ബാറ്റിങ്ങിനിടെ പന്ത് പിടിച്ചെടുത്തു, അപ്പീൽ ചെയ്ത് കുൽദീപ്; വിരാട് കോലിയുടെ ‘വലിയ പിഴവ്’ കണ്ടില്ലെന്നു നടിച്ച് ഡൽഹി

8 months ago 6

ഓൺലൈൻ ഡെസ്ക്

Published: April 28 , 2025 04:33 PM IST

1 minute Read

വിരാട് കോലി
വിരാട് കോലി

ന്യൂ‍ഡൽഹി∙ ഐപിഎലിലെ ഡൽഹി ക്യാപിറ്റൽസ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ ഡൽഹി ഫീൽഡർ വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് പിടിച്ചെടുത്ത് വിരാട് കോലി. വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു ‘നിയമവിരുദ്ധമായ’ നീക്കം സൂപ്പര്‍ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ആർസിബിയുടെ ചേസിങ്ങിന്റെ സമയത്ത് ഏഴാം ഓവറിലായിരുന്നു സംഭവം.

സ്പിന്നർ വിപ്രജ് നിഗമിന്റെ പന്ത് കോലി അടിച്ച ശേഷം റണ്ണിനായി ഓടിയിരുന്നില്ല. ഈ സമയത്ത് പന്തു പിടിച്ചെടുത്ത ഡൽഹി താരം കുൽദീപ് യാദവ് വിക്കറ്റിനു നേരെ എറിഞ്ഞു. കെ.എൽ. രാഹുൽ പിറകിലുണ്ടായിരുന്നെങ്കിലും വിരാട് കോലി കയ്യുയർത്തി പന്ത് പിടിച്ചെടുത്തു. ശേഷം അത് വിപ്രജ് നിഗമിനു നൽകുകയും ചെയ്തു. നിയമവിരുദ്ധമായ നീക്കം കണ്ട് കുൽദീപ് യാദവ് അംപയറോടു തമാശയായി അപ്പീൽ ചെയ്യുന്നുണ്ട്.

ഡൽഹി താരങ്ങൾ കോലിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഫീൽ‍ഡിങ് തടസ്സപ്പെടുത്തിയതിന് അംപയർക്കു ഔട്ട് വിളിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെയൊരു നീക്കം സംഭവിച്ചിരുന്നെങ്കിൽ മത്സരഫലത്തെ തന്നെ മാറ്റിമറിക്കുന്ന തീരുമാനമാകുമായിരുന്നു. എന്നാൽ ഡൽഹി താരങ്ങൾ കളി തുടരാൻ തീരുമാനിച്ചു.

മത്സരത്തിൽ ഡൽ‍ഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആറു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാൽ പാണ്ഡ്യയും (47 പന്തിൽ 73), വിരാട് കോലിയും (47 പന്തിൽ 51) അർധ സെഞ്ചറി നേടി തിളങ്ങി. ജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ആർസിബി ഒന്നാം സ്ഥാനത്തെത്തി.

English Summary:

Virat Kohli Catches Throw While Batting, Kuldeep Yadav's 'Obstruction' Appeal

Read Entire Article