Published: September 07, 2025 04:51 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ തുടക്കത്തിൽ സഞ്ജു സാംസണിന്റെ സ്ഥാനം ബെഞ്ചിൽ ആകുമോ? ദുബായിൽ ഇന്ത്യൻ താരങ്ങളുടെ നെറ്റ്സിലെ പരിശീലനം നടക്കുന്നതിനിടെ എക്സ് പ്ലാറ്റ്ഫോമിൽ ഉയർന്ന ചോദ്യമാണിത്. ബാറ്റർമാരിൽ ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല. ഇതോടെയാണ് ആദ്യ മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് ബിസിസിഐ പരിഗണന നൽകുന്നതെന്ന സൂചനകൾ പുറത്തുവന്നത്.
വിക്കറ്റ് കീപ്പിങ് പരിശീലനത്തിനിടെ ജിതേഷ് ശർമയെ സഞ്ജു സഹായിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ട്വന്റി20യിൽ തകർപ്പൻ ഫോമിലുള്ള സഞ്ജു അവസാന പത്ത് മത്സരങ്ങളിൽ മൂന്നു സെഞ്ചറികൾ നേടിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ഓപ്പണിങ് ഇറങ്ങിയിട്ടാണെന്നതാണു താരത്തിനു തിരിച്ചടിയാകുന്നത്. ഓപ്പണറായി ഇറങ്ങി ശീലിച്ച ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി ഏഷ്യാ കപ്പ് ടീമിലെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്. ഒരു വർഷത്തിനു ശേഷമാണ് ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി ട്വന്റി20 കളിക്കാനൊരുങ്ങുന്നത്.
ഇന്ത്യൻ ടീമിൽ അഞ്ചാം നമ്പരിൽ സഞ്ജു ബാറ്റു ചെയ്തിട്ടുണ്ടെങ്കിലും ഈ പൊസിഷനിൽ താരത്തിനു തിളങ്ങാൻ സാധിച്ചിട്ടില്ല. 62 റൺസ് മാത്രമാണ് അഞ്ചാമനായി ഇറങ്ങി സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ ഐപിഎലിൽ ഫിനിഷർ റോളില്‍ തിളങ്ങിയ ജിതേഷ് ശര്‍മ മികച്ച ഫോമിലാണു കളിക്കുന്നത്. ഇതോടെയാണ് മധ്യനിരയിൽ സഞ്ജുവിനു പകരം ജിതേഷ് ശർമയെ പരിഗണിക്കാനുള്ള സാധ്യത തെളിഞ്ഞത്.
മറ്റു താരങ്ങളെല്ലാം നെറ്റ്സില്‍ ബാറ്റിങ് പരിശീലനം നടത്തുമ്പോൾ സഞ്ജു കാഴ്ചക്കാരനായി മാറിയിരിക്കുകയായിരുന്നെന്നാണു ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തത്. സഞ്ജു ടീമിനൊപ്പം ഫീൽഡിങ് പരിശീലനത്തിനും ഇറങ്ങിയിട്ടില്ല. ബോളിങ്ങിൽ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരും നെറ്റ്സിൽ കഠിനാധ്വാനം ചെയ്തു. സെപ്റ്റംബർ പത്തിന് യുഎഇയ്ക്കെതിരെയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
English Summary:








English (US) ·