
നജീം സേത്തിയും മൊഹ്‌സിൻ നഖ്‌വിയും | AP
ദുബായ്: ഏഷ്യാകപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പാകിസ്താന്‍ ടീം ഉപേക്ഷിച്ചതില്‍ പ്രതികരണവുമായി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജീം സേത്തി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വിയാണ് പിന്മാറാനുള്ള തീരുമാനമെടുത്തിരുന്നതെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ പാകിസ്താന് വലിയ നഷ്ടം സംഭവിക്കുമായിരുന്നെന്നും സേത്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേരിട്ട് പങ്കെടുത്തയാളാണ് സേത്തി. ആ ചർച്ചകൾക്ക് ശേഷമാണ് യുഎഇക്കെതിരേ കളിക്കാനായി പാക് ടീം സ്റ്റേഡിയത്തിലെത്തുന്നത്.
ആ നിമിഷത്തിലുണ്ടായ വികാരത്തിൽ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാൻ മൊഹ്‌സിൻ നഖ്‌വി തീരുമാനിച്ചിരുന്നു. അങ്ങോട്ട് പോയി അവരെ സഹായിക്കരുതെന്ന് എൻ്റെ സുഹൃത്തുക്കൾ പറഞ്ഞു. നഖ്‌വിയെ സഹായിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ പോയത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കാനാണ്. - സേത്തി വ്യക്തമാക്കി.
അദ്ദേഹം ശ്രമിച്ചത് വിജയിച്ചിരുന്നെങ്കിൽ, പാകിസ്താന് പരിഹരിക്കാനാവാത്ത നഷ്ടം സംഭവിക്കുമായിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നമുക്ക് വിലക്ക് ഏർപ്പെടുത്തുകയും, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തുകയും ചെയ്യുമായിരുന്നു. വിദേശ കളിക്കാർ പിഎസ്എല്ലിൽ കളിക്കാൻ വിസമ്മതിച്ചേനെ. എസിസിയുടെ സംപ്രേഷണാവകാശത്തിൽ നിന്നുള്ള 15 മില്യൺ ഡോളർ(ഏകദേശം 132 കോടി ഇന്ത്യൻ രൂപ) നമുക്ക് നഷ്ടപ്പെടും.- അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വി, മുൻ പാക് ബോർഡ് ചെയർമാന്മാരായ റമീസ് രാജ, നജീം സേത്തി എന്നിവരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് പാക് ടീം സ്റ്റേഡിയത്തിലേക്കുവന്നത്. മത്സരം ഒരു മണിക്കൂർ വൈകി തുടങ്ങണമെന്ന പാക് ബോർഡിന്റെ അപേക്ഷ ഐസിസി അംഗീകരിക്കുകയും ചെയ്തു. മാച്ച് റഫറി പാക് ക്യാപ്റ്റനോടും ടീം മാനേജരോടും മാപ്പുപറഞ്ഞെന്നും ഇന്ത്യ-പാകിസ്താൻ മത്സരത്തിലെ ചട്ടലംഘനങ്ങളിൽ അന്വേഷണം നടത്താമെന്ന് ഐസിസി സമ്മതിച്ചെന്നുമാണ് പാക് ബോർഡ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം കളിക്കാനിറങ്ങിയതെന്നാണ് ബോർഡ് പറഞ്ഞുവെക്കുന്നത്.
പാകിസ്താൻ ടീമിന്റെ നടപടി അന്താരാഷ്ട്ര മത്സരനിയമങ്ങളുടെ ലംഘനമാണമെന്നാണ് ഐസിസിയുടെ പക്ഷം. ഐസിസി സിഇഒ സൻജോങ് ഗുപ്ത പാക് ക്രിക്കറ്റ് ബോർഡിന് അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ പൈക്രോഫ്റ്റ്, പാക് ക്രിക്കറ്റ് കോച്ചും ക്യാപ്റ്റനുമായി നടത്തിയ ചർച്ച പാക് ടീമിന്റെ മീഡിയാ മാനേജർ വീഡിയോയിൽ പകർത്തിയതും ചർച്ചയായിട്ടുണ്ട്. ഇതും നിയമത്തിനെതിരാണ്. അതിനാൽ പാക് ക്രിക്കറ്റ് ടീമിനെതിരേ നടപടി വന്നേക്കും.
Content Highlights: Mohsin Naqvi decided to retreat from Asia Cup says Najam Sethi








English (US) ·