Published: September 23, 2025 10:29 AM IST
1 minute Read
ലഹോർ∙ ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിനിടയിലെ നാടകീയ സംഭവങ്ങളുടെ പേരിൽ പാക്ക് താരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർമാർ പാക്കിസ്ഥാൻ ബോളർമാർക്ക് ഒരു സാധ്യതയും നൽകിയില്ലെന്ന് ഡാനിഷ് കനേരിയ വ്യക്തമാക്കി. അർധ സെഞ്ചറി നേടിയതിന് പാക്ക് ഓപ്പണർ സഹിബ്സദ ഫർഹാൻ ബാറ്റു കൊണ്ട് വെടിയുതിർത്ത് ആഘോഷിച്ചതിനെയും ഡാനിഷ് കനേരിയ വിമർശിച്ചു. ‘‘ഫർഹാൻ ഒരു എകെ 47 ആണ് കാണിച്ചതെങ്കിൽ മറുപടിയായി അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ബ്രഹ്മോസ് മിസൈലാണ് അയച്ചത്. ബാറ്റിങ് പ്രകടനത്തിനു പിന്നാലെ അഭിഷേക് ഒരു ഫ്ലയിങ് കിസും നൽകി.’’– ഡാനിഷ് കനേരിയ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു.
‘‘ഇന്ത്യൻ ഓപ്പണര്‍മാരുടെ മറുപടി ബാറ്റിങ് പാക്കിസ്ഥാനെ തകർത്തുകളഞ്ഞു. അഭിഷേക് ശർമയും ശുഭ്മന്‍ ഗില്ലും ഓപ്പണർമാരായി ഉണ്ടാകുമ്പോൾ, ദുബായിലേതുപോലുള്ള വിക്കറ്റിൽ 200 റൺസ് പോലും ചെറിയ ടോട്ടലായി തോന്നാം. ഇരുവരും ക്ലാസ് തെളിയിച്ചു കഴിഞ്ഞ താരങ്ങളാണ്. തോല്‍വിയെ ന്യായീകരിക്കാൻ പാക്കിസ്ഥാന് എപ്പോഴും ബലിയാടുകളുണ്ടാകും. ഫഖർ സമാൻ ഇന്ത്യയ്ക്കെതിരെ ഔട്ടല്ലെന്നാണ് അവർ ഇപ്പോള്‍ പറയുന്നത്. അദ്ദേഹവും പുറത്തായില്ലെന്നു വാദിച്ച് കരഞ്ഞുകൊണ്ടിരിക്കും. പക്ഷേ അത് വിക്കറ്റാണ്. സഞ്ജു സാംസൺ അത്രയും കൃത്യതയോടെയാണ് ആ ക്യാച്ചെടുത്തത്.’’
‘‘സഞ്ജുവിന്റെ ഗ്ലൗ പന്തിന്റെ അടിയിൽ മുഴുവനായും ഉണ്ടായിരുന്നു. എന്നിട്ടും പാക്കിസ്ഥാൻ കരഞ്ഞുകൊണ്ടിരിക്കുകയാണ്. സംശയത്തിന്റെ ആനുകൂല്യത്തെക്കുറിച്ചു സംസാരിക്കുകയാണ്. ഫഖർ സമാൻ ഇനി ഈ ന്യായീകരണത്തിൽ പറ്റിപ്പിടിച്ചിരിക്കും.’’– ഡാനിഷ് കനേരിയ വ്യക്തമാക്കി. പാക്കിസ്ഥാൻ ഓപ്പണറായി ഇറങ്ങിയ ഫഖർ സമാൻ മികച്ച തുടക്കത്തിനു ശേഷം പുറത്തായി മടങ്ങിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ മൂന്നാം ഓവറിൽ ഫഖർ സമാന്റെ ബാറ്റില്‍ തട്ടിയ പന്ത് ഒരു ലോ ക്യാച്ചിലൂടെ സഞ്ജു പിടിച്ചെടുക്കുകയായിരുന്നു. തേർഡ് അംപയർ പരിശോധനകൾക്കു ശേഷം ഔട്ട് വിധിച്ചെങ്കിലും പാക്ക് ബാറ്റർ വിശ്വസിച്ചില്ല. പാക്ക് പരിശീലകൻ മൈക്ക് ഹെസനോട് പരാതി പറഞ്ഞ ശേഷമാണ് ഫഖർ സമാൻ ഡ്രസിങ് റൂമിലേക്കു കയറിപ്പോയത്.
English Summary:








English (US) ·