Published: November 22, 2025 07:39 AM IST Updated: November 22, 2025 07:46 AM IST
1 minute Read
-
ശുഭ്മൻ ഗിൽ കളിക്കില്ല; ഋഷഭ് പന്ത് ക്യാപ്റ്റൻ
ഗുവാഹത്തി∙ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ അഭാവം ഒരു വശത്ത്, പരിശീലകൻ ഗൗതം ഗംഭീർ നേരിട്ടുകൊണ്ടിരിക്കുന്ന വിമർശനങ്ങൾ മറുവശത്ത്, ഇതിനെല്ലാം അപ്പുറം പരമ്പര നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയും; ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ന് ഗുവാഹത്തിയിലെ ബർസാപാരാ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ അടിമുടി സമ്മർദത്തിൽ കുളിച്ചാണ് ടീം ഇന്ത്യയുടെ നിൽപ്. രണ്ടു മത്സര പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.
മറുവശത്ത് ആദ്യ മത്സരം ആവേശപ്പോരാട്ടത്തിലൂടെ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ടെസ്റ്റിൽ സമനില പോലും സന്തോഷം. മത്സരം രാവിലെ 9 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ഇന്ത്യൻ ആശങ്കസ്പിൻ ബോളർമാർക്കെതിരായ മുൻനിര ബാറ്റർമാരുടെ ദയനീയ പ്രകടനമാണ് സമീപകാല ടെസ്റ്റ് മത്സരങ്ങളിൽ ടീം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ലീഡ് നേടിയിട്ടുപോലും ടീമിനെ തോൽവിയിലേക്ക് തള്ളിയിട്ടത് ഈ ‘സ്പിൻ പേടി’ ആയിരുന്നു. മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി ഒരു ഇന്ത്യൻ താരത്തിനു പോലും അർധ സെഞ്ചറി നേടാൻ സാധിച്ചില്ല.
ആകെ 12 വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരാണ് ഇന്ത്യയെ കൊൽക്കത്തയിൽ ചുരുട്ടിക്കെട്ടിയത്. പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനവുമായി തിളങ്ങിയ സൈമൺ ഹാമറായിരുന്നു സന്ദർശകരുടെ ആക്രമണത്തിനു ചുക്കാൻ പിടിച്ചത്. ഗുവാഹത്തിയിലും ഹാമർ തന്നെയാകും ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളി ഉയർത്താൻ പോകുന്നത്.
ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ അഭാവവും ടീമിന് തിരിച്ചടിയാകും. ഗില്ലിനു പകരം നായകനായി കന്നിയങ്കത്തിന് ഇറങ്ങുന്ന ഋഷഭ് പന്തിന്റെ നേതൃപാടവവും ബാറ്റിങ് മികവും മത്സരത്തിൽ നിർണായകമാകും. ഗില്ലിനു പകരം സായ് സുദർശൻ ഇലവനിൽ എത്തും.
ഒരുങ്ങി ഗുവാഹത്തിടെസ്റ്റ് മത്സരങ്ങൾക്ക് വേദിയൊരുക്കുന്ന ഇന്ത്യയിലെ 30–ാം സ്റ്റേഡിയമാണ് ഗുവാഹത്തിയിലേത്. മുൻപ് ഏകദിന, ട്വന്റി20 മത്സരങ്ങൾ നടന്നിട്ടുണ്ടെങ്കിലും രാജ്യാന്തര ടെസ്റ്റ് മത്സരം ഗുവാഹത്തിയിലേക്ക് എത്തുന്നത് ഇതാദ്യം. ചുവന്ന മണ്ണ് ഉപയോഗിച്ചുള്ള പിച്ചാണ് ഗുവാഹത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യ രണ്ടു ദിനം പേസർമാർക്കു പിന്തുണ കിട്ടും.
ആദ്യം ടീ, പിന്നാലെ ലഞ്ച്പതിവിനു വിപരീതമായി രണ്ടാം ടെസ്റ്റിൽ ടീ ബ്രേക്കിനു ശേഷമാകും ലഞ്ച് ബ്രേക്ക് ഉണ്ടാകുക. ഗുവാഹത്തിയിൽ വൈകിട്ട് 4 മണിയോടെ വെളിച്ചം കുറയുന്നതു പരിഗണിച്ചാണ് സമയക്രമത്തിലും സെഷനുകളിലും മാറ്റം കൊണ്ടുവന്നത്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയായിരിക്കും മത്സരം. 11 മണിക്ക് ആദ്യ സെഷൻ അവസാനിക്കും. 11.20 വരെ ടീ ബ്രേക്ക്. പിന്നാലെ 1.20 വരെ രണ്ടാം സെഷൻ. 2 മണി വരെ ലഞ്ച്. 2 മുതൽ 4 വരെ മൂന്നാം സെഷൻ എന്ന ക്രമത്തിലാകും മത്സരം.
പന്ത് @38ടെസ്റ്റിൽ ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിനും ഗുവാഹത്തി വേദിയാകും. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന 38–ാം ക്യാപ്റ്റൻ എന്ന നേട്ടമാണ് ഗുവാഹത്തിയിൽ പന്തിനെ കാത്തിരിക്കുന്നത്. എം.എസ്.ധോണിക്കു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത്.
English Summary:








English (US) ·