'ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നകാര്യം എല്ലാവരോടും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധാനംചെയ്യാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായിട്ടാണ് കാണുന്നത്. ഇക്കാലമത്രയും നല്‍കിയ വലിയ പിന്തുണയ്ക്ക് നന്ദി. ഏകദിന ക്രിക്കറ്റില്‍ രാജ്യത്തിനായി കളിക്കുന്നത് തുടരും.' - ഇങ്ങനെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച ഏതാനും വാക്കുകള്‍ കൊണ്ടാണ് താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ അറിയിച്ചത്. മറ്റൊരു സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലും രോഹിത് വിരമിക്കുന്ന കാര്യം പോസ്റ്റ് ചെയ്തിട്ടില്ല. പൂര്‍ണ മനസോടെയല്ല ഈ വിരമിക്കലെന്നാണ് ഇതിലൂടെ വായിച്ചെടുക്കാന്‍ സാധിക്കുന്നത്.
രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടിത്തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അടുത്തിടെ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ജൂണില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി ഒരു യുവതാരത്തെ ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാനും തീരുമാനമായതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ യോഗത്തിന് ദിവസങ്ങള്‍ക്കു ശേഷമാണ് അപ്രതീക്ഷിതമായി രോഹിത്തിന്റെ ഭാഗത്തു നിന്ന് വിരമിക്കല്‍ തീരുമാനം വരുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ രോഹിത് ടി20-യില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ടെസ്റ്റും അവസാനിപ്പിച്ചു കഴിഞ്ഞു. ഏകദിനത്തില്‍ തുടര്‍ന്നു കളിക്കും എന്ന് പറയുമ്പോഴും അതിനി എത്ര നാളത്തേക്കെന്നത് അവ്യക്തം. പ്രായം കണക്കിലെടുത്തല്ല താരത്തെ ടെസ്റ്റില്‍ നിന്ന് മാറ്റാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്തെ രോഹിത്തിന്റെ മോശം ഫോം തന്നെയാണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തം.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് കഴിഞ്ഞ മാസം സെലക്ടര്‍മാര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച മുംബൈയില്‍ വെച്ചു നടന്ന യോഗത്തില്‍ സെലക്ഷന്‍ കമ്മിറ്റി തങ്ങളുടെ നിലപാട് ബിസിസിഐയെ അറിയിക്കുകയും ചെയ്തു. സെലക്ടര്‍മാരുടെ നിര്‍ദേശം വ്യക്തമാണ്. ഇംഗ്ലണ്ട് പര്യടനത്തിന് അവര്‍ക്ക് പുതിയൊരു ക്യാപ്റ്റനെ വേണം. ടെസ്റ്റിലെ ഫോം കണക്കിലെടുക്കുമ്പോള്‍ രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ചിന്തിക്കാനാകില്ല. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിനായി ഒരു യുവ ക്യാപ്റ്റനെ വളര്‍ത്തിയെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി താത്പര്യപ്പെടുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പര പോലൊരു മോശം പ്രകടനം ആവര്‍ത്തിക്കാന്‍ ഇടനല്‍കില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.
കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 6.20 ആയിരുന്നു രോഹിത്തിന്റെ ബാറ്റിങ് ശരാശരി. അഞ്ച് ഇന്നിങ്സുകളിലായി നേടാന്‍ സാധിച്ചത് വെറും 31 റണ്‍സ്. ട്രേഡ്മാര്‍ക്കായ പുള്‍ ഷോട്ട് പോലും കൃത്യതയോടെ കളിക്കാന്‍ സാധിക്കാത്ത രോഹിത്തിനെയാണ് പരമ്പരയില്‍ കണ്ടത്. മോശം ഫോം കാരണം പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് സ്വയം മാറിനില്‍ക്കാന്‍ പോലും രോഹിത്തിന് തയ്യാറാകേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസീലന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 15.16 മാത്രമായിരുന്നു. ആ പരമ്പര 3-0നാണ് ഇന്ത്യ തോറ്റത്. ഓസീസ് പരമ്പരയോടെ തന്നെ രോഹിത് ടെസ്റ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടെസ്റ്റിലെ സമീപകാല ഫോം കണക്കിലെടുത്ത് രോഹിത്തുമായി മുന്നോട്ടുപോകാന്‍ സെലക്ഷന്‍ കമ്മിറ്റി മടിച്ചു എന്നുതന്നെ വേണം കരുതാന്‍. ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നെങ്കില്‍ മോശം ഫോമിലാണെങ്കില്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താം. പക്ഷേ ക്യാപ്റ്റനായാല്‍ അങ്ങിനെ സാധിക്കില്ലല്ലോ. ടീമിനെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് സെലക്ഷന്‍ കമ്മിറ്റി മുന്‍കൈ എടുത്തത്.
67 ടെസ്റ്റുകളില്‍ നിന്ന് 40.57 ആണ് രോഹിത്തിന്റെ ബാറ്റിങ് ശരാശരി. ഇന്ത്യയ്ക്ക് പുറത്തുള്ള ടെസ്റ്റുകളില്‍ അത് 31.01 ആയി കുറഞ്ഞു. ഓസ്ട്രേലിയയില്‍ 24.38-ഉം ദക്ഷിണാഫ്രിക്കയില്‍ 16.63-ഉം ആണ്. ഇംഗ്ലണ്ടില്‍ പക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ ടെസ്റ്റില്‍ രോഹിത്തിന് 44.66 ശരാശരിയുണ്ട്.
ഇന്ത്യന്‍ ടീം ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. ടി20 ടീമില്‍ ആ മാറ്റം പ്രകടം. പ്രകടനം മാത്രമാണ് ടീമില്‍ നിലനില്‍ക്കാനുള്ള മാനദണ്ഡം. രോഹിത്തിന്റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം തന്നെയാണ് ശരിയെന്ന നിലപാടാണ് ഭൂരിപക്ഷത്തിനും. ബാറ്ററായും ക്യാപ്റ്റനായും ആത്മവിശ്വാസക്കുറവുള്ള ഒരു കളിക്കാരനെ മാറ്റിനിര്‍ത്തുന്നതു തന്നെയാണ് നല്ല തീരുമാനം. മറുവശത്ത് പകരമെത്തുന്നത് ഒരു 25-വയസുകാരനാണെന്നും അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനിയും എത്രയോ വര്‍ഷം ബാക്കിയുണ്ടെന്നും ഓര്‍ക്കണം.
Content Highlights: India`s Rohit Sharma announces status from Test cricket aft mediocre caller form. His captaincy wa








English (US) ·