ബഹിഷ്കരണ ‘നാടകത്തിനു’ ശേഷം യുഎഇയ്ക്കെതിരെ 41 റൺസ് വിജയവുമായി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കൊപ്പം സൂപ്പർ ഫോറിൽ

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: September 17, 2025 07:23 PM IST Updated: September 18, 2025 09:29 AM IST

2 minute Read

യുഎഇ ബാറ്റർ അലിഷാൻ ഷറഫുവിനെ പുറത്താക്കിയ പാക്ക് പേസർ ഷഹീൻ അഫ്രീദിയുടെ ആഹ്ലാദം.
യുഎഇ ബാറ്റർ അലിഷാൻ ഷറഫുവിനെ പുറത്താക്കിയ പാക്ക് പേസർ ഷഹീൻ അഫ്രീദിയുടെ ആഹ്ലാദം.

ദുബായ്∙ വിവാദങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ അരങ്ങേറിയ നിർണായക മത്സരത്തിൽ യുഎഇക്കെതിരെ 41 റൺസ് ജയവുമായി പാക്കിസ്ഥാൻ ഏഷ്യാകപ്പിന്റെ സൂപ്പർ ഫോർ റൗണ്ടിൽ ക‌ടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. അർധ സെ‍ഞ്ചറി നേടിയ ഫഖർ സമാന്റെ (36 പന്തിൽ 50) ഇന്നിങ്സാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ യുഎഇയുടെ പോരാട്ടം 105ൽ ഒതുങ്ങി. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 146. യുഎഇ 17.4 ഓവറിൽ 105ന് പുറത്ത്. പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നതോടെ വീണ്ടുമൊരു ഇന്ത്യ– പാക്ക് മത്സരത്തിന് ഏഷ്യാകപ്പ് വേദിയാകുമെന്ന് ഉറപ്പായി. 21ന് ദുബായിലായിരിക്കും ഇന്ത്യ– പാക്കിസ്ഥാൻ മത്സരം.

എറിഞ്ഞിട്ട് പാക്കിസ്ഥാൻ

147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇക്ക് തുടക്കത്തിൽ തന്നെ മലയാളി താരം അലിഷാൻ ഷറഫുവിനെ (12) നഷ്ടമായി. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് വസീമും (14) വീണതോടെ യുഎഇ പ്രതിരോധത്തിലായി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സൊഹൈബും (4) പുറത്തായതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 38 എന്ന നിലയിലായി യുഎഇ. നാലാം വിക്കറ്റിൽ 51 പന്തിൽ 48 റൺസ് കൂട്ടിച്ചേർത്ത രാഹുൽ ചോപ്ര (35)– ധ്രുവ് പരാഷർ (20) സഖ്യം ചെറുത്തുനിൽപിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുവരും വീണതോടെ യുഎഇ തോൽവി ഉറപ്പിച്ചു. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതം നേടി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഓപ്പണർ സയിം അയൂബിനെ (0) തുടക്കത്തിൽ തന്നെ നഷ്ടമായി. ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അയൂബ് സംപൂജ്യനായി പുറത്താകുന്നത്. യുഎഇ പേസർ ജുനൈദ് സിദ്ധിഖിക്കായിരുന്നു വിക്കറ്റ്. തന്റെ രണ്ടാം ഓവറിൽ സഹ ഓപ്പണർ സാഹിബ്സാദാ ഫർഫാനെയും (5) മടക്കിയ സിദ്ധിഖി പാക്കിസ്ഥാനെ വിറപ്പിച്ചു. ഇതോടെ പ്രതിരോധത്തിലായ പാക്ക് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഫഖർ– സൽമാൻ ആഗ (20) കൂട്ടുകെട്ടാണ്. മറ്റു പരുക്കുകളില്ലാതെ 2ന് 39 എന്ന സ്കോറിൽ പവർപ്ലേ അവസാനിപ്പിച്ച പാക്കിസ്ഥാനെ ഇരുവരും ചേർന്ന് പതിയെ മുന്നോട്ടു നയിച്ചു. മൂന്നാം വിക്കറ്റിൽ 50 പന്തിൽ 61 റൺസാണ് ഇരുവരും ചേർന്നു നേടിയത്.

സൽമാനെ വീഴ്ത്തിയ ധ്രുവ് പരാഷറാണ് യുഎഇക്ക് മത്സരത്തിൽ ആധിപത്യം തിരികെ നൽകിയത്. പിന്നാലെ സ്പിന്നർമാരിലൂടെ യുഎഇ മത്സരത്തിൽ പിടിമുറുക്കി. 2ന് 70 എന്ന സ്കോറിൽ നിന്ന് 6ന് 93 എന്ന നിലയിലേക്ക് യുഎഇ സ്പിന്നർമാർ പാക്കിസ്ഥാനെ തള്ളിയിട്ടു. വാലറ്റത്ത് മുഹമ്മദ് ഹാരിസ് (18), ഷഹീൻ അഫ്രീദി (14 പന്തിൽ 29 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനിൽപാണ് സ്കോർ 146ൽ എത്തിച്ചത്. യുഎഇക്കായി ജുനൈദ് സിദ്ധിഖി നാലും സിമ്രാൻജീത് സിങ് മൂന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തെ തുടർന്ന് പാക്കിസ്ഥാൻ പിൻമാറുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പാക്കിസ്ഥാൻ ടീം ഹോട്ടലിൽനിന്നു ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെത്തുകയായിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി ഇടപെട്ടാണ് ടീമിനെ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് അയച്ചത്. പാക്കിസ്ഥാൻ താരങ്ങൾ സ്റ്റേഡിയത്തിലെത്താൻ വൈകിയതോടെ യുഎഇയ്ക്കെതിരായ മത്സരം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.  

ഹസ്തദാന വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍‍ഡി പൈക്രോഫ്റ്റ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മാനേജരോടും ക്യാപ്റ്റനോടും മാപ്പ് പറഞ്ഞെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്‌താവന ഇറക്കി. സെപ്റ്റംബർ 14-ലെ സംഭവം ആശയവിനിമയത്തിലെ പിഴവുമൂലം ഉണ്ടായതാണെന്ന് ആന്‍‍ഡി പൈക്രോഫ്റ്റ് പറയുകയും മാപ്പ് പറയുകയും ചെയ്തു. ഇന്ത്യ – പാക്കിസ്‌ഥാൻ മത്‌സരത്തിലെ പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഐസിസി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്‌താവനയിൽ പറയുന്നു.

ഇന്ത്യയ്‌ക്കെതിരായ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍‍ഡി പൈക്രോഫ്റ്റിനെ ഏഷ്യാകപ്പിൽനിന്ന് മാറ്റി നിര്‍ത്തണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പൈക്രോഫ്റ്റ് ഏകപക്ഷീയമായി പെരുമാറിയെന്നും ചട്ടപ്രകാരം, മാച്ച് റഫറി എന്ന നിലയിൽ ഹസ്തദാനം നൽകേണ്ടതില്ലെന്ന് ക്യാപ്റ്റന്മാരോടു നിർദേശിക്കാൻ പൈക്രോഫ്റ്റിന് അധികാരമില്ലെന്നുമാണ് പിബിസിയുടെ പരാതി. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് രണ്ടു തവണ കത്തയിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. അതിനു പിന്നാലെയാണ് പാക്ക് ടീം മത്സരം ബഹിഷ്കരിക്കുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നത്. ആന്‍‍ഡി പൈക്രോഫ്റ്റാണ് ഈ മത്സരത്തിലെയും മാച്ച് റഫറി. 

English Summary:

Asia Cup controversy: Pakistan initially threatened to retreat from the Asia Cup pursuing a contention during the India match. However, involution from Mohsin Naqvi led the squad to proceed, albeit with a delayed commencement against UAE.

Read Entire Article