ഫ്ളാറ്റിനെപ്പറ്റി നേരത്തേതന്നെ സൂചന, വാതിൽ മുട്ടിയത് സെക്യൂരിറ്റി; സംവിധായകർ കുടുങ്ങിയത് ഇങ്ങനെ

8 months ago 8

khalidh rahman

അഷ്റഫ് ഹംസ, ഖാലിദ് റഹ്മാൻ | Photo: Facebook:Khalid Rahman, Ashraf Hamza

കൊച്ചി: ഗോശ്രീ പാലത്തിനു സമീപത്തെ ഫ്ലാറ്റിലെ മുറിയിൽ സിനിമാ രംഗത്തുള്ള ചിലർ ലഹരി ഉപയോഗിക്കുന്നുവെന്നായിരുന്നു ശനിയാഴ്ച രാത്രി എക്സൈസിനു ലഭിച്ച രഹസ്യ വിവരം. നേരത്തേ തന്നെ ഈ ഫ്ലാറ്റ് സംബന്ധിച്ച ചില സൂചനകൾ എക്സൈസിനു ലഭിച്ചതിനാൽ രാത്രി 11.30-ഓടെ പ്രത്യേക സംഘം ഫ്ലാറ്റിലെത്തി. സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടാണ് മുറിയുടെ വാതിലിൽ മുട്ടിച്ചത്.

വാതിൽ തുറന്നപ്പോൾ കട്ടിലിൽ കഞ്ചാവ് വലിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് രണ്ടു പേർ. എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് യുവ സംവിധായകർ ആദ്യം പറഞ്ഞത്. റഹ്മാനെന്നാണ് പേര്, മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്മാന്റെ മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ സംവിധായകരാണ് പിടിയിലായതെന്ന് എക്സൈസിനു പിടികിട്ടിയത്.

ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ മുൻനിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചർച്ചയായിട്ടുണ്ട്. ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുൾപ്പെടെ രണ്ടുപേരെ പിടികൂടിയതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് നേരത്തേ മുതലുള്ള ലഹരിവിവാദം കത്തിത്തുടങ്ങിയത്. പ്രമുഖ നടൻമാരുടെ പേരുകൾ പിടിയിലായ യുവതി വെളിപ്പെടുത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പോലീസ് സംഘം കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഇപ്പോൾ ഒടുവിൽ മുൻനിര സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരം എക്സൈസ്-പോലീസ് സംഘത്തിന്റെ കൈവശമുണ്ട്. പിടിയിലാകുന്നവരിൽ നിന്ന് കണ്ണികളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.

ഹൈബ്രിഡ് കഞ്ചാവിനോട് പ്രിയം കൂടി

: കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളിൽ നല്ലൊരു പങ്കും സിനിമ മേഖലയിൽനിന്നുള്ളവരാണെന്നാണ്‌ എക്സൈസ് കണ്ടെത്തൽ. എംഡിഎംഎ ഉപയോഗം വ്യാപകമാണെങ്കിലും മാരകമാണെന്ന തിരിച്ചറിവിൽ ഹൈബ്രിഡ് കഞ്ചാവിലേക്ക് പലരും തിരിയുന്നുണ്ട്. ഇന്ത്യയിലൊരിടത്തും ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിക്കുകയാണിത്.

ഒഡിഷയിൽനിന്നുള്ള കഞ്ചാവ് കിലോയ്ക്ക് 25,000 രൂപയ്ക്ക് കിട്ടുമ്പോൾ വിദേശത്തുനിന്നെത്തുന്ന ഹൈബ്രിഡ് ഇനത്തിന് കിലോഗ്രാമിന് 15 ലക്ഷം രൂപയോ അതിലധികമോ ആണ്. ലഹരി കൂടുതലുള്ള ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. പ്രത്യേക പരിചരണം നൽകി ഉത്പാദിപ്പിക്കുന്നതാണ്. എംഡിഎംഎ അര ഗ്രാം കൈവശം വെച്ചാൽ പോലും ജാമ്യമില്ലാക്കുറ്റമാണ്. എന്നാൽ, ഒരു കിലോയിലധികം കഞ്ചാവ് കൈവശം സൂക്ഷിച്ചാൽ മാത്രമേ ജാമ്യമില്ലാക്കുറ്റമാകൂവെന്നതും ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് എക്സൈസ് നിഗമനം.

Content Highlights: Top Filmmakers Arrested for Hybrid Cannabis

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article