Published: October 07, 2025 07:41 AM IST Updated: October 07, 2025 10:41 AM IST
1 minute Read
-
പിഎസ്ജിക്കെതിരെ ഗോൾ നേടിയത് കിലിയൻ എംബപെയുടെ സഹോദരൻ ഈഥൻ എംബപെ
പാരിസ് ∙ ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജിക്കെതിരെ ഗോളടിച്ച് എംബപെ! ഫ്രഞ്ച് സൂപ്പർതാരം എംബപെ കളിക്കുന്നത് സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിനു വേണ്ടിയല്ലേ എന്ന് സംശയിക്കേണ്ട. ഈ ഗോളിന്റെ ഉടമ, ഈഥൻ എംബപെയാണ്; കിലിയൻ എംബപെയുടെ അനുജൻ.
ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ ലീലിന്റെ മധ്യനിര താരമാണ് പതിനെട്ടുകാരനായ ഈഥൻ എംബപെ. ഇന്നലെ പുലർച്ചെ ലീലിനെതിരായ മത്സരത്തിൽ പിഎസ്ജി ഒരു ഗോളിനു മുന്നിട്ടു നിൽക്കുമ്പോഴാണ് ഈഥൻ പകരക്കാരനായി കളത്തിലെത്തുന്നത്. മൈതാനത്തെത്തി നാലു മിനിറ്റിനുള്ളിൽ ഈഥൻ ലീലിനായി ലക്ഷ്യം കണ്ടു. ഈഥന്റെ ഗോളിൽ യൂറോപ്യൻ ചാംപ്യൻമാർക്കെതിരെ ലീൽ സമനിലയുമായി മടങ്ങി (1–1). മുൻപ് പിഎസ്ജി ടീമംഗമായിരുന്ന ഈഥൻ കഴിഞ്ഞ സീസണിലാണ് ലീലിലേക്ക് കൂടുമാറിയത്.
തന്റെ മുൻ ക്ലബ്ബിനെതിരെ ഗോളടിച്ച ശേഷം ആഘോഷിക്കാൻ ഈഥൻ ആദ്യമൊന്നു മടിച്ചു. പക്ഷേ, മത്സരം കാണാനെത്തിയ ജേഷ്ഠൻ എംബപെ ഗാലറിയിലിരുന്ന് ആഘോഷിക്കുന്നതു കണ്ടപ്പോൾ അനിയനും ആവേശമായി. കിലിയൻ എംബപെയുടെ ‘കൈ കെട്ടിയുള്ള’ ആഘോഷം അനുജനും മൈതാനത്ത് പുറത്തെടുത്തു.
2017ലാണ് എംബപെ സഹോദരൻമാർ പിഎസ്ജിയിലെത്തുന്നത്. കിലിയന് അന്നു 18 വയസ്സും ഈഥനു 10 വയസ്സും. സീനിയർ ടീമിനായി ചേട്ടൻ ഗോളുകൾ അടിച്ചുകൂട്ടുമ്പോൾ അനുജൻ ജൂനിയർ തലത്തിൽ കളി പഠിച്ചുകൊണ്ടിരുന്നു. 2021ലാണ് ഈഥൻ പിഎസ്ജി സീനിയർ ടീമിലെത്തുന്നത്. 2024ൽ കിലിയൻ റയലിലേക്കും ഈഥൻ ലീലിലേക്കും പോയി.
English Summary:








English (US) ·