ചൊവ്വാഴ്ച പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ ഗ്രൗണ്ടിലെത്തിയ കൊൽക്കത്തയുടെ അവസാന ബാറ്റർ ആൻറിച് നോർട്യയെ അംപയർ തടഞ്ഞു. കാരണം, നോർട്യയുടെ ബാറ്റിന് കനക്കൂടുതൽ. കനംകുറഞ്ഞ പുതിയ ബാറ്റുമായാണ് നോർട്യയ്ക്കു ക്രീസിൽ കയറാൻ അംപയർ അനുമതി നൽകിയത്. ബാറ്റിൽ കൃത്രിമം കാട്ടിയാൽ ഗ്രൗണ്ടിൽവച്ച് കയ്യോടെ പിടികൂടുന്ന പുതിയ ഐപിഎൽ ചട്ടത്തിലെ ‘പ്രതി’കളിലൊരാളാണു നോർട്യ.
നിയമത്തിനു പിന്നിൽ ?
ഫീൽഡിൽവച്ച് ബാറ്റ് പരിശോധന നടത്തുന്ന ആദ്യ ടൂർണമെന്റാണ് ഐപിഎൽ. മത്സരത്തലേന്നു ടീമുകളുടെ ഡ്രസിങ് റൂമിലെത്തി അംപയർമാർ ബാറ്റുകൾ പരിശോധിക്കുന്നതാണ് ക്രിക്കറ്റിലെ പതിവ്. എന്നാൽ, ഇതിനുശേഷം കളിക്കാർ ബാറ്റുകളിൽ മാറ്റംവരുത്താറുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നടപടി. പന്തുമായി സമ്പർക്കം വരുന്ന ബാറ്റിന്റെ അടിഭാഗത്തു കനംകൂട്ടിയും ഹാൻഡിലിനോടു ചേർന്നുള്ള ഭാഗത്തു കനംകുറച്ചും ഷോട്ടുകളുടെ ‘പവർ’ കൂട്ടാൻ ശ്രമിക്കുന്നത് തടയുകയാണ് ഐപിഎലിന്റെ ലക്ഷ്യം.
കുടുങ്ങിയത് നരെയ്നും നോർട്യയും
കൊൽക്കത്ത ഓപ്പണർ സുനിൽ നരെയ്നും ബോളർ ആൻറിച് നോർട്യയുമാണ് ഇതുവരെ ബാറ്റ് പരിശോധനയിൽ പരാജയപ്പെട്ട 2 പേർ. രണ്ടുപേരും പുതിയ ബാറ്റ് ഉപയോഗിച്ചാണു പിന്നീടു കളിച്ചത്. ബെംഗളൂരു താരങ്ങളായ ഫിൽ സോൾട്ട്, ദേവ്‌ദത്ത് പടിക്കൽ, മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രാജസ്ഥാന്റെ ഷിമ്രോൺ ഹെറ്റ്മെയർ തുടങ്ങിയവരുടെയെല്ലാം ബാറ്റുകൾ ഇതിനകം പരിശോധിച്ചു.
പരിശോധന എങ്ങനെ ?
ബാറ്റിന്റെ കനം, അടിഭാഗത്തെ വീതി എന്നിവ ഐസിസി നിയമപ്രകാരമാണോയെന്നു പരിശോധിക്കും. ഇതിനായി അംപയറുടെ കയ്യിലുള്ള ഉപകരണത്തിലൂടെ (ബാറ്റ് ഗേജ്) ബാറ്റ് കടത്തിവിടും. ഓപ്പണർമാരുടെ ബാറ്റുകൾ ഇന്നിങ്സിനു മുൻപായി ഫോർത്ത് അംപയർ പരിശോധിക്കും. അതിനുശേഷം ഗ്രൗണ്ടിൽ ഫീൽഡ് അംപയർ പരിശോധിക്കും. അളവിൽ ക്രമക്കേടു കണ്ടെത്തിയാൽ പുതിയ ബാറ്റ് എത്തിക്കാൻ ആവശ്യപ്പെടും. ഹാൻഡിൽ (പിടി): ബാറ്റിന്റെ നീളത്തിന്റെ 52 ശതമാനം വരെ.
അമിതഭാരം പ്രശ്നമല്ല !
ബാറ്റിന്റെ തൂക്കത്തിന്റെ കാര്യത്തിൽ ഐസിസിക്കും ഐപിഎലിനും കടുംപിടിത്തമില്ല. എത്ര ഭാരമുള്ള ബാറ്റും താരങ്ങൾക്ക് ഉപയോഗിക്കാം.
നിലവിൽ ഉപയോഗിക്കുന്ന ബാറ്റുകളുടെ ശരാശരി ഭാരം: 1.16– 1. 20 കി.ഗ്രാം
ക്രിക്കറ്റ് ബാറ്റിന്റെ പരമാവധി അളവ് നീളം: 96.4 സെന്റിമീറ്റർ
എഡ്ജിന്റെ കനം: 6.7 സെന്റിമീറ്റർ
താഴ്ഭാഗത്തെ വീതി: 10.8 സെന്റിമീറ്റർ
താഴ്ഭാഗത്തെ കനം: 4 സെന്റിമീറ്റർ
English Summary:








English (US) ·