Published: October 23, 2025 11:06 AM IST
1 minute Read
-
ഇന്ന് 10 ഫൈനലുകള്‍: വേഗതാരങ്ങളെ ഇന്നറിയാം
തിരുവനന്തപുരം ∙ റൺവേയിൽ വിമാനത്തിനൊപ്പം കുതിക്കണം. ടേക്ക് ഓഫിൽ പിഴവുകളില്ലാതെ ചാടിപ്പറക്കണം. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് സ്റ്റാർട്ടിങ് വിസിൽ മുഴങ്ങുമ്പോൾ താരങ്ങൾ ആഗ്രഹിക്കുന്നത് ഇതാണ്. 6 ദിവസങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ–പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളാണുള്ളത്. രാവിലെ 7 മുതൽ 11 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകിട്ട് 7.30 വരെയുമാണ് മത്സരങ്ങൾ. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററോടെ തുടങ്ങുന്ന ആദ്യദിനത്തിൽ 10 ഫൈനലുകളുണ്ട്. മേളയുടെ തന്നെ ഏറ്റവും ഗ്ലാമർ ഇനമായ 100 മീറ്റർ സ്പ്രിന്റ് മത്സരങ്ങളും ഇന്നാണ്.
ചാംപ്യൻ സ്കൂൾ പട്ടത്തിൽ ഹാട്രിക് നേടിയ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ ഇത്തവണയും കിരീടം നേടുമെന്നുറപ്പിച്ചാണ് തലസ്ഥാനത്തെത്തിയത്. 50 പേർ അടങ്ങുന്ന ടീമിൽ 24 ആൺകുട്ടികളും 26 പെൺകുട്ടികളുമാണുള്ളത്. ജംപ് ഇനങ്ങളാണ് ഐഡിയലിന്റെ പ്രധാന ശക്തി. മലപ്പുറത്തെ അയൽപോര് സംസ്ഥാന മേളയിലും ആവർത്തിക്കുകയാണ് തിരുനാവായ നവാമുകുന്ദ സ്കൂൾ ടീമിന്റെ ലക്ഷ്യം. 13 പെൺകുട്ടികൾ ഉൾപ്പെടെ 25 അംഗ ടീമാണ് മത്സരിക്കുന്നത്. സ്പ്രിന്റ്, ഹർഡിൽസ്, ത്രോ ഇനങ്ങളിലാണ് കൂടുതൽ പ്രതീക്ഷ. 35 അംഗ ടീമുമായാണ് കോതമംഗലം മാർ ബേസിൽ എത്തിയത്. കഴിഞ്ഞ കായികമേളയ്ക്ക് ശേഷം വിലക്കേർപ്പെടുത്തിയത് തിരിച്ചടിയായെങ്കിലും താരങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു.
പോൾവോൾട്ട് ഇനങ്ങളിൽ മുൻ വർഷത്തെ ആധിപത്യം തുടരുകയാണ് പ്രധാന ലക്ഷ്യം. പാലക്കാടിന് വീണ്ടുമൊരു കിരീടം നേടിക്കൊടുക്കുകയാണ് പറളി എച്ച്എസിലെ 23 അംഗ ടീമിന്റെ ലക്ഷ്യം. ഇന്ന് രാവിലെ നടക്കുന്ന 3000 മീറ്ററുകളിൽ സ്വർണം നേടി ആദ്യം ദിനം തന്നെ കുതിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം പരിശീലിക്കുന്നത്.
സ്കൂൾ അത്‍ലറ്റിക്സിൽ യോഗ്യതാ റൗണ്ട് ഇതാദ്യംരാജ്യാന്തര മത്സരങ്ങളിലേതു പോലെ സ്കൂൾ കായികമേളയിലും അത്‌ലറ്റിക്സിൽ ഇതാദ്യമായി ഫീൽഡ് ഇനങ്ങളിൽ യോഗ്യതാ റൗണ്ട് നടത്തും. ജംപ്, ത്രോ ഇനങ്ങളിലാണു യോഗ്യതാ റൗണ്ട് മത്സരങ്ങൾ. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഓരോയിനത്തിലും 2 ഗ്രൂപ്പുകളായി തിരിച്ചാണു യോഗ്യതാ മത്സരം. 12 പേർ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടുന്ന രീതിയിലാകും മത്സരം. ആകെ 6 അവസരങ്ങളുള്ള ഫൈനലിൽ ആദ്യ 3 ഊഴങ്ങൾ പൂർത്തിയാകുമ്പോൾ 4 പേർ പുറത്താകും. ജംപ്, ത്രോ ഇനങ്ങളിൽ നേരിട്ടു ഫൈനൽ നടത്തുന്നതായിരുന്നു ഇതുവരെയുള്ള പതിവ്.
English Summary:








English (US) ·