Published: May 28 , 2025 10:39 AM IST
1 minute Read
പാരിസ് ∙ ചാറ്റൽ മഴയും കനത്ത കാറ്റും ഒന്നിച്ചു വന്നിട്ടും ഇളകാത്ത മനസ്സുമായി ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ ആദ്യ മത്സരത്തിനിറങ്ങിയ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വിജയം. അമേരിക്കൻ താരം മക്കൻസി മക്‌ഡോണൾഡിനെ 6–3, 6–3, 6–3നു തോൽപിച്ചു. കഴിഞ്ഞ വർഷം പാരിസ് ഒളിംപിക്സിൽ പുരുഷ സിംഗിൾസ് സ്വർണ വിജയം നേടിയ അതേ കോർട്ടിലായിരുന്നു ജോക്കോയുടെ 25–ാം ഗ്രാൻസ്‌ലാം തേടിയുള്ള ജൈത്രയാത്രയുടെ തുടക്കം.
ആദ്യ മത്സരത്തിനു ഗ്രൗണ്ടിലേക്കു വരുമ്പോൾ റാക്കറ്റുകൾ എടുക്കാൻ മറന്നു പോയെങ്കിലും ഫ്രഞ്ച് ഓപ്പൺ കിരീടസ്വപ്നങ്ങൾ തന്നിൽ ശക്തമാണെന്ന് എതിരാളിയെ ഓർമിപ്പിച്ച പ്രകടനത്തോടെ, മുൻ റണ്ണറപ് കൊക്കോ ഗോഫ് ജയിച്ചു തുടങ്ങി. ഓസ്ട്രേലിയൻ താരം ഒലിവിയ ഗഡക്കിയെയാണ് രണ്ടാം സീഡായ യുഎസിന്റെ ഗോഫ് നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചത് (6–2,6–2). മുൻ റണ്ണറപ് സോഫിയ കെനിനും ആദ്യറൗണ്ടിൽ ജയം കണ്ടു.
കഴിഞ്ഞ വർഷത്തെ പുരുഷ സിംഗിൾസ് ഫൈനലിസ്റ്റ് ജർമനിയുടെ അലക്സാണ്ടർ സ്വരേവും ആദ്യമത്സരം ജയിച്ചു തുടങ്ങി. അമേരിക്കൻ താരം ലേണർ ടിയനെയാണ് മൂന്നാം സീഡ് സ്വരേവ് തോൽപിച്ചത് (6-3, 6-3, 6-4). അതേസമയം, 11–ാം സീഡ് ഡാനിൽ മെദ്‌വദേവ് ആദ്യറൗണ്ടിൽ തോറ്റു പുറത്തായി. 4 മണിക്കൂർ നീണ്ട പോരാട്ടത്തിൽ ബ്രിട്ടന്റെ കാമറൂൺ നോറിയാണ് മുൻ യുഎസ് ഓപ്പൺ ചാംപ്യനായ റഷ്യൻ താരത്തെ തോൽപിച്ചത്. സ്കോർ: 7-5, 6-3, 4-6, 1-6, 7-5.
English Summary:








English (US) ·