Published: May 30 , 2025 01:03 PM IST
1 minute Read
പാരിസ് ∙ ഫ്രഞ്ച് ലോക്കൽ ഹീറോ റിച്ച ഗാസ്കെയ്ക്കു വിരമിക്കൽ വേദിയൊരുക്കി ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിന്റെ 3–ാം റൗണ്ടിൽ കടന്നു. മുപ്പത്തിയെട്ടുകാരൻ ഗാസ്കെയെ ഇരുപത്തിമൂന്നുകാരൻ സിന്നർ തോൽപിച്ചത് 6-3, 6-0, 6-4ന്. 2002ൽ ഫ്രഞ്ച് ഓപ്പണിൽ അരങ്ങേറ്റം കുറിച്ച ഗാസ്കെ ഇതു തന്റെ അവസാന പോരാട്ടമാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. സെന്റർ കോർട്ടിൽ നടന്ന മത്സരം കാണാൻ ഗാലറി നിറയെ ആളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം, ഇതിഹാസതാരം റാഫേൽ നദാൽ റൊളാങ് ഗാരോസിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ തന്റെ ചെറുപ്പകാലത്തെ പ്രധാന എതിരാളികളിൽ ഒരാളായ ഗാസ്കെയ്ക്കു പ്രത്യേകം നന്ദി പറഞ്ഞിരുന്നു. മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവും 3–ാം റൗണ്ടിലെത്തി. തുടക്കം മങ്ങിയെങ്കിലും പിന്നീട് ഉജ്വലമായി തിരിച്ചടിച്ച ജർമൻ താരം സ്വരേവ് ഡച്ചുകാരൻ ജസ്പർ ഡി യോങ്ങിനെ 3-6, 6-1, 6-2, 6-3നു തോൽപിച്ചു. വനിതാ സിംഗിൾസിൽ റഷ്യയുടെ പതിനെട്ടുകാരി മിറ ആൻഡ്രീവ അമേരിക്കൻ താരം ആഷ്‌ലിൻ ക്രൂഗറിനെ നിസ്സാരമായി പുറത്താക്കി 3–ാം റൗണ്ടിൽ കടന്നു.
പുരുഷ ഡബിൾസിൽ 3 ഇന്ത്യൻ താരങ്ങൾ 2–ാം റൗണ്ടിൽ പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ ഡബിൾസിൽ 3 ഇന്ത്യൻ താരങ്ങൾ രണ്ടാം റൗണ്ടിൽ. രോഹൻ ബൊപ്പണ്ണ, എൻ. ശ്രീറാം ബാലാജി, യുകി ഭാംബ്രി എന്നിവരുടെ ടീമുകളാണ് ആദ്യ റൗണ്ട് മത്സരം വിജയിച്ചത്. ബൊപ്പണ്ണയും ചെക്ക് റിപ്പബ്ലിക് താരം ആഡം പാവ്‌ലസേക്കും ഉൾപ്പെടുന്ന സഖ്യം അമേരിക്കക്കാരായ റോബർട്ട് കാഷ്– ജെജെ ട്രേസി സഖ്യത്തെ തോൽപിച്ചു. സ്കോർ: 7-6, 5-7, 6-1.
ബാലാജിയും മെക്സിക്കൻ താരം മിഗുവേൽ വരേലയും ഉൾപ്പെടുന്ന ടീം ചൈനയുടെ യുൻചാവോകേറ്റ് ബു– അർജന്റീനയുടെ കാമിലോ കരാബെലി സഖ്യത്തെ തോൽപിച്ചു (6–2, 6–1). നേരത്തേ, യുകി ഭാംബ്രിയും അമേരിക്കൻ താരം റോബർട്ട് ഗാലോവേയും ചേർന്ന സഖ്യം ആദ്യ റൗണ്ട് ജയിച്ചിരുന്നു.
English Summary:








English (US) ·