Published: December 25, 2025 04:14 PM IST
1 minute Read
-
വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ 22 സെഞ്ചറികൾ
-
ഒഡീഷ താരം സ്വാസ്തിക് സമാലിന് ഇരട്ട സെഞ്ചറി (212)
-
പതിനാലുകാരൻ വൈഭവിന് സെഞ്ചറി (190); റെക്കോർഡ്
-
രോഹിത് ശർമയ്ക്കും (155) വിരാട് കോലിക്കും സെഞ്ചറി (131)
-
32 പന്തിൽ സെഞ്ചറി നേടി ബിഹാർ താരം സാക്കിബുൽ ഗനി
-
ടീം ടോട്ടലിൽ റെക്കോർഡിട്ട് ബിഹാർ (6ന് 574)
ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ വിവിധ മത്സരങ്ങളിലായി ഒരു ഇരട്ട സെഞ്ചറിയടക്കം പിറന്നത് 22 സെഞ്ചറികൾ! ഇടവേളയ്ക്കു ശേഷം വിജയ് ഹസാരെ കളിക്കാനിറങ്ങിയ സീനിയർ താരങ്ങളായ രോഹിത് ശർമയും (155) വിരാട് കോലിയും (131) സെഞ്ചറിയോടെ തിളങ്ങിയപ്പോൾ ഒഡീഷ താരം സ്വാസ്തിക് സമാലാണ് ഇരട്ട സെഞ്ചറി (212) നേടി ഞെട്ടിച്ചത്.
വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് (190) പത്ത് റൺസ് അകലെ ഇരട്ട സെഞ്ചറി നഷ്ടമായെങ്കിലും വൈഭവ് ഉൾപ്പെടെ 3 താരങ്ങളുടെ സെഞ്ചറി മികവിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് അടിച്ചെടുത്ത ബിഹാർ, ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി. 32 പന്തിൽ സെഞ്ചറി തികച്ച ബിഹാർ ക്യാപ്റ്റൻ സാക്കിബുൽ ഗനി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറി പേരിലാക്കി. മത്സരത്തിൽ അരുണാചൽ പ്രദേശിനെ 397 റൺസിനു തോൽപിച്ച ബിഹാർ, ലിസ്റ്റ് എയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയ മാർജിനും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ത്രിപുരയെ 145 റൺസിനു തോൽപിച്ച കേരള ടീമും തുടക്കം ഗംഭീരമാക്കി.
രോ–കോ സൂപ്പർ
മുംബൈയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിക്കിം 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 94 പന്തിൽ 9 സിക്സും 18 ഫോറുമായി 155 റൺസ് അടിച്ചെടുത്ത രോഹിത് ശർമയുടെ ബലത്തിൽ 30.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കണ്ടു. രോഹിത് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ ഡൽഹിക്കു വേണ്ടിയായിരുന്നു കോലിയുടെ സെഞ്ചറി പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ കോലിയുടെ സെഞ്ചറിക്കരുത്തിൽ (101 പന്തിൽ 3 സിക്സും 14 ഫോറുമടക്കം 131 റൺസ്) 37.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം കണ്ടു. രോഹിത് 7 വർഷത്തിനു ശേഷവും കോലി 15 വർഷത്തിനു ശേഷവുമാണ് വിജയ് ഹസാരെ കളിക്കുന്നത്.
വിഷ്ണുവിന് സെഞ്ചറി: കേരളത്തിന് ജയം
സീനിയർ താരം വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ചറിയുടെ (62 പന്തിൽ 102 നോട്ടൗട്ട്) ബലത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ത്രിപുരയ്ക്കെതിരെ 145 റൺസിനായിരുന്നു കേരളത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 348 റൺസെടുത്തു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (92 പന്തിൽ 94), ബാബ അപരാജിത് (73 പന്തിൽ 64) എന്നിവരും കേരളത്തിനായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ത്രിപുര 36.5 ഓവറിൽ 203ന് ഓൾഔട്ടായി. 5.5 ഓവറിൽ 15 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ബാബ അപരാജിതിന്റെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനമാണ് ത്രിപുരയെ തകർത്തത്.
English Summary:








English (US) ·