ബാറ്ററുടെ അടുത്തുപോലും പോകാതെ ‘നോട്ട്ബുക്കിൽ എഴുതിയാൽ’ എന്താണ് പ്രശ്നം: വീണ്ടും പിഴ ചുമത്തിയതിനെതിരെ ഗാവസ്കർ

9 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 15 , 2025 01:19 PM IST

1 minute Read

സുനിൽ ഗാവസ്കർ, ദിഗ്‌വേഷ് രതിയുടെ നോട്ട്‌ബുക്ക് സെലബ്രേഷൻ
സുനിൽ ഗാവസ്കർ, ദിഗ്‌വേഷ് രതിയുടെ നോട്ട്‌ബുക്ക് സെലബ്രേഷൻ

മുംബൈ∙ വിക്കറ്റ് നേട്ടം ആഘോഷിച്ചതിന്റെ പേരിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവതാരം ദിഗ്‌വേഷ് രതിക്കെതിരെ തുടർച്ചയായി പിഴ ചുമത്തിയ നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ആദ്യത്തെ തവണ പഞ്ചാബ് താരം പ്രിയാംശ് ആര്യയെ പുറത്താക്കിയ ശേഷം തൊട്ടടുത്തെത്തി ‘നോട്ട്ബുക്ക് സെലബ്രേഷൻ’ നടത്തിയത് നിയമവിരുദ്ധമാണെങ്കിലും, രണ്ടാം തവണ ബാറ്ററുടെ അടുത്തുപോകാതെ ആഘോഷിച്ചതിന് പിഴ ചുമത്തിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്കർ വിമർശിച്ചു.

‘‘ഡൽഹി ടീമിലെ സഹതാരം കൂടിയായ പ്രിയാംശ് ആര്യയുടെ വിക്കറ്റെടുത്തപ്പോഴാണ് ദിഗ്‌വേഷ് ഇത്തരത്തിൽ ആദ്യമായി ആഘോഷിച്ചത്. അന്ന് പിഴ ചുമത്തിയ നടപടി തീർത്തും ശരിയായിരുന്നു. കാരണം, പുറത്തായി പലവിയനിലേക്കു മടങ്ങിയ ബാറ്ററിന്റെ തൊട്ടടുത്തെത്തിയാണ് നോട്ട്ബുക്ക് സെലബ്രേഷൻ നടത്തിയത്’ – ഗാവസ്കർ പറഞ്ഞു.

‘‘പക്ഷേ, അടുത്ത തവണ വിക്കറ്റെടുത്ത ശേഷം സമാനമായ രീതിയിൽ ദിഗ്‌വേഷ് ആഘോഷിച്ചത് ബാറ്ററുടെ അടുത്തു പോയിട്ടല്ല. എന്നിട്ടും താരത്തിന് പിഴ ചുമത്തിയ തീരുമാനം അദ്ഭുതപ്പെടുത്തി. ബാറ്ററുടെ അടുത്തേക്കു പോകാതെ സ്വന്തം ഇടത്തിൽ ഇത്തരത്തിൽ ആഘോഷം നടത്തിയതിന് പിഴ ചുമത്തിയത് ശരിയായ നടപടിയല്ല’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘‘ഒരു പ്രധാനപ്പെട്ട ബാറ്ററെ പുറത്താക്കുമ്പോഴോ മികച്ചൊരു പന്തിൽ വിക്കറ്റെടുക്കുമ്പോഴോ ബോളർമാർ ഇത്തരത്തിൽ ആഘോഷിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഒരു ഓവറിൽ തുടർച്ചയായി സിക്സും ഫോറും വഴങ്ങിയ ശേഷം വിക്കറ്റെടുക്കുമ്പോൾ ഇത്തരത്തിൽ ആഘോഷിക്കുന്നത് എന്തൊരു പരിഹാസ്യമാണ്. കാരണം ബാറ്റർമാർ റൺസ് നേടാൻ എന്തു റിസ്കും എടുക്കാൻ തയാറാകുന്ന ഇതുപോലുള്ള ടൂർണമെന്റുകളിൽ പരമാവധി അടിമേടിച്ച ശേഷം വിക്കറ്റെടുക്കുമ്പോൾ വലിയ ആഘോഷങ്ങൾക്കു മുതിരുന്നത് ചിരിയുണർത്തും’ – ഗാവസ്കർ പറഞ്ഞു.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഓപ്പണർ പ്രിയാംശ് ആര്യയെ പുറത്താക്കിയതിനു പിന്നാലെയാണ് ദിഗ്‌വേഷ് രതി ഐപിഎലിൽ ആദ്യമായി ‘നോട്ട്ബുക്ക് സെലബ്രേഷനി’ലൂടെ ശ്രദ്ധ നേടിയത്. പുറത്തായി മടങ്ങുന്ന താരത്തിന്റെ സമീപത്തുചെന്ന് സാങ്കൽപിക നോട്ട്ബുക്കിൽ കുറിക്കുന്നതുപോലെ അഭിനയിക്കുന്ന രീതിയാണിത്. ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയും വെസ്റ്റിൻഡീസ് താരം കെസ്രിക് വില്യംസും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിലൂടെയാണ് നോട്ട്ബുക് സെലബ്രേഷൻ രാജ്യാന്തര ക്രിക്കറ്റിൽ പ്രശസ്തമായത്.

പിന്നീട് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നമാൻ ധിറിന്റെ വിക്കറ്റെടുത്ത ശേഷവും താരം സമാനമായ രീതിയിൽ ആഘോഷിച്ചിരുന്നു. അന്നുപക്ഷേ, നോട്ട്ബുക്കിലെഴുതുന്ന ശൈലിയിലുള്ള ആഘോഷത്തിനു പകരം ഗ്രൗണ്ടിലിരുന്ന് നിലത്തെഴുതുന്ന രീതിയിലായിരുന്നു ആഘോഷം. ഇതോടെ മാച്ച് ഫീയുടെ 50 ശതമാനമാണ് മാച്ച് റഫറി പിഴ ചുമത്തിയത്. അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരെയ്നെ പുറത്താക്കിയും ദിഗ്‌വേഷ് ആഘോഷം ആവർത്തിച്ചെങ്കിലും, പിന്നീട് താരത്തിന് പിഴ ചുമത്തിയില്ല.

English Summary:

Sunil Gavaskar slams IPL lucifer referees for fining Digvesh Rathi for 2nd time

Read Entire Article