‘ബഹിഷ്കരിച്ചാൽ ജയ് ഷായുടെ ഐസിസി ഉപരോധമേർപ്പെടുത്തും’: യു–ടേൺ അടിച്ച് പാക്കിസ്ഥാൻ; യുഎഇക്കെതിരെ കളിക്കും

4 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 16, 2025 05:46 PM IST

1 minute Read

 Sajjad HUSSAIN/AFP
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. Photo: Sajjad HUSSAIN/AFP

ദുബായ് ∙ ഹസ്തദാന വിവാദത്തിനു പിന്നാലെ ഏഷ്യാകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, (പിസിബി) തീരുമാനത്തിൽനിന്നു പിൻവാങ്ങുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിൽനിന്നു പിന്മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് പിസിബി വൃത്തം ദേശീയ മാധ്യമത്തോട് പറഞ്ഞു.

‘‘ഞങ്ങൾ അങ്ങനെ ചെയ്താൽ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി, പിസിബിക്ക് ഉപരോധം ഏർപ്പെടുത്തും. അതു ഞങ്ങളുടെ ബോർഡിന് താങ്ങാൻ കഴിയാത്ത കാര്യമാണ്. ചാംപ്യൻസ് ട്രോഫിക്ക് ശേഷം സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല. ചാംപ്യൻസ് ട്രോഫിയുടെ ഭാഗമായി എല്ലാ സ്റ്റേഡിയങ്ങളും നവീകരിച്ചിരുന്നു.’’– പിസിബിയിലെ ഉന്നതവൃത്തം പറഞ്ഞു. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് പാക്കിസ്ഥാനായിരുന്നു അതിഥേയത്വം വഹിച്ചിരുന്നത്. 

ഞായറാഴ്ച ദുബായിൽ നടന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ ഉയർന്ന ഹസ്തദാന വിവാദത്തിലാണ് പിസിബി ബഹിഷ്കരണ ഭീഷണി മുഴക്കിയത്. രാജ്യാന്തര മത്സരങ്ങളുടെ ടോസിന്റെ സമയത്ത് ഇരു ടീമിന്റെ ക്യാപ്റ്റൻമാരും ഹസ്തദാനം നടത്തുന്നതും പ്ലേയിങ് ഇലവൻ കൈമാറുന്നതും പതിവാണ്. എന്നാൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് ഇതുണ്ടായില്ല. ഇരു ക്യാപ്റ്റൻമാരും ടോസിനു ശേഷം പരസ്പരം നോക്കുക പോലും ചെയ്യാതെ തിരികെ പോയി.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തേണ്ടെന്ന് ടോസിന് മുൻപ് മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയോടു പറഞ്ഞതായാണ് പിസിബിയുടെ ആരോപണം. തുടർന്ന് മാച്ച് റഫറിക്കെതിരെ ഐസിസിക്ക് പിസിബി പരാതി നൽകിയിരുന്നു. ഏഷ്യാ കപ്പിന്റെ തുടർന്നുള്ള മത്സരങ്ങളിൽനിന്നു പൈക്റോപ്റ്റിനെ മാറ്റണമെന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ യുഎഇയ്ക്കെതിരായ അടുത്ത മത്സരത്തിന് ഇറങ്ങില്ലെന്നും പിസിബി അധ്യക്ഷൻ മുഹ്സിൻ നഖ്‌വി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പിസിബിയുടെ ഈ ആവശ്യം ഐസിസി തള്ളി. തുടർന്നാണ് ബഹിഷ്കരണ ഭീഷണിയുടെ സ്വരം പിസിബി മയപ്പെടുത്തുന്നത്.

ബുധനാഴ്ച യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് ഐസിസി അക്കാദമിയിൽ പാക്കിസ്ഥാൻ പരിശീലനത്തിന് ഇറങ്ങും. യുഎഇയോട് തോറ്റാൽ പാക്കിസ്ഥാൻ ഏഷ്യ കപ്പിൽ നിന്ന് പുറത്താകും. ഇന്ത്യയും ചൊവ്വാഴ്ച ഇവിടെ പരിശീലനത്തിന് ഇറങ്ങുന്നുണ്ട്. എന്നാൽ രണ്ടു ടീമുകളും വിവിധ സമയത്താകും എത്തുക. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സൂപ്പർ ഫോറിലേക്ക് ഇന്ത്യ ഇതിനോടകം യോഗ്യത നേടി. യുഎഇയെ തോൽപ്പിച്ചാൽ പാക്കിസ്ഥാനും സൂപ്പർ ഫോറിൽ കടക്കും. അങ്ങനെയെങ്കിൽ വീണ്ടും ഇന്ത്യ–പാക്കിസ്ഥാൻ മത്സരം വരും.

English Summary:

Asia Cup boycott menace from Pakistan Cricket Board has present subsided. The PCB is improbable to retreat from the Asia Cup owed to imaginable sanctions from the ICC. The archetypal menace stemmed from a handshake contention pursuing the India-Pakistan match.

Read Entire Article