ബംഗ്ലദേശിനോട് നാണംകെട്ട തോൽവി വഴങ്ങി പാക്കിസ്ഥാൻ; പിച്ചിന് രാജ്യാന്തര നിലവാരമില്ലെന്ന് പരിശീലകന്റെ പഴി

6 months ago 7

മനോരമ ലേഖകൻ

Published: July 21 , 2025 01:11 PM IST

1 minute Read

 MUNIR UZ ZAMAN / AFP
പാക്കിസ്ഥാൻ ബാറ്റർ സൽമാൻ മിർസയെ റൺഔട്ടാക്കുന്ന ബംഗ്ലദേശ് താരങ്ങൾ. Photo: MUNIR UZ ZAMAN / AFP

ധാക്ക∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വമ്പൻ തോല്‍വി വഴങ്ങി പാക്കിസ്ഥാൻ. ഏഴു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 19.3 ഓവറിൽ 110 റൺസെടുത്തു പുറത്താകുകയായിരുന്നു. 34 പന്തിൽ 44 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. പാക്കിസ്ഥാന്റെ ഏഴു ബാറ്റർമാരാണു രണ്ടക്കം കടക്കാൻ പോലും സാധിക്കാതെ പുറത്തായത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ തൻസിദ് ഹസനെ (ഒന്ന്) നഷ്ടമായെങ്കിലും പർവേസ് ഹുസെയ്ന്റെ അർധ സെഞ്ചറി ബംഗ്ലദേശിനെ അനായാസ വിജയത്തിലെത്തിച്ചു. 39 പന്തുകൾ നേരിട്ട പർവേസ് ഹുസെയ്ൻ 56 റൺസടിച്ചു പുറത്താകാതെനിന്നു. തൗഹിദ് ഹൃദോയ് 37 പന്തിൽ 36 റണ്‍സെടുത്തു. 27 പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലദേശ് വിജയലക്ഷ്യത്തിലെത്തിയത്.

അതേസമയം തോൽവിക്കു പിന്നാലെ മിർപുർ ഷേർ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിലെ പിച്ചിനെ പഴിച്ച് പാക്കിസ്ഥാൻ ടീം ഹെഡ് കോച്ച് മൈക്ക് ഹെസൻ രംഗത്തെത്തി. മിർപൂരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ ആദ്യ എട്ടോവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന മോശം അവസ്ഥയിലേക്കു വീണിരുന്നു. ഇതാണ് പാക്ക് പരിശീലകന്റെ വിമർശനത്തിനു കാരണം.

‘‘ഈ പിച്ച് ഒരു ടീമിനും ഉപകരിക്കുന്നതായി തോന്നുന്നില്ല. ടീമുകൾ ഏഷ്യാ കപ്പിനും ട്വന്റി20 ലോകകപ്പിനും വേണ്ടിയുള്ള തയാറെടുപ്പുകളിലാണ്. ഇത് ഒരിക്കലും സ്വീകാര്യമല്ല. രാജ്യാന്തര നിലവാരമുള്ള ഗ്രൗണ്ടല്ല മിർപുരിലേത്. എങ്കിലും ബാറ്റിങ്ങിലെ പാക്കിസ്ഥാന്റെ ചില തീരുമാനങ്ങളും തെറ്റായിപ്പോയി. മധ്യനിരയ്ക്കു ടീമിനെ സഹായിക്കാൻ സാധിച്ചില്ല. ചില റൺഔട്ടുകളും തിരിച്ചടിച്ചു.’’– പാക്കിസ്ഥാൻ പരിശീലകൻ പ്രതികരിച്ചു. അതേസമയം പാക്ക് പരിശീലകന്റെ ആരോപണങ്ങളെ ബംഗ്ലദേശ് ടീം മാനേജ്മെന്റ് തള്ളി.

English Summary:

Bangladesh bushed Pakistan successful archetypal Twenty 20

Read Entire Article