Published: November 21, 2025 05:58 PM IST Updated: November 21, 2025 07:41 PM IST
1 minute Read
ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പ് സെമി ഫൈനലിലും തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. ബംഗ്ലദേശിനെതിരായ മത്സരത്തിൽ 15 പന്തുകൾ നേരിട്ട വൈഭവ് 38 റൺസടിച്ചാണു പുറത്തായത്. ഇതോടെ ഏഷ്യാകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയില്‍ വൈഭവ് ഒന്നാമതെത്തി. 234 റൺസാണ് ടൂർണമെന്റിൽ വൈഭവ് ഇതുവരെ അടിച്ചുകൂട്ടിയത്.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ മാസ് സദാകത്തിന് 212 റൺസുണ്ട്. ബംഗ്ലദേശ് താരം ഹബിബുർ റഹ്മാൻ സോഹൻ 202 റൺസുമായി മൂന്നാമതും തുടരുന്നു. മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ബംഗ്ലദേശിന്റെ റിപോൺ മൊണ്ഡലിനെ ഡീപ് മിഡ്‍വിക്കറ്റിലൂടെ സിക്സർ പറത്തിയാണ് വൈഭവ് റൺവേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം പന്തും ഇതേ രീതിയിൽ താരം സിക്സർ പറത്തി.
നാലു സിക്സും രണ്ടു ഫോറുകളും അടിച്ച താരത്തെ അബ്ദുൽ ഗാഫറിന്റെ പന്തിൽ ജിഷൻ ആലം ക്യാച്ചെടുത്താണു പുറത്താക്കുന്നത്. വൈഭവിന്റെ ബാറ്റിങ് കരുത്തിൽ പവർപ്ലേ ഓവറുകളിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. യുഎഇയ്ക്കെതിരായ മത്സരത്തിൽ വൈഭവ് സെഞ്ചറി (144) തികച്ചിരുന്നു.
ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സെടുത്തതോടെ കളി സൂപ്പർ ഓവറിലേക്കു നീണ്ടു. എന്നാൽ സൂപ്പർ ഓവറിൽ ഇന്ത്യയ്ക്കു തിരിച്ചടിയേറ്റു. റിപ്പോൺ മൊണ്ടലിന്റെ ആദ്യ രണ്ടു പന്തുകളിൽ ക്യാപ്റ്റൻ ജിതേഷ് ശർമയും അശുതോഷ് ശർമയും പുറത്തായി. ഇതോടെ സൂപ്പർ ഓവറിൽ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് ഒരു റൺ. മറുപടി ബാറ്റിങ്ങിൽ സുയാഷ് ശർമയുടെ ആദ്യ പന്തിൽ ബംഗ്ലദേശ് ബാറ്റർ യാസിർ അലി പുറത്തായെങ്കിലും രണ്ടാം പന്ത് സുയാഷ് വൈഡെറിഞ്ഞു. ഇതോടെ ബംഗ്ലദേശ് ഫൈനൽ ഉറപ്പിച്ചു.
English Summary:








English (US) ·