ബാലന്‍ ദി ബോയ്

1 month ago 7

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

ഹൃദയം മുറിച്ചെടുക്കുന്ന ഒന്നാം പകുതി, ഒരല്‍പം വലിഞ്ഞു പോകുന്നുണ്ടോ എന്ന് സംശയിക്കുന്നിടത്ത് പ്രേക്ഷകരെ മുഴുവന്‍ അത്ഭുതപരതന്ത്രരാക്കുന്ന രണ്ടാം പകുതി- ഇങ്ങനെയൊക്കെ സിനിമ ചെയ്യാനാവുമോ എന്നു ചോദിപ്പിച്ച് അവസാനിക്കുന്നു ബാലന്‍ ദി ബോയ്. ജാന്‍ എ മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിങ്ങനെ രണ്ട് ഴോണറുകളില്‍ ചെയ്ത സംവിധായകന്റെ മൂന്നാമത്തെ ചലച്ചിത്രത്തിനും പ്രത്യേകതകള്‍ ഏറെ.

നാടകീയതയും അവിശ്വസനീയതയും ചേര്‍ത്തൊരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലറാണ് ബാലന്‍. കണ്ടുപരിചയമുള്ള സൈക്കോളജിക്കല്‍ രീതിക്കപ്പുറത്തേക്കാണ് ഈ സിനിമയുടെ സഞ്ചാരം. മനുഷ്യ മനസ്സിന് സഞ്ചരിക്കാനാവുന്നത്രയും ദുരൂഹതയിലും ആഴത്തിലുമാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്.

പുതിയ താരങ്ങളെ ഉപയോഗപ്പെടുത്തി സംവിധായകന്‍ ചിദംബരം തന്റെ കഥാപാത്രങ്ങളെ ആവിഷ്‌ക്കരിച്ചെടുക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും മുന്‍വിധികളൊന്നുമുണ്ടാകുന്നില്ല. സിനിമയെ 'ഫ്രഷ്' കാഴ്ചപ്പാടില്‍ സമീപിക്കാനാവും.

ഫര്‍സാന പാലത്തിങ്കലിന്റെ അമ്മയും ആദിശേഷനും സിനാനും അവതരിപ്പിക്കുന്ന മകനുമൊക്കെ വെള്ളിത്തിരയിലെത്തുമ്പോള്‍ അവര്‍ക്ക് മുന്‍ കഥാപാത്രങ്ങളുടെ കെട്ടുപാടുകളില്ലാത്തതിനാല്‍ ആ കഥാപാത്രങ്ങള്‍ അവര്‍ തന്നെയാണെന്ന് തോന്നിപ്പിക്കും. ഇവരെ കൂടാതെ ടൊവിനോ തോമസിന്റെ അബ്ബാസും ജീന്‍ പോള്‍ ലാലിന്റെ പവിത്രനും ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ പൊലീസ് ഇന്‍സ്‌പെക്ടറും മുത്തശ്ശി കഥാപാത്രത്തെ അവിസ്മരണീയമാക്കിയ അമ്മച്ചിയുമൊക്കെ വരുന്നു. മുത്തശ്ശിയെ അവതരിപ്പിച്ച നടി തന്നെയാണ് തുടക്കത്തില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന ശബ്ദവും കൊടുത്തിരിക്കുന്നത്. പതിവ് ശബ്ദങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മോഹിനിയാട്ടത്തില്‍ കലാരഞ്ജിനി ശബ്ദം നല്‍കിയതുപോലെ ബാലനിലും നിയമപരമായ മുന്നറിയിപ്പ് ശ്രദ്ധിക്കപ്പെടും.

ടൊവിനോ തോമസ് എന്ന നായകന്‍ തനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വേഷങ്ങള്‍ താരഭാരമില്ലാതെ ഇതിനു മുമ്പും പല തവണ ചെയ്ത് കാണിച്ചിട്ടുണ്ട്. ബാലനിലും അദ്ദേഹം അതാവര്‍ത്തിക്കുന്നു. ടൊവിനോ എന്ന നായക സങ്കല്‍പ്പത്തിനല്ല അബ്ബാസ് എന്ന കഥാപാത്രത്തിനാണ് ഇവിടെ പ്രാധാന്യം. അബ്ബാസിനായി തന്റെ സിക്‌സ് പാക് ലുക്കിനെ മാറ്റിവെച്ചിട്ടുണ്ട് ടൊവിനോ. വയറൊരല്‍പം ചാടി, പല്ലിന് കറ പിടിച്ച് അലസനും എന്നാല്‍ ലക്ഷ്യബോധമുള്ളവുനുമായി ടൊവിനോ തന്റെ നേരത്തെ സ്‌ക്രീന്‍ സ്‌പേസ് പിടിച്ചെടുക്കുന്നുണ്ട്.

പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ച്, ആവശ്യത്തിന് മാത്രം അവരെ പിന്തുണക്കാന്‍ വിരലിലെണ്ണാവുന്നവരെ ചേര്‍ത്ത് ഒരു സിനിമാക്കഥയ്ക്ക് മനോഹരമായി മുമ്പോട്ടു പോകാനാവുമെന്ന് ബാലന്‍ കാണിച്ചു തരുന്നുണ്ട്.

എന്താ നിനക്കു വേണ്ടതെന്ന ചോദ്യത്തോട് 'അമ്മ' എന്ന ഉത്തരം പറയുന്ന ബാലന്റെ മുഖവവും ഭാവവും സംഭാഷണ ശൈലിയുമൊക്കെ പ്രേക്ഷകരെ കൊളുത്തിവലിച്ചേക്കും. പ്രധാന കഥാപാത്രങ്ങള്‍ക്ക് നിയതമായൊരു പേരില്ലാത്തതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് ബാലന്‍ എന്ന പേരുതന്നെയാണ് അനുയോജ്യം. കാരണം, മുതിരുമ്പോഴും അവന്‍ അമ്മയെ തേടുന്ന ആ പഴയ ബാലന്‍ തന്നെയായി നിലനില്‍ക്കുന്നുണ്ട്.

അനുഭവങ്ങള്‍ അത്രമേല്‍ കഠോരമായതിനാലാവും ആ അമ്മയും മകനും കഥകളില്‍ തന്നെ ജീവിച്ചത്. ഇടുക്കിയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് കേരളത്തിലെ പല ജില്ലകളിലൂടെ സഞ്ചരിക്കുന്ന അവര്‍ പലയിടത്തും പല പേരുകാരാണ്. പിടിച്ചു നിന്നേപറ്റൂ എന്നിടത്ത് ഒരു പെണ്ണ് നടത്തുന്ന അതിജീവനവും അവിടങ്ങളിലെല്ലാം വിജയിക്കാനാവുമെന്ന അവളുടെ ആത്മവിശ്വാസവും തന്നെയാണ് ഈ സിനിമയുടെ കരുത്തായി വര്‍ത്തിക്കുന്നത്.

ഒരുപക്ഷേ, തിയേറ്ററിന്റെ ഇരുളിലും നിശ്ശബ്ദതയിലുമല്ലാതെ ഈ സിനിമ അത്രയേറെ ആസ്വദിക്കാനാവില്ല. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയില്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും സിനിമ ആവശ്യപ്പെടുന്ന സംഗീതവും മാത്രമേ കേള്‍ക്കുകയുള്ളു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ടല്ല, ജീവിതാനുഭവങ്ങളുടെ കോര്‍ത്തിണക്കലുകളിലൂടെയാണ് സിനിമ മുമ്പോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകന്‍ തന്റെ ഹൃദയമിടിപ്പു പോലും തിരിച്ചറിയും. സംഭാഷണങ്ങള്‍ കൊണ്ട് മാത്രമല്ല, നിശ്ശബ്ദതകൊണ്ടും ആശയം പകര്‍ന്നുതരുന്നുണ്ട് ബാലന്‍.

balan the lad  og

ഫര്‍സാനയും ആദിശേഷനും അതിമനോഹരമായാണ് അഭിനയിച്ചിരിക്കുന്നത്. ഫര്‍സാനയുടെ അഭിനയമാണ് ഏറ്റവും എടുത്തുപറയേണ്ടത്. ഏത് പ്രതിസന്ധിയിലും തന്റേയും മകന്റേയും വ്യക്തിത്വം അടിയറവെക്കാതെയും സ്വത്വം വെളിപ്പെടുത്താതെയും ഓരോ സാഹചര്യത്തിനും അനുയോജ്യമായി ഫര്‍സാന തന്നെ മാറ്റിയെടുത്ത് പണിതുവെച്ചിരിക്കുകയാണ് സിനിമയില്‍.

വളരെ ചെറിയൊരു ഭാഗത്താണെങ്കില്‍ പോലും ബീന ആന്റണിയുടെ ഷംനത്ത കാഴ്ചക്കാരുടെ മനസ്സില്‍ നിന്ന് ഇറങ്ങിപ്പോകില്ല. ലോഹിതദാസിന്റെ സൂത്രധാരനില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച ദേവുമ്മയുടെ അത്രയും നീളമോ പ്രാധാന്യമോ ഇല്ലാതിരുന്നിട്ടു പോലും ബീന ആന്റണിയുടെ ഷംനത്ത അതേ ഷേഡിലുള്ള കഥാപാത്രത്തെ മികവിന്റെ അങ്ങേതലക്കലാണ് കൊണ്ടുവെച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബീന ആന്റണിയെ ബിഗ് സക്രീനില്‍ കാണുന്നത്.

അന്‍വര്‍ അലിയുടെ വരികളും സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ക്യാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും കൂടി ചേരുന്നതോടെ ചിദംബരമെന്ന സംവിധായകന്‍ തനിക്കെന്താണ് കാണിക്കാനുള്ളതെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. സംവിധായകനെന്ന നിലയില്‍ നേരത്തെ തന്നെ തന്റെ ഇടം ഉറപ്പിച്ച ചിദംബരം ബാലനിലൂടെ വ്യത്യസ്ത രീതികളിലുള്ള തന്റെ ചിന്താഗതി കൂടിയാണ് അവതരിപ്പിക്കുന്നത്. ഈ സംവിധായകന്‍ തന്നെയാണ് രണ്ടു മാസം മുമ്പ് പുറത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തില്‍ സിനിമയില്‍ വില്ലനായി അഭിനയിച്ചതും.

മഞ്ഞുമ്മല്‍ ബോയ്‌സിനു പിന്നാലെ ബാലനിലും നടന്‍ ഗണപതി തന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ സ്‌കില്‍ പ്രകടമാക്കുന്നു. ജിത്തു മാധവനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. രോമാഞ്ചത്തിനും ആവേശത്തിനും വേണ്ടി തൂലിക ചലിപ്പിക്കുകയും ആവേശം സംവിധാനം നിര്‍വഹിക്കുകയും ചെയ്ത അതേ വ്യക്തിയാണ് ബാലന്‍ രചന നിര്‍വഹിച്ചിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമാകും. അടിമുടി ദുരൂഹത നിറച്ചുവെച്ചപ്പോഴും ഒരു സ്ത്രീയുടെ അതിജീവനത്തെ സംശയങ്ങളുടെ ഒരിഴപോലും ബാക്കി നല്‍കാതെ പകര്‍ത്തിവെച്ചിട്ടുണ്ട്.

കെ വി എന്‍ പ്രൊഡക്ഷന്‍സിന്റേയും തെസ്പിയന്‍ ഫിലിംസിന്റേയും ബാനറില്‍ ബേക്കര്‍ നൈനാന്‍ ഫെന്‍, ശൈലജ ദേശായി ഫെന്‍, വെങ്കട്ട് കെ നാരായണ എന്നിവര്‍ ചേര്‍ന്നാണ് ബാലന്‍ ദി ബോയ് നിര്‍മിച്ചത്. സിനിമയുടെ പോസ്റ്റര്‍ ഡിസൈനിംഗില്‍ പോലും ബാലന്‍ മികവ് കാണിച്ചിട്ടുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഈ ചിത്രം മികച്ച അഭിപ്രായം നേടിയത് വെറുതെയല്ല.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article