ഫ്രാൻസിൽ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകന് മർദനം; ക്യാമറ തകർത്ത് ഉപകരണങ്ങൾ കവർന്നു

3 days ago 5

ഫ്രാൻസിലെ ലിയോണിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഫ്രഞ്ച് വാർത്താ ചാനലായ ബിഎഫ്എംടിവിയുടെ (BFMTV) ക്യാമറാമാന് നേരെ ആക്രമണം. പ്രതിഷേധക്കാർ പിന്തുടർന്ന് മർദിക്കുകയും ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകർക്കുകയും കവർന്നെടുക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ആവശ്യപ്പെട്ടും തോക്കുപയോഗിക്കുന്ന പോലീസുകാർക്ക് സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അനുമാനം നൽകുന്ന ബില്ലിനെതിരെയും ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. തെക്കുകിഴക്കൻ ഫ്രഞ്ച് നഗരമായ ലിയോണിൽ ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. പോലീസിന് വെടിയുതിർക്കുമ്പോൾ സ്വയം പ്രതിരോധിച്ചെന്ന വാദത്തിന് നിയമപരമായ പരിരക്ഷ നൽകുന്ന ബിൽ ‘കൊല്ലാനുള്ള ലൈസൻസ്’ ആണെന്നാണ് എതിർക്കുന്നവരുടെ ആരോപണം.

ലിയോൺ മാഗിന്റെ റിപ്പോർട്ട് പ്രകാരം, അവന്യൂ ബെർത്തലോട്ടിലെ കത്തുന്ന ബാരിക്കേഡിന് സമീപം ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ക്യാമറാമാനെ ചിലർ തിരിച്ചറിഞ്ഞത്. തുടർന്ന് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പലതവണ മർദനമേറ്റതായാണ് വിവരം.

രണ്ട് മാധ്യമപ്രവർത്തകരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആക്രമികളിൽ ചിലരെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ തടഞ്ഞുനിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധത്തിന്റെ സംഘർഷഭരിതമായ മേഖലയിൽ മുഖംമൂടി ധരിച്ച പ്രവർത്തകർ പോലീസിന് നേരെ കല്ലുകളും മറ്റ് വസ്തുക്കളും പടക്കങ്ങളും എറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. പരിക്കേറ്റ ക്യാമറാമാൻ ചികിത്സ തേടി. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ ബിഎഫ്എംടിവി അപലപിച്ചു. മാധ്യമപ്രവർത്തകർക്ക് പരാതി നൽകുന്നതിനാവശ്യമായ പിന്തുണ നൽകുമെന്നും ചാനൽ വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തിലും പാരീസിന്റെ വടക്കൻ പ്രാന്തപ്രദേശമായ സെന്റ് ഡെനിസിൽ സ്കൂൾ ഉപരോധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ചാനലിലെ രണ്ട് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടിരുന്നു.

ബിഎഫ്എംടിവിയുടെ വാർത്താ നിലപാടുകളോടുള്ള ഇടതുപക്ഷ പ്രതിഷേധക്കാരുടെ അതൃപ്തിയും ആക്രമണത്തിന് പിന്നിലെ പശ്ചാത്തലമായി റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്ക് ചാനൽ അമിത പ്രാധാന്യം നൽകുകയും വലതുപക്ഷ നിലപാടുകൾക്ക് പ്രചാരം നൽകുകയും ചെയ്യുന്നുവെന്നാണ് പ്രതിഷേധക്കാരുടെ വിമർശനം. യാഥാസ്ഥിതിക ചാനലായ സിന്യൂസിൽനിന്ന് അവതാരക സോണിയ മബ്രൂക്കിനെ നിയമിച്ചതും വലതുപക്ഷ നേതാക്കളായ എറിക് സിയോട്ടി, എറിക് സെമ്മൂർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും വിവാദം ശക്തമാക്കിയിരുന്നു.

ചാനലിന്റെ എഡിറ്റോറിയൽ നയങ്ങളിൽ പ്രതിഷേധിച്ച് 200ലധികം മാധ്യമപ്രവർത്തകർ മാനേജ്‌മെന്റിന് തുറന്ന കത്ത് നൽകിയിരുന്നു. ചാനലിന് മേലുള്ള വംശീയതയുടെ പ്രതിച്ഛായ മാറ്റണമെന്നായിരുന്നു കത്തിലെ ആവശ്യം. ആരോപണം ചാനൽ നേതൃത്വം നിഷേധിച്ചെങ്കിലും രാഷ്ട്രീയ അതിഥികളുടെ വൈവിധ്യം വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

ജീവിതച്ചെലവ് വർധന, കുറഞ്ഞ വേതനം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ ഫ്രാൻസിൽ ആഴ്ചകളായി പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ മാസം പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായതോടെ കടകൾ കൊള്ളയടിക്കുകയും കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ ഏകദേശം 1.06 ലക്ഷം പേർ പങ്കെടുത്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലിയോണിൽ മാത്രം 8,000ത്തിലധികം പേർ തെരുവിലിറങ്ങി. ഒക്ടോബർ 17ന് നടന്ന അക്രമസംഭവങ്ങളിൽ ലിയോണിലെ ടൂറിസ്റ്റ് ഓഫീസ് കത്തിക്കുകയും നിരവധി കടകൾ തകർക്കുകയും ചെയ്തിരുന്നു.

Read Entire Article