22 September 2025, 10:05 AM IST

സാഹിബ്സാദ ഫർഹാൻ തോക്കുചൂണ്ടുന്നതുപോലെ ആംഗ്യം കാണിച്ച് ഫിഫ്റ്റി നേട്ടമാഘോഷിക്കുന്നു | ഫോട്ടോ - പിടിഐ
ദുബായ്: ഞായറാഴ്ച ഇന്ത്യക്കെതിരേ നടന്ന ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനുവേണ്ടി ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറിയോടെ മോശമല്ലാത്ത തുടക്കം നല്‍കിയിരുന്നു. പാക് നിരയിലെ ടോപ് സ്‌കോററും സാഹിബ്‌സാദാ തന്നെ. എന്നാല്‍ മത്സരത്തിനിടെ ബാറ്ററുടെ അതിരുകവിഞ്ഞ ആഘോഷം, ഒരു വലിയ വിവാദത്തിന് തിരികൊളുത്തി.
പവര്‍പ്ലേയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കുനേരെ കടന്നാക്രമണം നടത്തിയ അദ്ദേഹം മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളും സഹിതം 45 പന്തില്‍ 58 റണ്‍സ് നേടി. ആദ്യ പത്തോവറില്‍ പാകിസ്താന്‍ 91 റണ്‍സ് നേടിയിരുന്നു. ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ സിക്‌സറിന് പറത്തിയാണ് സാഹിബ്‌സാദാ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തൊട്ടുപിന്നാലെ ഫര്‍ഹാന്‍ ഡഗ്ഔട്ടിലേക്ക് തിരിഞ്ഞ് ബാറ്റ് ഒരു തോക്കുപോലെ ഉപയോഗിച്ച് വെടിവെയ്ക്കുന്ന ആംഗ്യം കാണിച്ചു. ആഘോഷപ്രകടനം വ്യാപകമായി സംപ്രേക്ഷണം ചെയ്യപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
സാഹിബ്‌സാദായുടെ പ്രകടനം കണ്ട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സായിം അയ്യൂബ് വിസ്മയത്തോടെ നോക്കിനില്‍ക്കുകയും തുടര്‍ന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് 15-ാം ഓവറില്‍ ശിവം ദുബെയാണ് സാഹിബ്‌സാദായെ പവലിയനിലേക്ക് മടക്കിയത്. താരത്തിന്റെ പെരുമാറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വലിയ രാഷ്ട്രീയ-വൈകാരിക പശ്ചാത്തലത്തിലുള്ള മത്സരത്തില്‍ ഒരു ബാറ്റര്‍ വിവേകശൂന്യമായി പെരുമാറിയെന്ന് ഇന്ത്യന്‍ ആരാധകര്‍ ആരോപിക്കുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഫര്‍ഹാന്റെ ആംഗ്യത്തെ പഹല്‍ഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധപ്പെടുത്തി രൂക്ഷമായ ആക്രമണം നടത്തി.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചു. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മയും ഗില്ലുമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പാക് ബൗളര്‍മാരെ നിലംതൊടീച്ചില്ല. 30 റണ്‍സെടുത്ത തിലക് വര്‍മയുടെ ഇന്നിങ്‌സും ജയത്തില്‍ നിര്‍ണായകമായി.
Content Highlights: Pakistan Batsman's Gun Gesture Sparks Outrage astatine Asia Cup Amid Political Tensions








English (US) ·