈം എന്ന് പറഞ്ഞ് വിളിച്ച ജോലി ഓവർ ടൈം ആയതോടെ മാറണമെന്ന് വിചാരിച്ചിരുന്നു, ഡെലിവറി കഴിയുന്ന വരെ കാത്തിരിക്കണമെന്നായിരുന്നു അന്ന് ദിയ പറഞ്ഞത്. എന്ത് പറഞ്ഞാലും അടിച്ചമർത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. മറ്റ് ആളുകളുടെ അടുത്ത് നമ്മളെപ്പറ്റി കുറ്റം പറയുകയും താരതമ്യം ചെയ്യാനും തുടങ്ങി. ഇതോടെ, ജോലിക്ക് വരേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു.
ഇതിന് പിന്നാലെ നിങ്ങളുടെ അക്കൗണ്ടിൽ പേയ്‌മെന്റ് വാങ്ങിയതിന്റെ സ്‌ക്രീൻഷോട്ട് കസ്റ്റമറിൽ നിന്ന് വാങ്ങി മോഷണത്തിന് കേസ് നൽകുമെന്ന് ദിയ പറഞ്ഞു. ഇതിന്റെ സ്‌ക്രീൻഷോട്ട് എന്റെ കയ്യിലുണ്ട്. 29-ാം തീയതി രാത്രി ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. രാത്രി തുടങ്ങിയ ഫോൺ കോളുകൾ പുലർച്ചെ നാല് വരെ തുടർന്നു. ഞങ്ങൾ മൂന്ന് പേരെയും ചീത്ത വിളിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് ഞങ്ങളുടെ അടുത്ത് ഉണ്ട്.
ഞങ്ങൾ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാൻ സാധിക്കാതെ പോയതെന്ന് ദിയ പറഞ്ഞു. നിങ്ങൾക്ക് എതിരേ പരാതി നൽകണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ ഫ്‌ലാറ്റിൽ കൊണ്ട് തരാൻ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ സ്റ്റാറ്റസ് ഇടാൻ ദിയ ആരംഭിച്ചിരുന്നു. എന്റെ ഭർത്താവിനെതിരേ കള്ളക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് വന്ന നഷ്ടത്തിന് പണം തന്നാൽ നിങ്ങളെ തിരികെവിടാമെന്ന് പറഞ്ഞു. ഷോപ്പിലുള്ള എല്ലാ അന്താരാഷ്ട്ര ഓർഡറുകളും ഞങ്ങളുടെ വിലാസം ഉപയോഗിച്ചായിരുന്നു അയച്ചത്. എല്ലാത്തിനും നമ്മുടെ വിലാസമായിരുന്നു ഉപയോഗിച്ചത്. ദിയയുടെ വിലാസമോ ഫോൺ നമ്പറോ എവിടേയും ഉപയോഗിക്കില്ല.
രാവിലെ പത്തിന് ഫ്ലാറ്റിൽ എത്താനായിരുന്നു ദിയ പറഞ്ഞത്. അവിടെ നിന്ന് ഞങ്ങൾ എത്തിയതിന് ശേഷം ഞങ്ങളുടെ അടുത്ത് നിന്ന് പണം വാങ്ങിയതിന് ശേഷം ദിയയുടെ വീട്ടുകാർ ഓരോരുത്തരായി ഓരോ കാറിലായി വന്ന് അഞ്ച് പേർ അഞ്ച് സൈഡിൽ നിന്ന് വീഡിയോ എടുക്കാൻ ആരംഭിച്ചു. ദിയയെ സംബന്ധിച്ച് നാളെ ട്രെൻഡിങ് നമ്പർ വൺ ആകാൻ പോകുന്ന ഒരു വീഡിയോ മാത്രമാകും അത്.
മൂന്ന് കാറിലായിട്ടാണ് ഞങ്ങളെ ദിയ കൊണ്ടുപോയത്. ഞങ്ങളുടെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കാതെ ഏതോ ഒരു ഓഫീസിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. പിന്നീടാണ് അമ്പലമുക്കുള്ള ഒരു ഓഫീസാണ് ഇതെന്ന് മനസ്സിലായത്. പത്തിനടുത്തുള്ള ആളുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണകുമാറിന്റെ നാല് മക്കളും ഭാര്യയും അവരുടെ ഡ്രൈവർമാരും അങ്ങിനെ ചിലരേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവിടെ എത്തിയിട്ട് അവർ ഓരോരുത്തരും ഓരോ വ്‌ലോഗ് എടുക്കുകയായിരുന്നു. ഞങ്ങളുടെ ഫോൺ അവർ ബലമായി പിടിച്ചുവെച്ചു.
നാളത്തെ യൂട്യൂബില്‍ നിങ്ങള്‍ ട്രെന്‍ഡിങ് വണ്‍ ആകുമെന്നാണ് ദിയ പറഞ്ഞത്. നിങ്ങള്‍ കരയുന്നതിന്റെയെല്ലാം വീഡിയോ ഉണ്ട്. അതുപയോഗിച്ച് നിങ്ങളെ നാണംകെടുത്തും. നിങ്ങളെ കൊല്ലും. ഞങ്ങള്‍ക്കെതിരേ വധഭീഷണി വരെ ദിയ മുഴക്കിയിരുന്നു. അവര്‍ ഞങ്ങളെ കസ്റ്റഡിയില്‍ വെച്ചതുപോലെയായിരുന്നു. പോലീസ് ആണെന്നു പറയുന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ഇതെല്ലാം ചെയ്തത്. ഞങ്ങള്‍ സ്റ്റേഷനില്‍ ഇത് കാണിച്ചപ്പോഴാണ് അയാള്‍ പോലീസേ അല്ല എന്ന് വ്യക്തമായത്.
ദിയയുടേത് വല്ലാത്തതരം സ്വഭാവമാണ്. എല്ലാത്തിനും വീട്ടുകാരെ വലിച്ചിഴയ്ക്കും. ഇവര്‍ ആ ജാതിയില്‍ ഉള്ളവരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ പറ്റുന്നത് എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നതിന്റെ റെക്കോഡിങ് ഞങ്ങളുടെ കയ്യിലുണ്ട്. ഞങ്ങളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ 11-ന് പൂട്ടിയിട്ടിട്ട് വൈകീട്ട് 6.45-നാണ് പുറത്തുവിടുന്നത്. അത്രനേരം ഫോണ്‍ ഇല്ലായിരുന്നു. എന്റെ ഭര്‍ത്താവിനെ പുറത്തുവിട്ട് മാലയൊക്കെ പണയംവെച്ച് പണം എത്തിക്കാന്‍ പറഞ്ഞു. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്' - ജീവനക്കാർ പറയുന്നു.
നേരത്തെ, കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. പിന്നാലെയാണ് കൃഷ്ണകുമാറും ജീവനക്കാരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: Allegations of Extortion, Casteist Abuse, and Impersonation Against Diya Krishna





English (US) ·