Published: December 31, 2025 07:15 PM IST
1 minute Read
അഹമ്മദാബാദ്∙ ത്രില്ലർ പോരാട്ടത്തിനൊടുവിൽ വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ ഉജ്വല വിജയവുമായി കേരളം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ 344 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്നാണു കേരളം തകർപ്പൻ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 343 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ചറി നേടുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ ഓപ്പണർമാർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 25 റൺസെടുത്ത ആദിത്യ റാഥോറിനെ ഏദൻ ആപ്പിൾ ടോമും 15 റൺസെടുത്ത രാം ചൗഹാനെ അങ്കിത് ശർമ്മയും പുറത്താക്കി. ഇതോടെ രണ്ട് വിക്കറ്റിന് 47 റൺസെന്ന നിലയിലായിരുന്ന രാജസ്ഥാനെ കരൺ ലംബയും ദീപക് ഹൂഡയും ചേർന്ന കൂട്ടുകെട്ടാണ് ശക്തമായ നിലയിലെത്തിച്ചത്. ഇരുവരും ചേർന്ന് 165 പന്തുകളിൽ 171 റൺസ് കൂട്ടിച്ചേർത്തു. 83 പന്തുകളിൽ 86 റൺസെടുത്ത ദീപക് ഹൂഡയെ ബാബ അപരാജിത്ത് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയവർ അതിവേഗം സ്കോർ ഉയർത്താൻ ശ്രമിച്ചപ്പോൾ മറുവശത്ത് കരൺ ലംബ ഉറച്ച് നിന്നു. ക്യാപ്റ്റൻ മാനവ് സുതാർ 11 പന്തുകളിൽ 21ഉം അജയ് സിങ് കുക്ന 15 പന്തുകളിൽ 23 റൺസും നേടി. കരൺ ലംബ 119 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ബാബ അപരാജിത്തും കൃഷ്ണപ്രസാദും ചേർന്ന് നേടിയ 155 റൺസാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. കൃഷ്ണപ്രസാദ് 53 റൺസും ബാബ അപരാജിത്ത് 126 റൺസും നേടി. 116 പന്തുകളിൽ 12 ബൗണ്ടറികളും നാല് സിക്സും അടങ്ങുന്നതായിരുന്നു അപരാജിത്തിന്റെ ഉജ്വല ഇന്നിങ്സ്. എന്നാൽ തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും 28 റൺസ് വീതം നേടി മടങ്ങി. ഷറഫുദ്ദീൻ 11ഉം സൽമാൻ നിസാർ 18ഉം റൺസ് നേടി പുറത്തായതോടെ 44.5 ഓറിൽ ഏഴ് വിക്കറ്റിന് 287 റൺസെന്ന നിലയിലായിരുന്നു കേരളം.
കളി കൈവിട്ടെന്ന് കരുതിയ ഘട്ടത്തിൽ ഒത്തുചേർന്ന അങ്കിത് ശർമയും ഏദൻ ആപ്പിൾ ടോമും ചേർന്നാണ് കേരളത്തിന് വിജയത്തിലേക്ക് വഴിയൊരുക്കിയത്. ഇരുവരും ചേർന്ന് 26 പന്തുകളിൽ നേടിയ 46 റൺസാണ് കളിയുടെ ഗതി മാറ്റിയെഴുതിയത്. വിജയത്തിന് 11 റൺസ് അകലെ 27 റൺസ് നേടിയ അങ്കിത് ശർമ പുറത്തായി. എന്നാൽ കൃത്യതയോടെ ബാറ്റ് വീശിയ ഏദൻ ആപ്പിൾ ടോം കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. വെറും 18 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സും അടക്കം 40 റൺസുമായി ഏദൻ പുറത്താകാതെ നിന്നു. അവസാന പന്തിൽ സിക്സർ പറത്തിയാണ് ആപ്പിൾ ടോം കളി ജയിപ്പിച്ചത്. രാജസ്ഥാന് വേണ്ടി അനികേത് ചൗധരി നാലും മാനവ് സുതാർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·