Published: November 07, 2025 03:04 PM IST Updated: November 07, 2025 03:25 PM IST
1 minute Read
ക്വലൂൺ (ഹോങ്കോങ്) ∙ ഹോങ്കോങ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. മഴ മൂലം കളി തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു.
റോബിൻ ഉത്തപ്പ (11 പന്തിൽ 28), ഭരത് ചിപ്ലി (13 പന്തിൽ 24), സ്റ്റുവർട്ട് ബിന്നി (2 പന്തിൽ 4, ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (6 പന്തിൽ 17*), അഭിമന്യു മിഥുൻ (5 പന്തിൽ 6) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ഉത്തപ്പ മൂന്നു സിക്സും രണ്ടു ഫോറുമടിച്ചു. ചിപ്ലി രണ്ടു സിക്സും രണ്ടു ഫോറുമടിച്ചപ്പോൾ, ഒരു സിക്സും രണ്ടു ഫോറുമാണ് കാർത്തിക്കിന്റെ ബാറ്റിൽനിന്നു പിറന്നത്. പാക്കിസ്ഥാനായി മുഹമ്മദ് ഷഹ്‌സാദ് രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ ഓപ്പണർമാരായ ഖവാജദ് നഫായ് (9 പന്തിൽ 18*), മാസ് സദാഖത്ത് (3 പന്തിൽ 7) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ ഇരുവരും ചേർന്ന് 18 റൺസെടുത്തു. എന്നാൽ രണ്ടാം ഓവറിൽ, സദാഖത്തിന്റെ സ്റ്റുവർട്ട് ബിന്നി വീഴ്ത്തി. ഇതോടെ ആ ഓവറിൽ ഏഴു റൺസ് മാത്രമാണ് അവർക്കു നേടാനായത്.
മൂന്നാം ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. അപ്പോൾ 18 പന്തിൽനിന്ന് 46 റൺസാണ് പാക്കിസ്ഥാനു വേണ്ടിയിരുന്നത്. എന്നാൽ മഴ മാറാതെ വന്നതോടെ മഴനിയമപ്രകാരം രണ്ടു റൺസിന് ഇന്ത്യ വിജയിക്കുകയായിരുന്നു. 1.4 മുതൽ 2.1 ഓവർ വരെ തുടർച്ചയായ നാലു പന്തുകൾ ഡോട്ട് ബോളുകളായതാണ് പാക്കിസ്ഥാനു തിരിച്ചടിയായത്. ഇന്ത്യൻ വിജയത്തിൽ ഇതു നിർണായകമാകുകയും ചെയ്തു.
ജയത്തോടെ പൂൾ സിയിൽ ഇന്ത്യയ്ക്ക് രണ്ടു പോയിന്റായി. പൂൾ സിയിലെ തന്നെ മറ്റൊരു മത്സരത്തിൽ, കുവൈത്തിനെ പാക്കിസ്ഥാൻ നാലു വിക്കറ്റിനു തോൽപ്പിച്ചു. കുവൈത്ത് ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം, അവസാന പന്തിലാണ് പാക്കിസ്ഥാൻ മറികടന്നത്. ക്യാപ്റ്റൻ അബ്ബാസ് അഫ്രീദിയുടെ കിടിലൻ ബാറ്റിങ്ങാണ് പാക്കിസ്ഥാനു തുണയായത്. 12 പന്തിൽ 55 റൺസെടുത്ത് അബ്ബാസ്, അഞ്ചാം ഓവറിൽ തുടർച്ചയായ ആറു പന്തും സിക്‌സറിനു പറത്തി. ഇതടക്കം എട്ടു സിക്സാണ് അബ്ബാസ് അടിച്ചുകൂട്ടിയത്.
രണ്ടു മത്സരങ്ങളിൽനിന്ന് രണ്ടു പോയിന്റുള്ള പാക്കിസ്ഥാനാണ് നിലവിൽ പൂൾ സീയിൽ ഒന്നാമത്. നാളെ കുവൈത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നാല് പൂളുകളിലായി 12 ടീമുകളാണ് ഹോങ്കോങ് സിക്സസിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, കുവൈത്ത് എന്നീ ടീമുകളാണ് പൂൾ സീയിലുള്ളത്.
English Summary:








English (US) ·