ലോർഡ്‌സ്: ക്രിക്കറ്റ് എന്നാൽ ലോർഡഡ് കൂടിയാണ്. ചരിത്രവും മഹത്തായ പോരാട്ടവിജയങ്ങളുമെല്ലാം ചേർന്നുകിടക്കുന്നയിടം. അവിടെ പിച്ചിൽ പച്ചപരവതാനി വിരിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്നാം ടെസ്റ്റിന് ശുഭ്മാൻ ഗില്ലും കൂട്ടരും ഇറങ്ങുമ്പോൾ വിജയത്തിന്റെ പച്ചത്തുരുത്തിലേക്ക് എത്തുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകവും.
ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം വ്യാഴാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. രണ്ടുമത്സരങ്ങൾ കഴിഞ്ഞപ്പോൾ 1-1 ന് തുല്യതയിലാണ് ടീമുകൾ. ഇംഗ്ലണ്ട് പതിവുപോലെ നേരത്തേതന്നെ ടീമിനെ പ്രഖ്യാപിച്ചു. പേസർ ജോഫ്ര ആർച്ചർ ടീമിലേക്കെത്തി. ജോഷ് ടങ് പുറത്തായി. ഇന്ത്യൻ ടീമിലേക്ക് ജസ്പ്രീത് ബുംറ മടങ്ങിയെത്തും.
പേസർമാരുടെ കളി
ആദ്യരണ്ട് ടെസ്റ്റിൽ ബാറ്റർമാരാണ് കളി നിയന്ത്രിച്ചതെങ്കിൽ ലോർഡ്‌സിൽ കളിമാറും. പേസർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പിച്ചിൽ പച്ചപ്പുണ്ട്. ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നിവരുടെ പ്രകടനമാകും ഇന്ത്യക്ക് നിർണായകമാകുന്നത്. പേസും ബൗൺസുമുള്ള പിച്ചിൽ ബുംറ അപകടകാരിയാണ്. താളം കണ്ടെത്തിയാൽ സിറാജിനെ തളയ്ക്കാനും ഇംഗ്ലീഷ് ബാറ്റർമാർ ബുദ്ധിമുട്ടും. ആകാശ് കരിയറിലെ മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്.
ആർച്ചറെ ടീമിൽ ഉൾപ്പെടുത്തി ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേഗംകൊണ്ടും ആക്രമണോത്സുകതകൊണ്ടും ഇന്ത്യൻ ബാറ്റർമാരെ വെള്ളം കുടിപ്പിക്കാൻ കഴിവുള്ള പേസറാണ് ആർച്ചർ. എന്നാൽ, അടുത്തിടെ ടെസ്റ്റിൽ കളിച്ചില്ലെന്ന പോരായ്മയുണ്ട്. ക്രിസ് വോക്സ്, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ബ്രെണ്ടൻ കാഴ്‌സ് എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. സ്പിന്നർ ഷൊയ്ബ് ബഷീറിനെ ടീമിൽ നിലനിർത്തിയിട്ടുണ്ട്.
ക്ഷമ വേണം
പിച്ച് പേസിനെ തുണയ്ക്കുന്നതാണെങ്കിൽ ക്ഷമയോടെ കളിക്കുകയെന്നതാകും പ്രധാനം. ഇന്ത്യൻ ബാറ്റർമാരിൽ കെ.എൽ. രാഹുലും ഗില്ലുമാണ് അത്തരത്തിൽ കളിക്കാൻ കഴിയുന്നവർ. മൂന്നാം നമ്പറിൽ കരുൺ നായർ അല്ലെങ്കിൽ സായ് സുദർശനാകും. 430 റൺസുമായി മുന്നിൽനിന്ന് നയിക്കുന്ന ഗില്ലിന്റെ പ്രകടനമാകും ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമാകുന്നത്.
ഇംഗ്ലണ്ടിന് മുൻനിരയുടെ പ്രകടനം നിർണായകമാണ്. ബെൻ ഡെക്കറ്റ്, സാക് ക്രോളി, ഒലി പോപ്പ് എന്നിവർക്ക് മികച്ച അടിത്തറയിടാൻ കഴിഞ്ഞാൽ മധ്യനിര ബാറ്റർമാരായ ജോറൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് എന്നിവർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകും. ലോർഡ്‌സിൽ മികച്ച റെക്കോഡുള്ള റൂട്ടിന്റെ പ്രകടനം ഇംഗ്ലണ്ടിനും നിർണായകമാണ്.
ഇംഗ്ലണ്ട് ടീം
സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രെണ്ടൻ കാഴ്‌സ്,. ജോഫ്ര ആർച്ചർ, ഷോയ്ബ് ബഷീർ
Content Highlights: india england lords trial match








English (US) ·