ധാക്ക ∙ ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ബംഗ്ലദേശ് ടീമംഗങ്ങൾക്ക് ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന വാദമുയർത്തിയാണ് വേദിമാറ്റ ആവശ്യം വീണ്ടും ഉന്നയിച്ചത്. കായിക മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിബിയുടെ നീക്കം. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ കൊളംബോയിലേക്കു മാറ്റണമെന്ന് 4നു ബംഗ്ലദേശ് ബോർഡ് രേഖാമൂലം ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
‘‘കായിക മന്ത്രാലയ ഉപദേഷ്ടാവ് ആസിഫ് നസ്രുളുമായുള്ള ചർച്ചകളെത്തുടർന്ന് ബിസിബി വീണ്ടും ഐസിസിക്ക് ഒരു കത്ത് നൽകിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട എന്തൊക്കെ ആശങ്കകളാണ് ഉള്ളതെന്നായിരുന്നു ഐസിസിക്ക് അറിയേണ്ടത്. ഇക്കാര്യങ്ങൾ പരാമർശിച്ചാണ് ബിസിബി കത്ത് നൽകിയത്.’’– ബിസിബി വൃത്തം പറഞ്ഞു. എങ്കിലും കത്തിലെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിന്റെ പങ്കാളിത്തത്തെക്കുറിച്ച് ബിസിബിയും ഐസിസിയും തമ്മിൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ബിസിബിയുടെ ഈ നീക്കം. വിഷയത്തിൽ ഇതുവരെ ഐസിസി പരസ്യമായി പ്രതികരിച്ചിട്ടില്ല. ബിസിബി ആദ്യം നൽകിയ കത്തിലെ ആവശ്യങ്ങൾ ഐസിസി നിരസിച്ചതായി റിപ്പോർട്ടു വന്നെങ്കിലും ബോർഡ് ഇക്കാര്യം നിഷേധിച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽനിന്ന് (ഐസിസി) അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ടീമിന്റെ സുരക്ഷ സംബന്ധിച്ചുള്ള ബംഗ്ലദേശിന്റെ ആശങ്കകൾ പരിഹരിക്കാൻ ഐസിസി സന്നദ്ധത അറിയിച്ചെന്നും ബിസിബി വ്യക്തമാക്കി.
എന്നാൽ വിഷയത്തിൽ ബിസിബി തന്നെ രണ്ടു തട്ടിലാണെന്നാണ് പുറത്തുവരുന്ന വിവരം. ബോർഡിലെ ഒരു വിഭാഗം ആസിഫ് നസ്രുളിന്റെ കർശന നിലപാടിനെ പിന്തുണയ്ക്കുമ്പോൾ മറ്റൊരു വിഭാഗം ഐസിസിയുമായും ഇന്ത്യൻ അധികാരികളുമായും ചർച്ചയ്ക്കുള്ള വഴികൾ തുറന്നിടണമെന്ന അഭിപ്രായക്കാരാണ്. ഇന്ത്യയിൽ തന്നെ കളിച്ചാലും ബംഗ്ലദേശ് ടീമിന് കൂടുതൽ സുരക്ഷ ആവശ്യപ്പെടണമെന്നാണ് ഇവർ പറയുന്നത്.
കായിക മന്ത്രാലയ ഉപദേഷ്ടാവ് ആസിഫ് നസ്രുളിന്റെ സമ്മർദത്തെ തുടർന്നാണ് നിലവിൽ ബിസിബിയുടെ കടുംപിടിത്തത്തിനു കാരണമെന്നാണ് വിവരം. പലപ്പോഴും ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നയാളാണ് ആസിഫ് നസ്രുൾ. സർക്കാരിനെ മറികടന്ന് ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാണ് ബിസിബി കർശന നിലപാട് തുടരുന്നത്.
അതേസമയം, ലോകകപ്പിനായി ബംഗ്ലദേശ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹൊസൈനും പറയുന്നു. സുരക്ഷാ കാരണങ്ങളാൽ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കരുതെന്നും ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളിന്റെ നിലപാടിനെ താൻ പൂർണ്ണമായി പിന്തുണയ്ക്കുന്നെന്നും തൗഹിദ് ഹൊസൈൻ പറഞ്ഞു. ‘‘ഇന്ത്യയ്ക്ക് പുറത്ത് ഞങ്ങൾ തീർച്ചയായും കളിക്കും. താരങ്ങളുടെ സപ്പോർട്ട് സ്റ്റാഫും ഇന്ത്യയിലേക്ക് പോകേണ്ടിവന്നാൽ അവരുടെ സുരക്ഷയിൽ സർക്കാരിന് ആശങ്കയുണ്ട്.’’– തൗഹിദ് ഹൊസൈൻ പറഞ്ഞു.
ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ബിസിസിഐ ഐപിഎലിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ‍് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്.
English Summary:








English (US) ·