Published: September 11, 2025 10:09 PM IST Updated: September 12, 2025 03:35 AM IST
1 minute Read
അബുദാബി ∙ കുഞ്ഞൻ ടീമായ ഹോങ്കോങ്ങിനെതിരെ 7 വിക്കറ്റ് വിജയത്തോടെ ബംഗ്ലദേശ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ കുതിപ്പ് തുടങ്ങി. ആദ്യം ബാറ്റു ചെയ്ത ഹോങ്കോങ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 14 പന്തുകളും 7 വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലദേശ് മറികടന്നു. അർധ സെഞ്ചറിയുമായി ബംഗ്ലദേശ് ബാറ്റിങ്ങിനെ നയിച്ച ക്യാപ്റ്റൻ ലിറ്റൻ ദാസ് (39 പന്തിൽ 59) ജയത്തിന് 2 റൺസ് അരികെയെത്തിയപ്പോഴാണ് പുറത്തായത്. സ്കോർ: ഹോങ്കോങ്– 20 ഓവറിൽ 7ന് 143. ബംഗ്ലദേശ്– 17.4 ഓവറിൽ 3ന് 144. ലിറ്റനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
അനായാസ ജയം മോഹിച്ചിറങ്ങിയ ബംഗ്ലദേശിന് ബാറ്റിങ്ങിലും ബോളിങ്ങിലും വെല്ലുവിളിയുയർത്തിയ ശേഷമായിരുന്നു ഹോങ്കോങ്ങിന്റെ കീഴടങ്ങൽ. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് ഓപ്പണർമാരായ പർവേസ് ഹൊസൈൻ (19), തൻസിദ് ഹസൻ (14) എന്നിവരുടെ വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ 95 റൺസ് നേടിയ ലിറ്റൻ ദാസ്– തൗഹിദ് ഹൃദോയ് (35 നോട്ടൗട്ട്) കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്കു നയിച്ചു.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 94 റൺസിൽ ഒതുങ്ങിയ ഹോങ്കോങ് ബാറ്റിങ് നിര ഇന്നലെ ബംഗ്ലദേശിനെതിരെ കരുത്തുകാട്ടി. അൻഷുമാൻ റാത്ത് (4), ബാബർ ഹയാത്ത് (14) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായ ഹോങ്കോങ്ങിനു പവർപ്ലേയിൽ 2 വിക്കറ്റ് നഷ്ടത്തിൽ 34 റൺസാണ് നേടാനായത്. എന്നാൽ, മൂന്നാം വിക്കറ്റിൽ സീഷൻ അലിക്കൊപ്പവും (42) നാലാം വിക്കറ്റിൽ ക്യാപ്റ്റൻ യാസിം മുർത്താസയ്ക്കൊപ്പവും (28) നിർണായക കൂട്ടുകെട്ടുകൾ സൃഷ്ടിച്ച നിസാഖത് ഖാൻ (40 പന്തിൽ 42) ടീമിനെ കരകയറ്റി. 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്ത ഹോങ്കോങ് ടീമിന് അടുത്ത 19 റൺസിനിടെ 4 വിക്കറ്റ് നഷ്ടമാകുകയായിരുന്നു.
English Summary:








English (US) ·