'ബാബര്‍ തിരിച്ചുവന്നാല്‍ കോലിയേക്കാളും മികച്ചവനാകും,വിവ് റിച്ചാര്‍ഡ്‌സിനൊപ്പം ചേര്‍ത്തുവെക്കപ്പെടും'

9 months ago 10

19 April 2025, 08:13 AM IST

babar kohli

ബാബർ അസം, വിരാട് കോലി | AFP

ലാഹോര്‍:പാക് താരം ബാബര്‍ അസമിന് ഇത് കഷ്ടകാലമാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കായുള്ള പാക് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും(പിഎസ്എല്‍) താരം മോശം ഫോമിലാണ്. ലീഗില്‍ പെഷവാര്‍ സല്‍മിയുടെ നായകനായ താരം ആദ്യ മത്സരത്തില്‍ ഡക്കായപ്പോള്‍ രണ്ടാം മത്സരത്തില്‍ ഒരു റണ്‍ മാത്രമാണ് നേടിയത്. മോശം ഫോമിലാണെങ്കിലും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പിഎസ്എല്‍ ഫ്രാഞ്ചൈസിയായ കറാച്ചി കിങ്‌സിന്റെ ഉടമ സല്‍മാന്‍ ഇഖ്ബാല്‍. ബാബർ തിരിച്ചുവന്നാൽ ലോകത്തിലെ മികച്ച താരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

'എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ. ബാബര്‍ അസം തിരിച്ചുവന്നാല്‍ അദ്ദേഹം വിരാട് കോലിയടക്കം ലോകത്തിലെ ഏതൊരു താരത്തേക്കാളും മികച്ച താരമാകും. ഗാരി സോബേഴ്‌സ്, വിവി റിച്ചാര്‍ഡ്‌സ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ബാബര്‍ അസമിന്റെ പേരും ചേര്‍ത്തുവെക്കപ്പെടും.'- സല്‍മാന്‍ ഇഖ്ബാല്‍ എആര്‍വൈ പോഡ്കാസ്റ്റില്‍ പറഞ്ഞു.ബാബറിന്റെ ഉഗ്രന്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരു ക്ലാസ് താരമാണ് ബാബര്‍. അത് എന്നും നിലനില്‍ക്കുന്നതാണ്. ഉജ്വലമായി ബാബര്‍ തിരിച്ചുവരും. ഞങ്ങളുടെ ടീമിലുണ്ടായിരുന്നപ്പോള്‍ മൂന്നാമനായി അദ്ദേഹം ബാറ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ആ രീതി മാറ്റാന്‍ ബാബര്‍ തയ്യാറായിരുന്നില്ല. സ്‌ക്വാഡ് പൂര്‍ണമായി അഴിച്ചുപണിയാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. അതിനാലാണ് ബാബര്‍, ഇമാദ് വസിം, മുഹമ്മദ് ആമിര്‍ എന്നിവര്‍ക്ക് പുറത്തുപോകേണ്ടിവന്നത്. '- ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.

2017 മുതല്‍ 2022 വരെ കറാച്ചി കിങ്‌സിനായി കളിച്ചിട്ടുള്ള താരമാണ് ബാബര്‍. 2020 ല്‍ ടീമിന്റെ കിരീടനേട്ടത്തിലും പങ്കാളിയായി. ഓപ്പണര്‍ റോളില്‍ നിന്ന് മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് ബാബറിന് ടീം വിടേണ്ടിവന്നത്. അതേസമയം പിഎസ്എല്‍ ഈ സീസണില്‍ നിലവില്‍ കളിച്ച രണ്ട് മത്സരങ്ങളും പെഷവാര്‍ തോറ്റു. പട്ടികയില്‍ ടീം അവസാനസ്ഥാനത്തുമാണ്.

Content Highlights: babar azam, pakistan cricket, pak team, psl, mediocre form, virat kohli, viv richards, sobers

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article