ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവ വികാസങ്ങൾ. സുരക്ഷാ കാരണങ്ങളാൽ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഉപേക്ഷിക്കപ്പെടുന്ന മത്സരമെന്ന പ്രത്യേകതയോടെയാണ്, പഞ്ചാബ് – ഡൽഹി മത്സരം അധികൃതർ ഉപേക്ഷിച്ചത്. മഴയെത്തുടർന്ന് ഒരു മണിക്കൂറോളം വൈകിയ പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരം ഇന്നലെ രാത്രി 8.30നാണ് ആരംഭിച്ചത്.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് ഓപ്പണർമാരായ പ്രിയാംശ് ആര്യയുടെയും (34 പന്തിൽ 70) പ്രഭ്സിമ്രൻ സിങ്ങിന്റെയും (28 പന്തിൽ 50 നോട്ടൗട്ട്) ബാറ്റിങ് മികവിൽ തകർത്തടിച്ചു. ടീം സ്കോർ 122ൽ നിൽക്കെ, 11–ാം ഓവറിലെ ആദ്യ പന്തിൽ പ്രിയാംശ് പുറത്തായതിനു പിന്നാലെയാണ് സ്റ്റേഡിയത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.
പഞ്ചാബിന്റെ അടുത്ത ബാറ്റർ ക്രീസിലെത്തും മുൻപേ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകളുടെ ഒരു ടവർ അപ്രതീക്ഷിതമായി ഓഫ് ആക്കി. താരങ്ങളും അംപയർമാരും ഗ്രൗണ്ടിൽനിന്ന് മടങ്ങിയതിനു പിന്നാലെ അടുത്ത 2 ടവർ ലൈറ്റുകളും പ്രവർത്തനരഹിതമായി. ഈ സമയം ഗ്രൗണ്ടിലിറങ്ങിയ ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ കാണികളോട് സ്റ്റേഡിയം വിട്ടുപോകാൻ ആവശ്യപ്പെട്ടു.
ഒരു ടവർ ഫ്ലഡ്‍ലൈറ്റിന്റെ വെളിച്ചം മാത്രം നിലനിർത്തിയാണ് കാണികൾക്ക് സ്റ്റേഡിയം വിടാനുള്ള സൗകര്യമൊരുക്കിയത്. കാണികൾക്കു മടങ്ങാൻ ബിസിസിഐ പ്രത്യേക ട്രെയിൻ സർവീസും ഏർപ്പെടുത്തിയിരുന്നു. മഴമൂലം സീസണിൽ മുൻപും മത്സരങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഒരു മത്സരം ഉപേക്ഷിക്കുന്നത് ഇതാദ്യമാണ്.
∙ ഇന്ന് നിർണായക യോഗം
മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഐപിഎൽ സീസണിന്റെ ഭാവിയും അനിശ്ചിതത്വത്തിൽ. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പലതും അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നേക്കും. ഇക്കാര്യത്തിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ ഇന്ന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
ഈ ഐപിഎൽ സീസണിലെ 58–ാം മത്സരമാണ് ഇന്നലെ ധരംശാലയിൽ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുൻപ് 12 ലീഗ് റൗണ്ട് മത്സരങ്ങൾകൂടി നടക്കാനുണ്ട്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ– പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു.
എന്നാൽ പഞ്ചാബ്, ഡൽഹി ടീമുകൾ നേരത്തേ ധരംശാലയിൽ എത്തിയതിനാലാണ് ഇന്നലത്തെ മത്സരം നടത്താൻ തീരുമാനിച്ചത്. ധരംശാലയിൽ കുടുങ്ങിയ ഡൽഹി, പഞ്ചാബ് ടീമംഗങ്ങളെ പഠാൻകോട്ടിൽനിന്ന് പ്രത്യേക ട്രെയിനിൽ ഡൽഹിയിലെത്തിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ടീമംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനും ഇന്നലെ രാത്രി മുതൽ സുരക്ഷ വർധിപ്പിച്ചു.
English Summary:








English (US) ·