ബാറ്റിങ്ങിനിടെ കെ.എൽ. രാഹുലിനോട് കയർത്ത് വിരാട് കോലി, ഗ്രൗണ്ടിൽ വൻ തർക്കം- വിഡിയോ

8 months ago 8

ഓൺലൈൻ ഡെസ്ക്

Published: April 28 , 2025 09:48 AM IST Updated: April 28, 2025 09:53 AM IST

1 minute Read

 X@IPL
മത്സരത്തിനിടെ വിരാട് കോലിയും കെ.എൽ. രാഹുലും തർക്കിക്കുന്നു. Photo: X@IPL

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു– ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ഗ്രൗണ്ടില്‍ തർക്കിച്ച് വിരാട് കോലിയും കെ.എൽ. രാഹുലും. വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടെയാണ് വിക്കറ്റ് കീപ്പറായിരുന്ന രാഹുലിനു സമീപത്തെത്തി കുറച്ചുനേരം രോഷത്തോടെ സംസാരിച്ചത്. രാഹുലും തിരിച്ചുപറഞ്ഞതോടെ തർക്കമായി. ഇരുവരുടെയും വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്.

മത്സരത്തിൽ ഡൽ‍ഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആറു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാൽ പാണ്ഡ്യയും (47 പന്തിൽ 73), വിരാട് കോലിയും (47 പന്തിൽ 51) അർധ സെഞ്ചറി നേടി തിളങ്ങി. ജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ആർസിബി ഒന്നാം സ്ഥാനത്തെത്തി.

മറുപടി ബാറ്റിങ്ങിൽ 26 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ആർസിബിയെ വിരാട് കോലിയും ക്രുനാൽ പാണ്ഡ്യയും ചേർന്നാണു വിജയത്തിലേക്കു നയിച്ചത്. മുൻ നിര ബാറ്റർമാരായ ജേക്കബ് ബെതൽ (12 റൺസ്), ദേവ്ദത്ത് പടിക്കൽ (പൂജ്യം), ക്യാപ്റ്റൻ രജത് പാട്ടീദാർ (ആറ്) എന്നിവർക്കു തിളങ്ങാൻ സാധിച്ചില്ല. വിരാട് കോലിയും ക്രുനാൽ പാണ്ഡ്യയും അർധ സെഞ്ചറി നേടി നിലയുറപ്പിച്ചതോടെ ബെംഗളൂരു അനായാസം വിജയത്തിലേക്കു കുതിച്ചു. 51 റൺസെടുത്ത് കോലി പുറത്തായെങ്കിലും, പാണ്ഡ്യയ്ക്കൊപ്പം അഞ്ച് പന്തിൽ 19 റൺസെടുത്ത ടിം ഡേവിഡും തിളങ്ങിയതോടെ 18.3 ഓവറിൽ ബെംഗളൂരു വിജയത്തിലെത്തി.

English Summary:

Virat Kohli, KL Rahul Engage In Heated Exchange During IPL Clash

Read Entire Article