ബാറ്റിങ്ങിൽ സ്മൃതിയും ഷെഫാലിയും, ബോളിങ്ങിൽ വൈഷ്‌ണവിയും അരുന്ധതിയും; ലങ്കയുടെ ‘അതിമോഹം’ 30 റൺസകലെ അവസാനിപ്പിച്ച് ഇന്ത്യ

3 weeks ago 2

തിരുവനന്തപുരം ∙ ജയിക്കണം, ജയിക്കണം എന്ന് ശ്രീലങ്കയ്ക്ക് അതിയായ മോഹമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ ലക്ഷ്യബോധത്തോടെയുള്ള ബോളിങ്ങിനു മുന്നിൽ അത് ‘അതിമോഹം’ ആയി മാറുന്നതിനാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ ടോട്ടൽ എത്തിപ്പിടിക്കാൻ ശ്രീലങ്ക പരമാവധി പൊരുതിയെങ്കിലും സാധിച്ചില്ല. ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ശ്രീലങ്കയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയിൽ 4–0 എന്ന നിലയിൽ ഇന്ത്യ ലീഡുയർത്തി. അവസാന മത്സരം 30ന് കാര്യവട്ടത്തു തന്നെ നടക്കും.

മറുപടി ബാറ്റിങ്ങിറിൽ, മികച്ച തുടക്കമാണ് ഓപ്പണർമാരായ ഹാസിനി പെരേരയും (20 പന്തിൽ 33), ക്യാപ്റ്റൻ ചമരി അത്തപ്പത്തുവും (37 പന്തിൽ 52) ചേർന്നു ശ്രീലങ്കയ്ക്കു നൽകിയത്. തുടക്കം മുതൽ ഇരുവരും ഇന്ത്യൻ ബോളർമാരെ കണക്കിന് പ്രഹരിച്ചതോടെ ലങ്കൻ സ്കോർ അതിവേഗം കുതിച്ചു. നാലാം ഓവറിൽ ലങ്കയുടെ സ്കോർ 50 കടന്നു. ഈ പരമ്പരയിൽ തന്നെ ആദ്യമായാണ് ഒരു കൂട്ടുകെട്ടിൽ ലങ്ക അമ്പതിലധികം സ്കോർ നേടുന്നത്. എന്നാൽ പവർപ്ലേയിലെ അവസാന ഓവറിൽ ഹാസിനിയെ വീഴ്ത്തി അരുന്ധതി റെഡ്ഡി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ലങ്ക.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച ചമരി അത്തപ്പത്തു– ഇമേഷ ദുലാനി സഖ്യവും ലങ്കയ്ക്കു പ്രതീക്ഷ നൽകി. അർധസെഞ്ചറിയുമായി ചമരി മുന്നിൽനിന്നു നയിച്ചപ്പോൾ ഇമേഷ, 28 പന്തിൽ 29 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 13–ാം ഓവറിൽ അത്തപ്പത്തുവിനെ പുറത്താക്കി വൈഷ്ണവി ശർമയാണ് കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. പിന്നീട് ലങ്കയ്ക്കു തിരിച്ചവരാനായില്ല. വൈഷ്ണവിയും അരുന്ധതിയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ശ്രീചരണി ഒരു വിക്കറ്റ് വീഴ്ത്തി.

∙ റെക്കോർഡ് ടോട്ടൽ

പരമ്പരയിലെ ഹാർട്രിക് അർധസെഞ്ചറിയുമായി ഷെഫാലി വർമ (46 പന്തിൽ 79), ആദ്യ അർധസെഞ്ചറിയുമായി ഫോമിലേക്കെത്തി സ്മൃതി മന്ഥന (48 പന്തിൽ 80), കാമിയോ റോളിൽ റിച്ച ഘോഷിന്റെ (16 പന്തിൽ 40*) വെട്ടിക്കെട്ട്. ബാറ്റർമാരുടെ കിടിലൻ പ്രകടനത്തിലാണ് ശ്രീലങ്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ ഉയർത്തിയത്. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. വനിതാ ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2024ൽ വെസ്റ്റിൻഡീസിനെതിരെ കുറിച്ച 217 റൺസിന്റെ റെക്കോർഡാണ് മറികടന്നത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും ഷെഫാലിയും ചേർന്ന് 162 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടും സൃഷ്ടിച്ചു.

പരമ്പരയിൽ ആദ്യമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ആ ‘കുറവ്’ അങ്ങ് പരിഹരിക്കുന്ന രീതിയിലാണ് തുടക്കം മുതൽ ശ്രീലങ്കൻ ബോളർമാരെ പ്രഹരിച്ചത്. പരമ്പരയിൽ ഇതുവരെ കാര്യമായ പ്രകടനം നടത്താതിരുന്ന സ്മൃതി മന്ഥനയാണ് പവർപ്ലേയുടെ ആദ്യ പകുതിയിൽ മിന്നിയത്. പിന്നീട് ഷെഫാലി ആക്രമണം ഏറ്റെടുത്തു. ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് സ്മൃതി തുടങ്ങിയത്. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 61 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.

     ശ്രീലങ്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ഷെഫാലി വർമയും സ്മൃതി മന്ഥനയും ബാറ്റിങ്ങിനിടെ.(PTI Photo)

ശ്രീലങ്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ഷെഫാലി വർമയും സ്മൃതി മന്ഥനയും ബാറ്റിങ്ങിനിടെ.(PTI Photo)

ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസെന്ന നാഴികക്കല്ലും സ്മൃതി പിന്നിട്ടു. 280 ഇന്നിങ്സുകളിൽനിന്നാണ് സ്മൃതിയുടെ നേട്ടം. ഇതോടെ 291 ഇന്നിങ്സുകളിൽനിന്ന് 10,000 റൺസ് തികച്ച മിതാലി രാജിന്റെ റെക്കോൽഡും സ്മൃതി തകർത്തു. പവർപ്ലേയ്ക്കു പിന്നാലെ ഷെഫാലി കത്തിക്കയറിയതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു. 11–ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ഇതിനിടെ ഷെഫാലി തുടർച്ചയായ മൂന്നാം അർധസെഞ്ചറിയും തികച്ചു. തൊട്ടടുത്ത ഓവറിൽ സ്മൃതിയും ഫിഫ്റ്റിയടിച്ചു. 32 പന്തിൽ 37 റൺസുണ്ടായിരുന്നു സ്മൃതി, പിന്നീട് 7 പന്തിൽ 26 റൺസാണ് അടിച്ചുകൂട്ടിയത്. ആകെ 3 സിക്സും 11 ഫോറുമാണ് സ്മൃതിയുടെ ബാറ്റിൽനിന്നു പിറന്നത്. ഷെഫാലി ഒരു സിക്സും 12 ഫോറുമടിച്ചു.

16–ാം ഓവറില രണ്ടാം പന്തിൽ ഷെഫാലിയെ പുറത്താക്കി നിമാഷ മധുഷാനിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 162ൽ എത്തിയിരുന്നു. വനിതാ ടി20യിൽ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണിത്. 2019ൽ വെസ്റ്റൻഡീസിനെതിരെ സ്മൃതി മന്ഥന, ഷെഫാലി സഖ്യം നേടിയ 143 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഷെഫാലി പുറത്തായതിന്റെ തൊട്ടടുത്ത ഓവറിൽ തന്നെ സ്മൃതിയെയും ഇന്ത്യയ്ക്കു നഷ്ടമായി. എന്നാൽ മൂന്നാമതായി ഇറങ്ങിയ റിച്ച ഘോഷിന്റെ (16 പന്തിൽ 40*) കിടിലൻ ബാറ്റിങ് ഇന്ത്യൻ സ്കോർ 200 കടത്തുകയായിരുന്നു. മൂന്നു സിക്സും നാലും ഫോറുമാണ് റിച്ചയുടെ ബാറ്റിൽനിന്നു പിറന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 10 പന്തിൽ 16 റൺസെടുത്ത് പുറത്താകാതെ നിന്നു.

∙ ജമീമ ഇല്ല

ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റു ചെയ്യുന്നത്. രണ്ടു മാറ്റങ്ങളുമായാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. അസുഖ ബാധിതയായ ജമീമ റോഡ്രീഗ്സ്, ക്രാന്തി ഗൗഡ് എന്നിവർ പ്ലേയിങ് ഇലവനിൽനിന്നു പുറത്തായപ്പോൾ ഹർലീൻ ഡിയോൾ, അരുന്ധതി റെഡ്ഡി എന്നിവർ ടീമിലെത്തി. ശ്രീലങ്കൻ ടീമിലും രണ്ടു മാറ്റമുണ്ട്. രശ്മിക സേവൻഡി, കാവ്യ കാവിന്ദി എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

English Summary:

India Women vs Sri Lanka Women, 4th T20I- Match Updates

Read Entire Article