
Photo: x.com/EmiratesCricket/
ഷാര്‍ജ: ടി20-യില്‍ ബംഗ്ലാദേശിനെതിരേ റെക്കോഡ് ജയവുമായി യുഎഇ ക്രിക്കറ്റ് ടീം. ബംഗ്ലാദേശ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കേ യുഎഇ മറികടക്കുകയായിരുന്നു. രണ്ടു വിക്കറ്റിനായിരുന്നു യുഎഇയുടെ ജയം. അന്താരാഷ്ട്ര ടി20-യില്‍ യുഎഇയുടെ വലിയ വിജയങ്ങളിലൊന്നാണിത്.
ടി20 ചരിത്രത്തില്‍ ഐസിസിയുടെ സ്ഥിരാംഗമായ ടീമിനെതിരേ ഒരു അസോസിയേറ്റ് രാജ്യം ചേസ് ചെയ്ത് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടി20-യില്‍ യുഎഇ 200-ന് മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നതും ഇതാദ്യമാണ്. ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. ബുധനാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 205 റണ്‍സ്. തന്‍സിദ് ഹസന്‍ (59), ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് (40), തൗഹിദ് ഹൃദോയ് (45), നജ്മുള്‍ ഹുസൈന്‍ ഷാന്റോ (27) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്. യുഎഇയ്ക്കായി ജവാദുള്ള മൂന്നും സാഗിര്‍ ഖാന്‍ രണ്ടും വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയുടേത് മികച്ച തുടക്കമായിരുന്നു. മുഹമ്മദ് സൊഹൈബും ക്യാപ്റ്റന്‍ മുഹമ്മദ് വസീമും ചേര്‍ന്ന ഓപ്പണിങ് സഖ്യം 10 ഓവറില്‍ അടിച്ചെടുത്തത് 107 റണ്‍സ്. പിന്നാലെ 34 പന്തില്‍ 38 റണ്‍സുമായി സൊഹൈബ് മടങ്ങി. പിന്നാലെ രാഹുല്‍ ചോപ്രയും (2) പുറത്ത്. സ്‌കോര്‍ 148-ല്‍ നില്‍ക്കേ വസീമിനെ ഷോരിഫുള്‍ ഇസ്ലാം പുറത്താക്കി. 42 പന്തില്‍ നിന്ന് 82 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ മടങ്ങിയത്. അഞ്ച് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വസീമിന്റെ ഇന്നിങ്‌സ്.
പിന്നീട് കൃത്യമായ ഇടവേളകളില്‍ യുഎഇയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ആസിഫ് ഖാന്‍ (19), ആലിഷന്‍ ഷറഫു (13), സാഗിര്‍ ഖാന്‍ (8), ആര്യാന്‍ഷ് ശര്‍മ (7), ധ്രുവ് പരാഷാര്‍ (11) എന്നിവരാണ് പുറത്തായത്.
12 പന്തില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കേ ഷോരിഫുള്‍ ഇസ്ലാം എറിഞ്ഞ 19-ാം ഓവറില്‍ 17 റണ്‍സ് അടിച്ചെടുത്ത ധ്രുവ് പരാഷാര്‍ - ഹൈദര്‍ അലി സഖ്യമാണ് അവസാന നിമിഷം കളിതിരിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന യുഎഇയ്ക്കായി ഒരു സിക്‌സ് കൂടി നേടിയ ശേഷമാണ് പരാഷാര്‍ മടങ്ങിയത്. പിന്നാലെ ഹൈദര്‍ ഒരു പന്തു ബാക്കിനില്‍ക്കേ ടീമിനെ വിജയത്തിലെത്തിച്ചു.
Content Highlights: UAE cricket squad achieves a grounds T20 triumph implicit Bangladesh, chasing down 206 runs with 1 ball








English (US) ·