ബംഗ്ലദേശ് താരത്തെ കളിപ്പിച്ചാൽ സ്റ്റേഡിയം കയ്യേറും, പിച്ചുകൾ തകർക്കും; ഇന്ത്യൻ പ്രീമിയർ ലീഗിന് ഭീഷണി

3 weeks ago 2

മനോരമ ലേഖകൻ

Published: December 28, 2025 02:12 PM IST Updated: December 28, 2025 03:06 PM IST

1 minute Read

 X@BCB
മുസ്തഫിസുർ റഹ്മാൻ. Photo: X@BCB

ഭോപ്പാൽ∙ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തടയുമെന്ന ഭീഷണിയുമായി ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കൾ. 2026 ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയാണ് മുസ്തഫിസുർ റഹ്മാൻ കളിക്കാനൊരുങ്ങുന്നത്. ബംഗ്ലദേശിൽ ഹിന്ദു വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ്, ഐപിഎൽ സംഘാടകർക്കെതിരെ ഒരു വിഭാഗം ഭീഷണിയുമായി എത്തുന്നത്. മുസ്തഫിസുറിനെ കളിപ്പിച്ചാൽ ഐപിഎല്‍ മത്സരത്തിന്റെ പിച്ചുകൾ തകർക്കുമെന്നാണു സംഘത്തിന്റെ ഭീഷണി.

ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ മഹാവീർ നാഥ് ഉൾപ്പടെയുള്ള നേതാക്കളാണ് ഐപിഎൽ തടസ്സപ്പെടുത്തുമെന്ന് മാധ്യമങ്ങളോടു പറഞ്ഞത്. ബംഗ്ലദേശിലെ സംഭവങ്ങൾ കണ്ടില്ലെന്നു നടക്കുന്ന അധികൃതർ, ബംഗ്ലദേശി താരങ്ങളെ ഇവിടെ കളിക്കാൻ അനുവദിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഐപിഎൽ താരലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് ബംഗ്ലദേശി പേസറെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎലിൽ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്.

പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്നുകൾ ആരംഭിച്ചിരുന്നു. മതനിന്ദ ആരോപിച്ച് ബംഗ്ലദേശിലെ ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയില്‍ ബംഗ്ലദേശിനെതിരെ പ്രതിഷേധങ്ങൾ ശക്തമായത്. ജോലി സ്ഥലത്തുനിന്ന് ഒരു സംഘം ആളുകൾ ചേര്‍ന്ന് ദിപു ചന്ദ്ര ദാസിനെ പുറത്തിറക്കിയ ശേഷം മര്‍ദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു.

English Summary:

IPL Threat: A contention has erupted with threats to disrupt IPL matches if Bangladeshi subordinate Mustafizur Rahman participates. Religious leaders are protesting against the inclusion of the subordinate owed to ongoing issues successful Bangladesh.

Read Entire Article