ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തില്‍ വിവാദങ്ങള്‍ക്ക് പേരുകേട്ടവരാണ് ഓസ്‌ട്രേലിയക്കാര്‍. എതിരാളികളെ അധിക്ഷേപിച്ചും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടുമെല്ലാം ഓസീസ് താരങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ഓസീസ് ടീമിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവുമ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബാറ്റ് ചെയ്യുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കുനേരെ 'ചോക്ക്' എന്ന പദം തുടര്‍ച്ചയായി ഉപയോഗിച്ചതായാണ് ബവുമ ആരോപിച്ചത്.
ക്രിക്കറ്റില്‍ പലപ്പോഴായി ഉപയോഗിച്ചുവരുന്ന പദമാണ് ചോക്കേഴ്‌സ്. തുടര്‍ച്ചയായി നിര്‍ണായക ഘട്ടങ്ങളില്‍ പരാജയപ്പെടുന്ന, സമ്മര്‍ദ്ദങ്ങള്‍ മറികടക്കാനാവാതെ തോറ്റുപോകുന്ന ടീമുകളെ വിശേഷിപ്പിക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്. വലിയ ടൂർണമെന്റുകളുടെ സെമിയിൽ തോൽന്നവർ എന്ന അധിക്ഷേപം നേരിടുന്ന ദക്ഷിണാഫ്രിക്കൻ ടീമിനെ കളിയാക്കിവിശേഷിക്കുന്നതാണിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് ബവുമയും സംഘവും കിരീടത്തിൽ മുത്തമിട്ടത്.
ഞങ്ങൾ ബാറ്റ് ചെയ്യുമ്പോൾ ഓസീസുകാർ ആ വാക്ക് ഉപയോഗിക്കുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു, 'ചോക്ക്' - ബിബിസി ടെസ്റ്റ് മാച്ച് സ്പെഷ്യലിൽ ബവുമ പറഞ്ഞു. ഞങ്ങൾ ഏറെ വിശ്വാസത്തോടെയാണ് വന്നത്. ഞങ്ങൾ ഫൈനലിലെത്തി, എന്നാൽ സംശയിച്ചവർ ഒരുപാടുപേരുണ്ടായിരുന്നു. ഈ വിജയം അതെല്ലാം ഇല്ലാതാക്കുന്നു. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഒന്നിക്കാനുള്ള ഒരവസരമാണിത്. - ബവുമ പറഞ്ഞു
ഒരു രാജ്യം എന്ന നിലയിൽ ആഘോഷിക്കാനും നമ്മുടെ പ്രശ്നങ്ങളെല്ലാം മറന്ന് ഒന്നിച്ചുചേരാനുമുള്ള ഒരവസരമാണിത്. ഇത് നമ്മുടെ രാജ്യത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സംഘത്തെക്കുറിച്ച് ഒരുപാട് പേർ സംശയമുന്നയിച്ചിരുന്നു. പക്ഷേ ഞങ്ങൾ കളിച്ച രീതി അതെല്ലാം തുടച്ചുനീക്കിയെന്നും ദക്ഷിണാഫ്രിക്കൻ നായകൻ കൂട്ടിച്ചേർത്തു.
ഇനി ആ വാക്ക് കേള്‍ക്കേണ്ടിവരില്ലല്ലോ എന്നാണ് പ്രോട്ടീസ് സ്പിന്നര്‍ കേശവ് മഹാരാജ് പറഞ്ഞത്. എല്ലാ ചോദ്യങ്ങള്‍ക്കും വിജയത്തോടെ ഉത്തരമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന ചീത്തപ്പേരുള്ളവരായിരുന്നു ദക്ഷിണാഫ്രിക്ക. 1992, 1999, 2007, 2015, 2023 ഏകദിന ലോകകപ്പുകളിലെല്ലാം സെമി ഫൈനലില്‍ അവര്‍ക്ക് കാലിടറി. 1996-ലും 2011-ലും ക്വാര്‍ട്ടര്‍ ഫൈനലിലും. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലിലെത്തിയിട്ടും ഇന്ത്യയോട് തോറ്റു. 2009, 2014 ടി20 ലോകകപ്പുകളിലെ സെമി ഫൈനലില്‍ തോറ്റ് പുറത്തായി. 2000, 2002, 2006, 2013, 2025 വര്‍ഷങ്ങളിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലെല്ലാം സെമി ഫൈനലില്‍ കടന്നെങ്കിലും ഒരിക്കല്‍ പോലും ഫൈനല്‍ കളിക്കാന്‍ സാധിക്കാത്തവരായിരുന്നു ദക്ഷിണാഫ്രിക്ക. ഇക്കാലത്തിനിടയ്ക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ രണ്ട് തവണ ക്വാര്‍ട്ടറിലും 12 തവണ സെമിയിലും ഒരു തവണ ഫൈനലിലും ദക്ഷിണാഫ്രിക്ക തോറ്റു.
Content Highlights: Temba Bavumas Allegation Against Australia wtc final








English (US) ·