Published: June 05 , 2025 04:42 AM IST
1 minute Read
-
യാനിക് സിന്നർ പുരുഷ സിംഗിൾസ് സെമിയിൽ
പാരിസ് ∙ ഇറ്റലിക്കാരൻ ലോറൻസോ മ്യുസറ്റി ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് സെമിയിൽ. ഇരുപത്തിമൂന്നുകാരൻ മ്യുസറ്റിക്ക് എതിരാളി ചില്ലറക്കാരനല്ല; നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസ്!
അമേരിക്കൻ താരം ഫ്രാൻസിസ് ടിയാഫോയെ തോൽപിച്ചാണ് മ്യുസറ്റി സെമിയിലെത്തിയത്. കഴിഞ്ഞ പാരിസ് ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ മ്യുസറ്റി ആ മത്സരം ജയിച്ച അതേ കോർട്ടിലായിരുന്നു ടിയാഫോയ്ക്കെതിരായ മത്സരവും. സ്കോർ: 6-2, 4-6, 7-5, 6-2. ലോക 12–ാം നമ്പർ താരം അമേരിക്കയുടെ ടോമി പോളിനെ തോൽപിച്ചാണ് അൽകാരസ് സെമിയിലെത്തിയത്. പരുക്കുമൂലം മങ്ങിയ പ്രകടനം നടത്താനേ ടോമി പോളിനു സാധിച്ചിരുന്നുള്ളൂ. അതിനാൽ, കാര്യമായി വിയർപ്പൊഴുക്കാതെ മത്സരം ജയിക്കാൻ അൽകാരസിനു സാധിച്ചു. സ്കോർ: 6-0, 6-1, 6-4.
ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ കസഖ്സ്ഥാൻ താരം അലക്സാണ്ടർ ബുബ്ലിക്കിനെ തോൽപിച്ച് സെമിയിൽ കടന്നു. സ്കോർ: 6-1, 7-5, 6-0. അലക്സാണ്ടർ സ്വരേവ് – നൊവാക് ജോക്കോവിച്ച് മത്സര വിജയിയെയാണ് സിന്നർ സെമിയിൽ നേരിടേണ്ടത്. വനിതാ സിംഗിൾസിൽ, വൈൽഡ് കാർഡ് എൻട്രിയായി ഫ്രഞ്ച് ഓപ്പണിലെത്തിയ നാട്ടുകാരി ലൂയിസ് ബസൺ സെമിയിൽ കടന്നു. സെമിയിൽ അമേരിക്കക്കാരി കൊക്കോ ഗോഫാണ് എതിരാളി. 6–ാം റാങ്കുകാരി റഷ്യയുടെ മിറ ആൻഡ്രീവയെ തോൽപിച്ചാണ് ലൂയിസ് ബസണിന്റെ സെമിപ്രവേശം. സ്കോർ: 7-6 (6), 6-3. 1989നു ശേഷം കന്നി ഗ്രാൻസ്‍ലാം ടൂർണമെന്റിൽതന്നെ സെമിയിലെത്തുന്ന വനിതാതാരമാണ് ഇരുപത്തിരണ്ടുകാരി ബസൺ. മോണിക്ക സെലസും ജെന്നിഫർ കപ്രിയാറ്റിയുമാണ് ഇതിനു മുൻപ് ആദ്യ ഫ്രഞ്ച് ഓപ്പണിൽ തന്നെ സെമിയിൽ കടന്നവർ. നാട്ടുകാരി മാഡിസൺ കീസിനെ 6-7(6), 6-4, 6-1നു തോൽപിച്ചാണു കൊക്കോ ഗോഫ് സെമിയിലെത്തിയത്.
English Summary:








English (US) ·