11 September 2025, 11:09 AM IST
.jpg?%24p=4874d01&f=16x10&w=852&q=0.8)
സഞ്ജു സാംസൺ | ഫോട്ടോ - x.com/CricCrazyJohns
ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നതില്‍ അന്തിമ ഇലവന്‍ പ്രഖ്യാപിക്കുന്നതുവരെ പലതരത്തിലുള്ള ചര്‍ച്ചകളായിരുന്നു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണിങ്ങിലെത്തിയാല്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നും, അങ്ങനെ വന്നാല്‍ ജിതേഷ് ശര്‍മയെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും മറ്റും പലതരത്തില്‍ വിലയിരുത്തലുകളും വ്യാഖ്യാനങ്ങളുമുണ്ടായി. എന്നാല്‍ സഞ്ജുവും ഗില്ലും ഉള്‍പ്പെടെയുള്ള ഒരു അന്തിമ ഇലവനെ പ്രഖ്യാപിച്ചതോടെ ഇവയെല്ലാം പ്രസക്തമല്ലാതായി. ആദ്യ മത്സരത്തില്‍ യുഎഇയോട് വെറും 27 പന്തുകളില്‍ ജയിച്ച് ഏഷ്യാകപ്പിന് ഇന്ത്യ ഗംഭീര തുടക്കമിടുകയും ചെയ്തു.
സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ കണ്ടെങ്കിലും ഇന്ത്യയുടെ ബാറ്റിങ് ഊഴമെത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയുമാണ് ക്രീസിലെത്തിയത്. ഇതോടെ സഞ്ജു മൂന്നാംസ്ഥാനത്തായിരിക്കും എത്തുക എന്ന് ആരാധകരില്‍ പലരും വിശ്വസിച്ചു. ഇതിനിടെ 16 പന്തില്‍ 30 റണ്‍സെടുത്ത് അഭിഷേക് പുറത്തായി. ഇനി സഞ്ജുവിന്റെ വരവാണെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് വീണ്ടും നിരാശരാവേണ്ടിവന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് മൂന്നാമതായെത്തിയത്. ഗില്ലും സൂര്യകുമാറും ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിക്കുകയും ചെയ്തതോടെ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.
ഇതോടെ സഞ്ജുവിനെ ഇനിയൊരു മധ്യനിര ബാറ്ററായിട്ടായിരിക്കും ടീമില്‍ കാണാനാവുക എന്നത് ഏറക്കുറെ ഉറപ്പായി. അതിനാല്‍ തന്റെ കളിശൈലിയില്‍ വലിയ മാറ്റംവരുത്തേണ്ടിവരും കേരളാ താരത്തിന്. ഒരുപക്ഷേ, അഞ്ചാമതോ ആറാമതോ ആയിരിക്കും സഞ്ജുവിന്റെ സ്ഥാനം. ടീം ഷീറ്റില്‍, ബാറ്റിങ് ഓഡറില്‍ അഞ്ചാമതാണ് സ്ഥാനം.
ഓപ്പണിങ് റോളില്‍ ടി20യില്‍ 34.75 ശരാശരിയും 182 സ്‌ട്രൈക്ക് റേറ്റുമുണ്ട് സഞ്ജുവിന്. മൂന്നാംനമ്പറില്‍ 38.6 ആണ് ശരാശരി. എന്നാല്‍ നാലാം നമ്പറില്‍ ഇത് 19.3 ആണ്. അഞ്ചാംനമ്പറില്‍ 11.3 ആയും കുറയുന്നു. ടി20യില്‍ വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു അഞ്ചോ ആറോ സ്ഥാനങ്ങളില്‍ ഇറങ്ങിയിട്ടുള്ളത്. ഏഷ്യാകപ്പിന് തൊട്ടുമുന്നോടിയായി കേരള ക്രിക്കറ്റ് ലീഗില്‍ മധ്യനിരയില്‍ ബാറ്റുചെയ്തിരുന്നു. അതിനാല്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയല്ലാതെ സഞ്ജുവിന് മുന്നില്‍ മറ്റുവഴികളില്ലെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: From Opener to Middle-Order: Analyzing Sanju Samson's Shifting Role successful India's T20 Setup








English (US) ·