
ഉസ്മാൻ ഡെംബലെ, ഐറ്റാന ബോൻമാറ്റി | ഫോട്ടോ - എപി
പാരീസ്: ലോകത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാൻ ഡെംബലെയ്ക്ക്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബാഴ്സലോണയുടെ കൗമാര താരം ലാമിന്‍ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്‌കാരം നേടിയത്. ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോൾ ഏർപ്പെടുത്തിയ പുരസ്‌കാരം തിങ്കളാഴ്ച രാത്രി പാരീസിലാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവെച്ചത്. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഇതിന് പുറമേ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.
മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് താരമായ ഐറ്റാന ബോന്‍മാറ്റി സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐറ്റാന ബാലണ്‍ദ്യോര്‍ സ്വന്തമാക്കുന്നത്. വിക്കി ലോപസാണ് മികച്ച വനിത യുവ താരം. ലാമിന്‍ യമാല്‍ മികച്ച പുരുഷ യുവ താരമായി. 21 വയസ്സില്‍ താഴെയുള്ളവരിലെ മികച്ച താരത്തിനുള്ള കോപ്പ അവാര്‍ഡിന് തുടര്‍ച്ചയായ രണ്ടാംതവണയാണ് ലാമിന്‍ യമാല്‍ അര്‍ഹനാകുന്നത്. സ്‌പെയിന്‍കാരനായ യമാല്‍, കഴിഞ്ഞ സീസണില്‍ മൊത്തം 18 ഗോളും 21 അസിസ്റ്റും നേടി.
മികച്ച കോച്ചായി പിഎസ്ജിയുടെ ലൂയി എൻറിക്കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ പരിശീലകയ്ക്കുള്ള യൊഹാന്‍ ക്രൈഫ് അവാര്‍ഡ് ഇംഗ്ലണ്ട് വനിതാ ടീം കോച്ച് സറിന വീഗ്മന്‍ നേടി. ബാലൺ ദ്യോർ പുരസ്‌കാരച്ചടങ്ങ് സ്പാനിഷ് ക്ലബ്ബായ റയൽ മഡ്രിഡ് ബഹിഷ്‌കരിച്ചു.
സ്പാനിഷ് മധ്യനിരതാരം റോഡ്രിയായിരുന്നു കഴിഞ്ഞതവണത്തെ മികച്ച പുരുഷതാരം. ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് മാധ്യമപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്.
പുരുഷവിഭാഗത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള പുരസ്‌കാരം ഇറ്റലിയുടെയും മാഞ്ചെസ്റ്റര്‍ സിറ്റിയുടെയും ഗോള്‍വല കാത്ത ജിയാന്‍ലൂജി ഡൊണ്ണറുമ്മ നേടി. 2021-ലും ഡൊണ്ണറുമ്മ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. മികച്ച വനിതാ ഗോള്‍ക്കീപ്പര്‍ക്കുള്ള പുരസ്‌കാരം ചെല്‍സിയുടെയും ഇംഗ്ലണ്ടിന്റെയും ഗോള്‍വല കാത്ത ഹന്ന ഹാംപ്ടണ്‍ നേടി.
Content Highlights: Ousmane Dembélé wins his archetypal Ballon d`Or grant for his stellar show with PSG.








English (US) ·