Published: May 14, 2026 09:29 AM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതാരത്തെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷിനു പകരം കർണാടക താരം മക്നെയ്ൽ ഹാഡ്‍ലി നൊറോണയെയാണ് ചെന്നൈ ടീമിലെത്തിച്ചത്. താരം ടീമിനൊപ്പം ചേർന്നു പരിശീലനം തുടങ്ങി. മേയ് രണ്ടിന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെയാണ് രാമകൃഷ്ണ ഘോഷിന്റെ വലത്തേക്കാലിനു പരുക്കുണ്ടായത്. താരത്തിന്റെ ഐപിഎൽ അരങ്ങേറ്റം കൂടിയായിരുന്നു ഇത്.
കർണാടകയിലെ ആഭ്യന്തര ടൂർണമെന്റായ മഹാരാജ ട്രോഫിയിൽ മംഗളൂരു ഡ്രാഗൺസിനു വേണ്ടി നടത്തിയ പ്രകടനമാണ് നൊറോണയെ ഐപിഎലില്‍ എത്തിച്ചത്. കർണാടക ലീഗിൽ 13 മത്സരങ്ങളിൽ 148.82 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്ത താരം 253 റൺസടിച്ചിരുന്നു. ഓഫ് സ്പിന്നറായ നൊറോണ 10 വിക്കറ്റുകളും വീഴ്ത്തി. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്വന്റി20യിൽ മൂന്ന് മത്സരങ്ങളും കളിച്ചു.
പരുക്കിനെ തുടർന്ന് ഖലീൽ അഹമ്മദ്, ആയുഷ് മാത്രെ എന്നിവരും ടീമിൽനിന്നു പുറത്തായിരുന്നു. വിദേശ പേസർ നേഥൻ എലിസും അദ്ദേഹത്തിനു പരുക്കേറ്റപ്പോൾ വന്ന സ്പെൻസർ ജോൺസണും പരുക്കിന്റെ പിടിയിലാണ്. പരുക്കു കാരണം ബുദ്ധിമുട്ടുന്ന ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിക്കും സീസണിൽ ഇതുവരെ കളിക്കാൻ സാധിച്ചിട്ടില്ല. 11 മത്സരങ്ങളിൽ ആറു വിജയങ്ങളുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളിൽ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്.
English Summary:







English (US) ·