Published: September 03, 2025 03:39 PM IST
1 minute Read
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സഞ്ജു സാംസണെ മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. തിലക് വർമയെ മാറ്റിനിർത്തി സഞ്ജുവിനെ വൺഡൗണായി പരിഗണിക്കണമെന്നാണ് കൈഫിന്റെ നിലപാട്. കഴിഞ്ഞ വർഷത്തെ ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന എല്ലാ ട്വന്റി20 മത്സരങ്ങളിലും സഞ്ജുവും അഭിഷേക് ശർമയുമായിരുന്നു ടീം ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഏഷ്യാകപ്പിൽ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലും ടീമിലുണ്ട്.
അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറാകാനാണു സാധ്യത. അങ്ങനെയെങ്കിൽ സഞ്ജുവിന് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവരും. ഈ സാഹചര്യത്തിലാണ് മലയാളി താരത്തെ വണ്‍ഡൗണാക്കണമെന്ന ആവശ്യം മുൻ ഇന്ത്യൻ താരം ഉയർത്തിയത്. മധ്യ ഓവറുകളിൽ റാഷിദ് ഖാനെ പോലെയുള്ള അഫ്ഗാൻ സ്പിന്നറെ തുടർച്ചയായി സിക്സർ പറത്താൻ സഞ്ജു വേണമെന്നാണ് കൈഫിന്റെ നിലപാട്.
‘‘ഐപിഎലിൽ കൂടുതൽ സിക്സടിക്കുന്ന താരങ്ങളിൽ ആദ്യ പത്തിൽ സഞ്ജുവുണ്ടാകും. അതുകൊണ്ടാണ് റാഷിദ് ഖാനെപ്പോലൊരു സ്പിന്നർ പന്തെറിയാനെത്തുമ്പോൾ, മിഡിൽ ഓവറുകളിൽ സിക്സറുകൾ പറത്താൻ സഞ്ജു വേണമെന്നു ഞാൻ വിശ്വസിക്കുന്നത്. ബാറ്റിങ്ങിന് ഏറ്റവും ബുദ്ധിമുട്ടുള്ള ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ചറികൾ അടിച്ച താരമാണ്. പേസും സ്പിന്നും നന്നായി കളിക്കാൻ അറിയാം. ഐപിഎലിൽ എല്ലാ സീസണിലും 400–500 റൺസ് സ്കോർ ചെയ്യാറുണ്ട്.’’
‘‘ഏഷ്യാ കപ്പ് സ്ക്വാഡിലെ സീനിയർ താരങ്ങളിലൊരാളാണ് സഞ്ജു. 2015ൽ അരങ്ങേറ്റ മത്സരം കളിച്ച സഞ്ജു കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് വിജയിച്ച ടീമിലുമുണ്ടായിരുന്നു. സഞ്ജു എല്ലാ മത്സരങ്ങളിലും കളിച്ചിട്ടില്ല. പക്ഷേ കളിച്ചപ്പോഴെല്ലാം 180 സ്ട്രൈക്ക് റേറ്റിലാണ് സ്കോർ കണ്ടെത്തിയത്. കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു തകർത്തടിക്കുകയാണ്.’’– മുഹമ്മദ് കൈഫ് വ്യക്തമാക്കി.
English Summary:








English (US) ·