Published: January 04, 2026 04:25 PM IST
1 minute Read
കൊൽക്കത്ത∙ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ വിലക്കിയതു പോലെ ബംഗ്ലദേശി താരങ്ങളെയും ഐപിഎലിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ബിജെപി നേതാവ് ദിലിപ് ഘോഷ്. ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ 2026 ഐപിഎലിൽനിന്നു മാറ്റിനിർത്താനുള്ള ബിസിസിഐ തീരുമാനം സ്വാഗതം ചെയ്തുകൊണ്ടാണ് ദിലിപ് ഘോഷിന്റെ പ്രതികരണം. 9.2 കോടി രൂപയ്ക്കാണ് മെഗാലേലത്തിൽ മുസ്തഫിസുറിനെ കൊൽക്കത്ത വാങ്ങിയത്. ഒരു ബംഗ്ലദേശ് താരത്തിന് ഐപിഎലിൽ ലഭിക്കുന്ന ഉയർന്ന തുകയായിരുന്നു ഇത്.
ബിസിസിഐ നിര്‍ദേശം വന്നതോടെ കൊൽക്കത്തയ്ക്ക് മുസ്തഫിസുറിനു പകരം പുതിയ താരത്തെ കണ്ടെത്തേണ്ട അവസ്ഥയാണ്. ബംഗ്ലദേശിൽ നടക്കുന്നത് മനുഷ്യത്വ രഹിതമായ കാര്യങ്ങളാണെന്നും ഇതിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ദിലിപ് ഘോഷ് പ്രതികരിച്ചു. ‘‘ബംഗ്ലദേശിൽ നടക്കുന്ന കാര്യങ്ങൾ ആർക്കും നല്ലതല്ല. കേന്ദ്രസർക്കാർ അവരുടെ ചുമതലയാണു നടപ്പാക്കിയത്. ബംഗ്ലദേശിൽ ഹിന്ദു വിഭാഗങ്ങൾ നേരിടുന്ന ദുരിതങ്ങളിൽ ബംഗാളിലെ ജനങ്ങൾ അസ്വസ്ഥരാണ്.’’– ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
‘‘ബംഗ്ലദേശിൽ തിരഞ്ഞെടുപ്പ് നേരത്തേ നടത്തി, സ്ഥിരതയുള്ള ഒരു സര്‍ക്കാർ വരണം. അങ്ങനെ നിയമവാഴ്ച ഉറപ്പാക്കണം. ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം. അതിർത്തിയിലെ പ്രശ്നങ്ങളും അവസാനിക്കണം. ബിസിസിഐയ്ക്കു ഞാൻ നന്ദി പറയുകയാണ്. പാക്കിസ്ഥാനി താരങ്ങളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കാത്തതുപോലെ ബംഗ്ലദേശ് താരങ്ങളെയും വിലക്കണം.’’– ദിലിപ് ഘോഷ് ആവശ്യപ്പെട്ടു.
ബംഗ്ലദേശ് പേസര്‍ക്കു പകരം മറ്റൊരു താരത്തെ ടീമിലെടുക്കാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സമയം അനുവദിക്കാമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. അതേസമയം മികച്ചൊരു വിദേശ പേസറെ ഏതു രാജ്യത്തുനിന്നും കൊൽക്കത്ത വാങ്ങുമെന്നു വ്യക്തമല്ല. ഏഴു ബംഗ്ലദേശി താരങ്ങൾ ഐപിഎൽ മിനിലേലത്തിൽ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും, മുസ്തഫിസുർ മാത്രമാണു വിറ്റുപോയത്.
English Summary:








English (US) ·