Published: June 04 , 2025 09:24 AM IST
1 minute Read
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ തുടർച്ചയായ 4 കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിലേക്ക് ഇഗ സ്യാംതെക്കിന് ഇനി 2 വിജയങ്ങളുടെ അകലം മാത്രം. യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയെ 6-1, 7-5നു തോൽപിച്ച ഇരുപത്തിനാലുകാരി ഇഗ വനിതാ സിംഗിൾസിൽ സെമിഫൈനലിലേക്കു മുന്നേറി. കഴിഞ്ഞ 3 തവണയും റൊളാങ് ഗാരോസിൽ ജേതാവായ ഇഗയെ സെമിയിൽ കാത്തിരിക്കുന്നത് ഒന്നാം സീഡ് ബെലാറൂസിന്റെ അരീന സബലേങ്കയുടെ കടുത്ത വെല്ലുവിളിയാണ്. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ 12 മത്സരങ്ങളിൽ എട്ടിലും ഇഗയ്ക്കായിരുന്നു വിജയം.
ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ഇവർ ഏറ്റുമുട്ടുന്നത് ആദ്യമായാണ്. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ 26–ാം ജയം സ്വന്തമാക്കിയാണ് ഇഗ കരിയറിലെ എട്ടാം ഗ്രാൻസ്‍ലാം സെമിഫൈനലിനു യോഗ്യത നേടിയത്. ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിൽ വനിതാ സിംഗിൾസിലെ തുടർച്ചയായ വിജയങ്ങളിൽ ഇഗ സെറീന വില്യംസിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. യുഎസ് ഓപ്പണിലാണ് സെറീന വില്യംസ് 26 വിജയം നേടിയിട്ടുള്ളത്.
ഫ്രഞ്ച് ഓപ്പണിലെ വിജയശതമാനത്തിൽ ഇഗ, ഓസ്ട്രേലിയയുടെ മുൻ താരം മാർഗരറ്റ് കോർട്ടിന്റെ (95.2%) റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. ക്വാർട്ടറിൽ ചൈനയുടെ ഷെങ് ക്വിൻവെന്നിനെ മറികടന്നായിരുന്നു സബലേങ്കയുടെ (7-6, 6-3) ഫൈനൽ പ്രവേശം.
English Summary:








English (US) ·