Published: January 15, 2026 02:43 PM IST
1 minute Read
ധാക്ക ∙ ഐപിഎലിലും പിന്നീട് ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത ബംഗ്ലദേശ ക്രിക്കറ്റ് ബോർഡിൽ തമ്മിലടി. ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ രാജ്യത്തെ താരങ്ങൾക്കെതിരെ പരാമർശം നടത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ എം.നജ്മുൽ ഇസ്‌ലാമിനു കാരണം കാണിക്കൽ നോട്ടിസ് നൽകി. ബംഗ്ലദേശ് പ്രിമിയർ ലീഗ് (ബിപിഎൽ) ബഹിഷ്കരിക്കുമെന്ന് താരങ്ങളുടെ മുന്നുറിയിപ്പിനു പിന്നാലെയാണ് നോട്ടിസ് നൽകിയത്.
വ്യാഴാഴ്ച നവോഖാലി എക്‌സ്പ്രസും ചാറ്റോഗ്രാം റോയൽസും തമ്മിലുള്ള ബിപിഎൽ മത്സരം തുടങ്ങനായില്ല. പ്രാദേശിക സമയം ഇന്ന് ഒരു മണിക്ക് തുടങ്ങേണ്ട മത്സരത്തിന്‍റെ ടോസിനായി 12.30ഓടെ മാച്ച് റഫറി ഗ്രൗണ്ടിലെത്തിയെങ്കിലും ഇരു ടീമുകളിലെയും ക്യാപ്റ്റൻമാരോ താരങ്ങളോ ഗ്രൗണ്ടിലെത്തിയില്ല. എന്താണ് സംഭവിക്കുന്നത് അറിയില്ലെന്നും ടോസിനായി ഗ്രൗണ്ടില്‍ നില്‍ക്കുകയാണെങ്കിലും ആരും വന്നിട്ടില്ലെന്നും മത്സരത്തിന്‍റെ മാച്ച് റഫറിയായ ഷിപാര്‍ അഹ്മദ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ബുധനാഴ്ച ധാക്ക ക്രിക്കറ്റ് ലീഗിലും കളിക്കാര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് മത്സരം മുടങ്ങിയിരുന്നു. നജ്മുൽ ഇസ്‌ലാം രാജിവച്ചില്ലെങ്കിൽ ബിപിഎൽ പൂർണമായും ബഹിഷ്‌കരിക്കുമെന്നാണ് ബംഗ്ലദേശ് താരങ്ങളുടെ ഭീഷണി.
‘‘ബോർഡിലെ ഒരു അംഗം അടുത്തിടെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഖേദം പ്രകടിപ്പിക്കുന്നു. ഈ പരാമർശങ്ങൾ മൂലമുണ്ടായ ആശങ്ക ബിസിബി അംഗീകരിക്കുകയും പ്രഫഷനലിസം, ക്രിക്കറ്റ് താരങ്ങളോടുള്ള ബഹുമാനം, ക്രിക്കറ്റ് കളിയെ പരിപോഷിപ്പിക്കുന്ന മൂല്യങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. വിഷയത്തിൽ, ബന്ധപ്പെട്ട ബോർഡ് അംഗത്തിനെതിരെ ബോർഡ് ഇതിനകം തന്നെ ഔദ്യോഗിക അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാരണം കാണിക്കൽ കത്ത് നൽകിയിട്ടുണ്ട്, കൂടാതെ 48 മണിക്കൂറിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാൻ വ്യക്തിയോട് നിർദ്ദേശിച്ചിട്ടുണ്ട്.’’– ബിസിബി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനായി ബംഗ്ലദേശ് ടീം ഇന്ത്യയിലേക്കു പോകില്ലെന്ന് ആവർത്തിച്ച നജ്മുൽ ഇസ്‌ലാം, ബംഗ്ലദേശ് താരങ്ങൾക്ക് മാച്ച് ഫീ ഇനത്തിൽ വരുന്ന നഷ്ടത്തിനു നഷ്ടപരിഹാരം നൽകില്ലെന്ന് പറഞ്ഞതോടെയാണ് കോലാഹലം ആരംഭിച്ചത്. ബിസിബി ഇതുവരെ താരങ്ങൾ പിന്തുണ നൽകിയിട്ടില്ലെന്നും അതുകൊണ്ട് നഷ്ടപരിഹാരം നൽകില്ലെന്നുമാണ് നജ്‌മുൽ ഇസ്‌ലാം പറഞ്ഞത്. ഇതോടെ താരങ്ങൾ ബിപിഎൽ ബഹിഷ്കരണ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നജ്‌മുലിന് ബിസിബി കാരണംകാണിക്കൽ നോട്ടിസ് അയച്ചത്. ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് താരങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.
നേരത്തെ, ഇന്ത്യയുമായുള്ള സംഘർഷം സംയമനത്തോടെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് നജ്മുൽ ആക്ഷേപിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ താരങ്ങളടക്കം രംഗത്തെത്തിയതിനു പിന്നാലെയാണ് അടുത്ത പ്രശ്നം ആരംഭിച്ചത്.
ബംഗ്ല താരം മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്ന് ഒഴിവാക്കിയതിനു പ്രതിഷേധിച്ചാണ് ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി നിരസിച്ചെങ്കിലും ബിസിബി ഇതുവരെ വഴങ്ങിയിട്ടില്ല.
English Summary:








English (US) ·