ഡബ്ലിൻ ∙ ഖത്തറിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കുതിപ്പിനു മുന്നിൽ ചിതറിപ്പോയ കിരീടസ്വപ്നങ്ങൾ വീണ്ടുമുണർത്തി ഫ്രാൻസ് 2026 ഫിഫ ലോകകപ്പിനു യോഗ്യത നേടി. യൂറോപ്യൻ മേഖലാ യോഗ്യതാ റൗണ്ടിൽ യുക്രെയ്നെ 4–0ന് തകർത്തു തരിപ്പണമാക്കിയാണ് ഫ്രാൻസ് അടുത്ത ലോകകപ്പിനു കച്ചകെട്ടുന്നത്.
കിലിയൻ എംബപെ 2 ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തിൽ മിഡ്ഫീൽഡർ മൈക്കൽ ഒലിസെ, പകരക്കാരൻ ഫോർവേഡ് ഹ്യൂഗോ എകിറ്റികെ എന്നിവരും ഗോൾ നേടി. 13 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസിനെക്കാൾ 6 പോയിന്റ് പിന്നിലാണ് യുക്രെയ്നും ഐസ്‌ലൻഡും.
പോർച്ചുഗലിന് ലാസ്റ്റ് ചാൻസ്ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകാർഡ് കണ്ടു പുറത്തായ മത്സരത്തിൽ പോർച്ചുഗലിനെ അയർലൻഡ് 2–0ന് തോൽപിച്ചതു തിരിച്ചടിയായി. ഇതോടെ, പോർച്ചുഗലിനു ലോകകപ്പിനു നേരിട്ടു യോഗ്യത നേടാൻ നാളെ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ അർമീനിയയെ തോൽപിക്കണം. 10 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ. ഹംഗറി (8), അയർലൻഡ് (7) എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.
ഹാളണ്ടിന് ഡബിൾഎർലിങ് ഹാളണ്ട് ഡബിൾ നേടിയ മത്സരത്തിൽ നോർവേ 4–1ന് എസ്റ്റോണിയയെ തോൽപിച്ചു. ഗ്രൂപ്പ് ഐയിലെ ഒന്നാം സ്ഥാനക്കാരായ നോർവേ ഈ ജയത്തോടെ ലോകകപ്പ് യോഗ്യത ഏറക്കുറെ ഉറപ്പിച്ചു. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിനു യോഗ്യത നേടാനൊരുങ്ങുന്നത്.
ജിയാൻലുക്ക മാൻചീനി, പകരക്കാരൻ ഫ്രാൻസിസ്കോ പിയോ എസ്പോസിറ്റോ എന്നിവരുടെ ഗോളുകളിൽ മോൾഡോവയെ 2–0ന് തോൽപിച്ച ഇറ്റലിയാണ് ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്ത്. ഞായറാഴ്ച അവസാന മത്സരത്തിൽ നോർവേയെ നേരിടുന്ന ഇറ്റലി 9 ഗോൾ വ്യത്യാസത്തിൽ ജയിച്ചെങ്കിൽ മാത്രമേ നേരിട്ടു യോഗ്യത നേടൂ. അതിനാൽ, പ്ലേ ഓഫ് വഴി ലോകകപ്പ് യോഗ്യത ഉറപ്പിക്കാനാകും മുൻപു 4 വട്ടം ലോകചാംപ്യന്മാരായിട്ടുള്ള അസൂറിപ്പടയുടെ പ്ലാൻ. കഴിഞ്ഞ 2 ലോകകപ്പുകൾക്കും ഇറ്റലി യോഗ്യത നേടിയിരുന്നില്ല.
English Summary:








English (US) ·